പെരുന്തേനരുവി ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

പെരുന്തേനരുവി ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലയില്‍ പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ സാധ്യമാക്കാന്‍ കഴിഞ്ഞതായി ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 25 ടൂറിസം പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൂടിയായിരുന്നു വേദി.ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. രാജു എബ്രഹാം എംഎല്‍എ പെരുന്തേനരുവി ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഭദ്രദീപ പ്രകാശനവും ശിലാഫലക അനാച്ഛാദനവും നിര്‍വഹിച്ചു.

പെരുന്തേനരുവി ടൂറിസം പദ്ധതി വിപുലമാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. പെരുന്തേനരുവിയുടെ സമീപത്തായുള്ള വനത്തിലെ പനംകുടന്തഅരുവി ട്രക്കിംഗ് ഉള്‍പ്പെടെ സാഹസിക ടൂറിസത്തിന്റെ ഭാഗമാക്കാന്‍ ശ്രമം നടത്തും. പെരുന്തേനരുവി ഡാമില്‍ ബോട്ടിംഗ് നടത്തുന്നത് പരിശോധിച്ചു വരുകയാണ്. പെരുന്തേനരുവി, ഗവി, മണിയാര്‍ ടൂറിസം കേന്ദ്രങ്ങളെ വിപുലമായ ടൂറിസം ഡെസ്റ്റിനേഷന്‍ പ്രദേശങ്ങളായി മാറ്റാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുകയാണെന്നും രാജു എബ്രഹാം എംഎല്‍എ പറഞ്ഞു.

ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് പണിക്കര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബാല കിരണ്‍, ഗ്രാമപഞ്ചായത്തംഗം എസ്.പ്രസന്നകുമാരി, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ എം.ഹുസൈന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ മനോജ് ചരളേല്‍, പി.ആര്‍ പ്രസാദ്, സമദ് മേപ്രത്ത്, ആലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചു മേപ്രത്ത്, ഫിലിപ്പ് കുരുടാമണ്ണില്‍, കെ.ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍, സജി ഇടിക്കുള, സാംകുട്ടി പാലക്കാമണ്ണില്‍, ബെഹന്നാന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
മൂന്നു നിലകളിലായി രൂപകല്‍പ്പന ചെയ്ത ടൂറിസ്റ്റ് അമിനിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍
താഴത്തെ നിലയില്‍ റെസ്റ്റോറന്റ്, ഒന്നാം നിലയില്‍ 250 കസേരകളോടുകൂടിയ എയര്‍ കണ്ടീഷണ്‍ ചെയ്ത കോണ്‍ഫറന്‍സ് ഹാള്‍, രണ്ടാം നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മ്മാര്‍ക്കും 45 വീതം കിടക്കകളുള്ള ഡോര്‍മിറ്ററി, ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളാണ് ഉരുക്കിയിട്ടുള്ളത്. ഈ പദ്ധതിയിന്‍ സഞ്ചാരികള്‍ക്ക് സുഗമമായി പാറ മുകളില്‍ നിന്ന് ആറിന്റെ തീരത്തേക്ക് ഇറങ്ങാന്‍ സ്റ്റീല്‍ റാമ്പ്, ഇവിടെ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ പ്രധാന ഇടങ്ങളിലെല്ലാം സോളാര്‍ ലൈറ്റ്, സിസിടിവി എന്നിവ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *