നദീസംരക്ഷണത്തിന് പമ്പാ ആക്ഷന്‍ പ്ലാന്‍ മാതൃക:രാജു ഏബ്രഹാം എംഎല്‍എ

 

കേരളത്തിലെ നദികളുടെ സംരക്ഷണത്തിന് മാതൃകാ പദ്ധതിയായാണ് പമ്പാ ആക്ഷന്‍ പ്ലാനെ കൊണ്ടുവരുന്നതെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വടശേരിക്കര നരിക്കുഴി പുലിപ്പാറ തടത്തില്‍ സംഘടിപ്പിച്ച മികവിന്റെ അഞ്ചു വര്‍ഷങ്ങള്‍ ഫോട്ടോ പ്രദര്‍ശനത്തിലെ പമ്പാ നദിതീര ജൈവ വൈവിധ്യ പുനരുജ്ജന പരിപാടിയുടെ ഉദ്ഘാടന ഫോട്ടോ വീക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

പമ്പാ നദിയുടെ പുനരുജ്ജീവനവും പമ്പാ നദിയുടെ സംരക്ഷണവും നമ്മുടെ നാടിന്റെ പ്രധാനപ്പെട്ട ആവശ്യമാണ്. 1996 ല്‍ താന്‍ ഉള്‍പ്പെടുന്ന നിയമസഭാ പരിസ്ഥിതി കമ്മറ്റിയാണ് പമ്പാ ആക്ഷന്‍ പ്ലാന് രൂപം കൊടുക്കുന്നതിനുളള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചതെന്ന് എംഎല്‍എ. പറഞ്ഞു. തുടര്‍ന്ന് 1998 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും 2003 ല്‍ കേന്ദ്രസര്‍ക്കാര്‍ പമ്പാ ആക്ഷന്‍ പ്ലാന് വേണ്ടി അനുവദിച്ച 12 കോടി രൂപയും, സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ചു കോടി രൂപയും ഉപയോഗിച്ച് പമ്പാ ആക്ഷന്‍ പ്ലാന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി.

രണ്ടാം ഘട്ടവും, മൂന്നാം ഘട്ടവും ആയി കുട്ടനാട് വരെയുളള പമ്പാ നദിയെ സംരക്ഷിക്കുന്ന കേരളത്തിലെ ആദ്യത്തെ റിവര്‍ ആക്ഷന്‍ പ്ലാനാണ് നടപ്പാക്കുന്നത്. ആയിരം കോടി രൂപയുടെ പദ്ധതിയാണ് രണ്ടാമത് വിഭാവനം ചെയ്തിട്ടുളളത്. ഇതു സംബന്ധിച്ച് പമ്പാ അതോറിറ്റി രൂപീകരിച്ചു. തുടര്‍ന്ന് ഈ സര്‍ക്കാര്‍ വന്നതിനുശേഷം വീണ്ടും പമ്പാ നദിയെ സംബന്ധിച്ച് വളരെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഇറിഗേഷന്‍ വകുപ്പ് മുഖേന തയാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

കൂടാതെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ പമ്പാ പുനരുദ്ധാരണ പാക്കേജ് റാന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തിരുന്നു. എല്ലാ നദികളും ആക്ഷന്‍ പ്ലാനിലൂടെ സംരക്ഷിക്കപ്പെടണം. മുഖ്യമന്ത്രി പറഞ്ഞതു പോലെ എല്ലാ നദികളിലെയും ജലം ശുദ്ധീകരിക്കാതെ കുടിക്കാന്‍ കഴിയുന്ന വിധത്തില്‍ ശുദ്ധമാക്കി സംരക്ഷിക്കുന്നതു ലക്ഷ്യമിട്ടാണ് മുന്നോട്ടു പോകുന്നതെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *