കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജകമണ്ഡലത്തില്‍ വലിയ വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണ് വികസന മുന്നേറ്റം സാധ്യമാക്കിയത്.
സമഗ്രവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം, ലൈഫ് എന്നിവ ജനങ്ങളുടെ ജീവിതനിലവാരം മികച്ചതാക്കുന്നതില്‍ നിര്‍ണായകമായി.
കോന്നി മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സയും
കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഏറെനാളായുള്ള പത്തനംതിട്ട ജില്ലക്കാരുടെ മെഡിക്കല്‍ കോളജ് എന്ന ചിരകാല സ്വപ്നം യഥാര്‍ഥ്യമായിരിക്കുകയാണ്. ഇപ്പോഴിതാ കിടത്തി ചികിത്സയും ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നൂറു കിടക്കകളാണു കിടത്തി ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്നത്.
തുടര്‍ന്ന് 300 കിടക്കകളായി ഉയര്‍ത്തും. കിഫ്ബി പദ്ധതിയില്‍ നിന്നും അനുവദിച്ചിട്ടുള്ള 241 കോടിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഫെബ്രുവരി അവസാനം തറക്കല്ലിട്ട് നിര്‍മാണം ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. കോന്നി ടൗണില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് വികസന വസ്തു ഏറ്റെടുക്കുന്നതിന് ആദ്യഘട്ടമായി 14 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മെഡിക്കല്‍ കോളജ് റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കു മാറ്റുന്നതിന് 36 കോടി രൂപയുടെ പ്രോജക്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുകയാണ്.
കോന്നിയിലെ എല്ലാ ആശുപത്രികളിലും ആംബുലന്‍സ്
കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ആരോഗ്യമേഖലാ ശാക്തീകരണ പദ്ധതിയായ കരുതല്‍ സ്പര്‍ശത്തിലൂടെ എട്ട് ആംബുലന്‍സുകളാണു കോന്നി മണ്ഡലത്തിനു ലഭ്യമായത്. കോന്നി താലൂക്ക് ആശുപത്രി, ആങ്ങമൂഴി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, വള്ളിക്കോട്, കൊക്കാത്തോട്, കൂടല്‍ എന്നീ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആംബുലന്‍സ് കൈമാറിയത്.
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്കു രുചികരവും ഗുണമേന്മയുമുള്ള ഉച്ചഭക്ഷണം നല്‍കുന്ന 43 ജനകീയ ഹോട്ടലുകളാണു കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിച്ചിട്ടുള്ളത്. മണ്ഡലത്തില്‍ മാത്രം ഏഴു ജനകീയഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിറ്റാര്‍, സീതത്തോട്, വള്ളിക്കോട്, പ്രമാടം, അരുവാപ്പുലം, മൈലപ്ര, കലഞ്ഞൂര്‍ എന്നി പഞ്ചായത്തുകളിലാണു പ്രവര്‍ത്തിക്കുന്നത്.
ആവണിപ്പാറ ആദിവാസി കോളനിയില്‍ വൈദ്യുതി എത്തിച്ചു
ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയിലെ 33 കുടുംബങ്ങള്‍ക്കു വൈദ്യുതി എത്തിച്ചുനല്‍കി. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ മുന്‍കൈ എടുത്ത് അനുവദിച്ച 1.57 കോടി രൂപ ഉപയോഗിച്ചാണ് ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ വൈദ്യുതി എത്തിച്ചത്. 6.8 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണു കോളനിയില്‍ വൈദ്യുതി എത്തിച്ചത്. പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവി മുതല്‍ മൂഴി വരെ 1.8 കിലോമീറ്റര്‍ ദൂരം ഓവര്‍ ഹെഡ് എബിസി കേബിളാണു സ്ഥാപിച്ചത്.
മൂഴി മുതല്‍ കോളനിക്ക് മറുകരയില്‍ അച്ചന്‍കോവില്‍ ആറിന്റെ തീരം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൂരം അണ്ടര്‍ ഗ്രൗണ്ട് കേബിളും സ്ഥാപിച്ചു. ആറിനു കുറുകെയും കോളനിക്കുള്ളിലുമായി ഒരു കിലോമീറ്റര്‍ ദൂരം എല്‍റ്റി എബിസി കേബിള്‍ ആണ് സ്ഥാപിച്ചത്. പതിറ്റാണ്ടുകളായി കോളനി നിവാസികളുടെ ആഗ്രഹമാണ് അങ്ങനെ പൂര്‍ത്തിയായത്.
കോന്നി നിയോജക മണ്ഡലത്തിലെ തണ്ണിത്തോട്, മൈലപ്ര വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നിര്‍മിച്ചതും കൂടല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണത്തിനു തുടക്കമിട്ടതും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആധുനിക വത്ക്കരിക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മൈലപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം 2019 ജനുവരി 18 ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 2018 മെയ് 14 നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്തു.
ജില്ലയില്‍ വനവത്കരണത്തിനാവശ്യമായ മുഴുവന്‍ തൈകളും ഇനി കലഞ്ഞൂര്‍ ജില്ലാ നഴ്സറിയില്‍ നിന്നാകും ഉത്പാദിപ്പിക്കുക. വനം വകുപ്പിലെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ ചുമതലയിലായിരിക്കും നഴ്‌സറി പ്രവര്‍ത്തിക്കുക. രണ്ടു ഹെക്ടര്‍ സ്ഥലമാണ് ഡിപ്പോ ജംഗ്ഷനില്‍ വനംവകുപ്പിനുള്ളത്. ഇതില്‍ 2.17 ഹെക്ടര്‍ സ്ഥലത്താണു ജില്ലാ നഴ്‌സറി സ്ഥാപിക്കുന്നത്. ക്യാംപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 85 ലക്ഷം രൂപ ഇതിനായി എം.എല്‍.എ കെ.യു.ജനീഷ് കുമാര്‍ അനുവദിച്ചു.
വനം വകുപ്പ് വക സ്ഥലങ്ങളില്‍ പ്ലാന്റിംഗിനാവശ്യമായ തൈകളും ഉത്പാദിപ്പിക്കല്‍, റോഡ്, ജലം ഉള്‍പ്പടെയുള്ള സൗകര്യങ്ങളുംകൂടി പരിഗണിച്ചാണു ജില്ലാ നഴ്‌സറി കലഞ്ഞൂരില്‍ അനുവദിച്ചത്.
കോന്നി തേക്കിന് സംസ്ഥാനം മുഴുവന്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. വര്‍ഷം മുഴുവന്‍ തേക്ക് തൈകളും സ്റ്റമ്പും ഇവിടെ നിന്നും ജനങ്ങള്‍ക്കു ലഭിക്കും. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഓര്‍ക്കിഡ് ഉള്‍പ്പടെയുള്ള 200 ഇനം സസ്യങ്ങള്‍ സംരക്ഷിക്കുന്ന പ്ലാന്റ് ലൈബ്രറിയും ഇവിടെ സ്ഥാപിക്കും. പോളി ഹൗസിനുളളിലാകും ഇതു സ്ഥാപിക്കുന്നത്. നേച്ചര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കാനാണു തീരുമാനിച്ചിട്ടുള്ളത്. ജില്ലാ നഴ്‌സറിക്ക് ഉപയോഗിക്കുന്ന സ്ഥലം കഴിഞ്ഞ് ബാക്കി സ്ഥലത്ത് ഔഷധ സസ്യ ഉദ്യാനം നിര്‍മിച്ചു സഞ്ചാരികളെ അടക്കം ആകര്‍ഷിക്കാന്‍ കഴിയുന്ന പദ്ധതിയും തയ്യാറായി വരുന്നു.
ടൂറിസം കേന്ദ്രങ്ങള്‍ വികസന പാതയില്‍
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുട്ടവഞ്ചി സവാരി നടത്തുന്ന അടവിയില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആരംഭിച്ച അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തികരിച്ച് ഉദ്ഘാടന സജ്ജമായി.
കുട്ടവഞ്ചി സവാരിക്കായി എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുംവിധം ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമമുറി, ടിക്കറ്റ് കൗണ്ടര്‍, കഫറ്റേറിയ എന്നിവയാണു പദ്ധതിയിലൂടെ പൂര്‍ത്തിയായത്. 75 ലക്ഷം രുപയുടെ പദ്ധതിയാണു ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കിയത്. ഡി.എഫ്.ഒയ്ക്ക് കീഴിലുള്ള വനം വികസന ഏജന്‍സി വഴിയായിരുന്നു പദ്ധതി നിര്‍വഹണം. വനംവകുപ്പിന്റെ നിര്‍ദേശപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് ഇണങ്ങും വിധമാണു പൂര്‍ത്തിയാക്കിയത്.
കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച ആന മ്യൂസിയം കെട്ടിടം ഉദ്ഘാടന സജ്ജം. പ്രധാന മ്യൂസിയം കെട്ടിടം നവീകരണം, മ്യൂസിയത്തിനായി പ്രവേശന ഹാള്‍ നിര്‍മ്മാണം, ചുമരില്‍ ആനയുടെ പ്രതിമ നിര്‍മ്മിക്കുക തുടങ്ങിയവയാണു നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടന സജ്ജമായിരിക്കുന്നത്.
കെട്ടിട നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും 80 ലക്ഷം രുപയുടെ പദ്ധതിക്കാണു ടൂറിസം വകുപ്പ് അനുമതി നല്‍കിയിരുന്നത്. പ്രവര്‍ത്തികള്‍ കോന്നി ഡി.എഫ്.ഒയ്ക്ക് കീഴിലുള്ള വനം വികസന ഏജന്‍സി വഴി നിര്‍വഹിച്ചത്.
റോഡുകള്‍ ബി.എം ആന്റ് ബി.സി നിലവാരത്തില്‍
ഉയര്‍ത്തുന്നതിന് 200 കോടി രൂപ
കോന്നി ടൗണില്‍ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് 70 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്, 40 കോടി രൂപ ബൈപാസിനും അനുവദിച്ചിട്ടുണ്ട്. മറ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഗ്രാമീണ റോഡുകള്‍ പുന:നിര്‍മ്മിക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ റോഡുകള്‍ ബിഎം ആന്റ് ബിസി നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് 200 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്.
2016-2017 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39.57 കോടി രൂപയില്‍ അട്ടച്ചാക്കല്‍-കുമ്പളാംപൊയ്ക റോഡിന്റെയും കലഞ്ഞൂര്‍ -പാടം റോഡിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. കോന്നിക്ക് പുതിയ ടൂറിസം പദ്ധതി ബജറ്റില്‍ അനുവദിച്ചു.
കോന്നി സഞ്ചായത്ത് കടവ് കേന്ദ്രമാക്കിയാണു പുതിയ ടൂറിസം പദ്ധതിക്ക് 10 കോടി അനുവദിച്ചത്. കോന്നി പാലത്തിനു സമീപമുള്ള സഞ്ചായത്ത് കടവില്‍ വനംവകുപ്പ് വക സ്ഥലവും പുറമ്പോക്കു ഭൂമിയുമുണ്ട്. ഇതില്‍ രണ്ട് ഏക്കര്‍ സ്ഥലമാണു പുതിയ ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുന്നത്. മ്യൂസിക്ക് ഫൗണ്ടന്‍ പ്രധാന ആകര്‍ഷകമാക്കിയാണു ടൂറിസം പദ്ധതി നടപ്പാക്കുന്നത്. അച്ചന്‍കോവില്‍ ആറിന്റെ തീരമായതിനാല്‍ ജല ലഭ്യതയും യഥേഷ്ടമുണ്ട്.
കോന്നി ബൈപാസിന് ബജറ്റില്‍ 40 കോടി രൂപയാണ് അനുവദിച്ചത്. കോന്നി ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ ബൈപാസ് വേണമെന്നത് ദീര്‍ഘകാല ആവശ്യമാണ്. പത്തനംതിട്ട, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ടൗണില്‍ എത്താതെ ബൈപാസ് വഴി പോകാന്‍ കഴിയും. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ ബൈപാസ് സഹായകരമാകും.
പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി കോന്നി സെന്‍ട്രല്‍ ജംഗ്ഷന്‍ വലിയ നിലയില്‍ വികസിക്കുകയാണ്. കോന്നി താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സും മറ്റും സെന്‍ട്രല്‍ ജംഗ്ഷന്‍ കടന്നുപോകാന്‍ ട്രാഫിക് തടസം ഒഴിവാക്കേണ്ടതുണ്ട്. മെഡിക്കല്‍ കോളജ് യാത്ര അടക്കം സുഗമമാക്കാന്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഫ്ളൈഓവര്‍ ആവശ്യമാണ്. ഇതിനായി 70 കോടി രൂപ വകയിരുത്തി.
പ്രമാടത്ത് ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മിക്കാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം സംസ്ഥാനത്തെ കായിക ഭൂപടത്തില്‍ കോന്നിക്കും സ്ഥാനം നല്കും. കോന്നിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചു. കോടതിക്കായി 10 കോടി ബജറ്റില്‍ വകയിരുത്തി
. കലഞ്ഞൂരില്‍ പുതിയ സര്‍ക്കാര്‍ പോളിടെക്നിക്ക് അനുവദിക്കും. ഇതിനായി 50 കോടി ബജറ്റില്‍ അനുവദിച്ചു. മലഞ്ചരക്ക് സംഭരണ സംസ്‌കരണ കേന്ദ്രം തണ്ണിത്തോട്ടിലാണ് അനുവദിച്ചത്. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി. വള്ളിക്കോട് പഞ്ചായത്തില്‍ ഗവ. ഐ.ടി.ഐ അനുവദിച്ചു. ഇതിനായി 25 കോടി ബജറ്റില്‍ വകയിരുത്തി.