നേരിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പോലും പരിശോധനയ്ക്ക് തയാറാകണം- ഡിഎംഒ

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പോലും പരിശോധനയ്ക്ക് തയാറാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു

പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസം മുട്ടല്‍, മണമോ രുചിയോ നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം നിരീക്ഷണത്തില്‍ തുടരുകയും, കോവിഡ് പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണം. പരിശോധനയ്ക്ക് വിധേയരാകാതെ മറ്റുളളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ രോഗവ്യാപനത്തിനുളള സാധ്യത കൂടും. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സൗജന്യമാണ്.

ജില്ലയില്‍ കോവിഡ്-19 പരിശോധന നടത്തുന്ന സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങള്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പളളി താലൂക്ക് ആശുപത്രി, വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രം, ഓതറ കുടുംബാരോഗ്യ കേന്ദ്രം, കുമ്പഴ നഗര ആരോഗ്യ കേന്ദ്രം, റാന്നി മേനാംതോട്ടം ആശുപത്രി, പന്തളം അര്‍ച്ചന ആശുപത്രി, അടൂര്‍ ഗ്രീന്‍വാലി, ചാത്തങ്കരി സി.എം.എസ്.എല്‍.പി.എസ്.
കൂടുതല്‍ രോഗികളുളള സ്ഥലങ്ങളില്‍ വച്ച് റാപ്പിഡ് ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്നതിനുളള സംവിധാനവുമുണ്ട്.

ഇതു കൂടാതെ അംഗീകാരമുളള സ്വകാര്യ ലാബുകളിലും പരിശോധന നടത്താം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിന് സമീപത്തുളള പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാം. സംശയ നിവാരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരായ 0468 2228220 ല്‍ വിളിക്കാം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. അതിനാല്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, രണ്ടു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണം.

ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട് റിവേഴ്സ് ക്വാറന്റൈന്‍ ഉറപ്പാക്കണം. അനാവശ്യ യാത്രകളും കൂടിചേരലുകളും ഒഴിവാക്കണം. കൊറോണ വൈറസ് നമുക്കിടയില്‍ തന്നെ സജീവമായി നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ഡിഎംഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *