നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കി

 

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കേണ്ടവരെ സംബന്ധിച്ചും ഓക്‌സിലറി ബൂത്തുകളെ സംബന്ധിച്ചും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച അഞ്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍മാരാണ് ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് ക്ലാസ് എടുത്തത്. ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ ഘടിപ്പിക്കുന്നത് സംബന്ധിച്ചും ഇത്തവണ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീന്റെ സവിശേഷതകളെ സംബന്ധിച്ചും ക്ലാസില്‍ വിവരിച്ചു. വിവിപാറ്റ് എം ത്രീ മെഷീനുകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. ബെല്‍ എന്ന കമ്പനിയാണ് ഈ മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. മുന്‍പ് ഉപയോഗിച്ചിരുന്ന മെഷീനുകളില്‍ നിന്നും മെച്ചപ്പെട്ട രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

മെഷീനുകള്‍ പരസ്പരം ഘടിപ്പിച്ചു കഴിഞ്ഞാല്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ഡിസ്‌പ്ലേയില്‍ ബാറ്ററിയുടെ ശതമാനം കാണാന്‍ സാധിക്കും. ഇത് അനുസരിച്ച് ബാറ്ററി മാറ്റി സ്ഥാപിക്കാനും കഴിയും. ഒരു കണ്‍ട്രോള്‍ യൂണിറ്റില്‍ 24 ബാലറ്റ് യൂണിറ്റുകള്‍ വരെ ഘടിപ്പിക്കാന്‍ സാധിക്കും. വിവിപാറ്റ് മെഷീന്റെ സഹായത്തോടെ പരമാവധി 384 സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ 24 ബാലറ്റ് യൂണിറ്റുകളിലായി ശേഖരിക്കാം.

മെഷീനിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടായ മാറ്റത്തോടൊപ്പം തന്നെ മോക്പോള്‍ നടത്തുന്ന സമയത്തിലും മാറ്റം ഉണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന മോക്‌പോള്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന സമയത്തിന് ഒന്നര മണിക്കൂര്‍ മുന്‍പായി നടത്തണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരിക്കണം മോക് പോള്‍ നടത്തേണ്ടതെന്നും പരിശീലനത്തില്‍ വിശദീകരിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനിയുടെ സാന്നിധ്യത്തില്‍ ട്രെയിനിംഗ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് നവാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.കെ. അജികുമാര്‍, എബി എബ്രഹാം, പി.എ. സുനില്‍, ജയദീപ്, ഹരീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്നാണ് ക്ലാസുകള്‍ നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *