റാന്നി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയും സ്പര്‍ശിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
ശബരിമലയുടെ പ്രധാന ഇടത്താവളമായി നിലയ്ക്കലിനെ വികസിപ്പിക്കുന്നതിന് 150 കോടിയുടെ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. 130 കോടിയുടെ നിലയ്ക്കല്‍ ജലവിതരണ പദ്ധതിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 700 കോടി രൂപ വിനിയോഗിച്ച് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത നിര്‍മാണം അവസാനഘട്ടത്തിലാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ 24 റോഡുകളെ കോര്‍ത്തിണക്കി അഞ്ചു പദ്ധതികളിലാക്കി ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കി.
ദേശിയപാതാ നിലവാരത്തിലേക്ക് മാത്തുംചാല്‍ – മുക്കൂട്ടുതറ, വാലാങ്കര-അയിരൂര്‍, ജേക്കബ്സ് റോഡ്, ചെറുകാല്‍പ്പുഴ – മണിയാര്‍, തെള്ളിയൂര്‍കാവ് – വലിയകാവ്, വയ്യാറ്റുപുഴ- പൊതിപ്പാട് എന്നിവ നിര്‍മ്മിച്ചു. പെരുന്തേനരുവി, മണിയാര്‍ ടൂറിസം പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി.
ജില്ലയിലെ ഏറ്റവും വലിയ പാലമായ റാന്നി പാലത്തിന്റെ നിര്‍മ്മാണം നടന്നുവരുന്നു. 317 മീറ്ററാണ് പാലത്തിന്റെ നീളം. പാലത്തിന് ഇരുവശത്തും നടപ്പാതയോടുകൂടി 12 മീറ്റര്‍ വീതിയിലാണ് നിര്‍മ്മാണം നടത്തുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തിന് കിഫ്ബി ഫണ്ടില്‍ നിന്നും 27 കോടി രൂപയാണ് അനുവദിച്ചത്.
ലൈഫ് മിഷനിലൂടെ റാന്നി നിയോജക മണ്ഡലത്തില്‍ 599 പാവപ്പെട്ടവര്‍ക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാല്‍കരിച്ചു. മഹാ പ്രളയത്തില്‍ വീട് നാഷ്ടപ്പെട്ട റാന്നി താലൂക്കിലെ 65 വീടുകള്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം മിഷനിലൂടെ റാന്നി നിയോജക മണ്ഡലത്തിലെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനും ചികിത്സാ സൗകര്യങ്ങള്‍ മികച്ചതാക്കാനും കഴിഞ്ഞു. അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ചേത്തയ്ക്കല്ലിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് നടപടികള്‍ സ്വീകരിച്ചു.
അയിരൂരില്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ആരംഭിച്ചു. മണ്ഡലത്തിലെ നാല് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 12 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച വെച്ചൂച്ചിറ പോളിടെക്നിക്കിന് സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാക്കി. ഗവ. ഐടിഐക്ക് കെട്ടിട നിര്‍മാണം തുടങ്ങി.
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമ പരിഹാരത്തിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു പ്രാവര്‍ത്തികമാക്കി. പെരുനാട്-അത്തിക്കയം, അങ്ങാടി-കൊറ്റനാട്, അയിരൂര്‍, എഴുമറ്റൂര്‍, കോട്ടാങ്ങല്‍, റാന്നി മേജര്‍, ചെറുകോല്‍-നാരങ്ങാനം തുടങ്ങിയ കുടിവെള്ള പദ്ധതികള്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചു. റാന്നിയില്‍ ഡിവൈഎസ്പി ഓഫീസ് പ്രഖ്യാപനം ഉടനുണ്ടാകും.
കാറ്ററിങ് കോളേജ് (ഫുഡ് ക്രാഫ്റ്റ് കോളേജ്) അനുവദിച്ചു. തിരുവാഭരണ പാതയിലെ പേച്ചാല്‍ പാലം പൂര്‍ത്തിയാക്കി. റാന്നി, വടശ്ശേരിക്കര എന്നിവിടങ്ങളില്‍ പുതിയ പാലങ്ങളുടെ നിര്‍മാണം നടന്നുവരുന്നു. പുതിയ ആറു പാലങ്ങള്‍ക്കുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. കിസുമം, കരുമ്പന്‍മൂഴി, അറയാത്തിലിമണ്‍, പുത്തൂര്‍പടി, ഏഞ്ചല്‍വാലി എന്നിവിടങ്ങളിലാണ് പാലങ്ങള്‍ വരുന്നത്. കോടതി സമുച്ചയ നിര്‍മ്മാണത്തിന് നടപടികള്‍ സ്വീകരിച്ചു. റാന്നി താലൂക്ക് ആശുപത്രിയില്‍ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചു.