പത്തനംതിട്ട ജില്ലയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം

 

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിയന്ത്രണങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി(ഡിഡിഎംഎ) യോഗത്തില്‍ തീരുമാനം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതകുറവ് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 124 ആക്ടീവ് കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് ബാനര്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്‍കും. ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകള്‍ക്ക് ഓരോ സെക്ടറല്‍ മജിസ്‌ട്രേറ്റിനെ വീതം നിയോഗിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റികളില്‍ മൂന്നു സെക്ടറല്‍ മജിസ്ട്രേറ്റുമാരെ വീതവും നിയോഗിച്ചിട്ടുണ്ട്.

കോവിഡ് കേസുകള്‍ കുറഞ്ഞ പഞ്ചായത്തുകള്‍ക്കും സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്തുകളുടെ ഗ്രാമസഭകള്‍ ചേരുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കണം. ഗ്രാമസഭകള്‍ അങ്കണവാടികള്‍ പോലെ ഇടുങ്ങിയ സ്ഥലത്ത് ചേരാതെ സ്‌കൂളുകള്‍ പോലെ കൂടുതല്‍ തുറസായ സ്ഥലത്ത് ചേരുന്നത് ഉറപ്പാക്കണം. മീറ്റിംഗുകളും മറ്റ് ചടങ്ങുകളും നടത്തുമ്പോള്‍ പോലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും പരിശോധന നടത്തുന്നത് ഉറപ്പാക്കണം.

ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരും പോലീസും പ്രത്യേക ശ്രദ്ധ നല്‍കണം. വിവാഹം, ആളുകള്‍ കൂടുന്ന മറ്റ് ചടങ്ങുകള്‍ നടക്കുമ്പോള്‍ പോലീസിനെ വിവരം അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു.
സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അവരുടെ പരിധിയിലെ പോലീസ് എസ്എച്ച്ഒമാരുമായി ദിവസവും ആശയവിനിമയം നടത്തണം. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന കഴിഞ്ഞ ദിവസങ്ങളിലായി നല്ല രീതിയില്‍ നടക്കുന്നതായി കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് റാന്‍ഡം പരിശോധന നടത്താനും യോഗം തീരുമാനിച്ചു.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് റാന്‍ഡം പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി.

പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍, ഡി.എം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷ്മി, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *