സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ താലൂക്ക് തിരിച്ച് ജനങ്ങള്‍ പങ്കെടുക്കേണ്ട ക്രമം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിശ്ചയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തിരക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. രാവിലെ ഒരു താലൂക്കിനും ഉച്ചയ്ക്ക് ശേഷം അടുത്ത താലൂക്കിനും എന്ന രീതിയിലാണ് ക്രമീകരണം.
അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കളക്ടറേറ്റില്‍ നേരിട്ടെത്തിയോ അപേക്ഷകള്‍ നല്‍കിയവരില്‍, തീര്‍പ്പാക്കിയതായി അറിയിപ്പ് ലഭിച്ചവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല.
ഫെബ്രുവരി 15ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം അടൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.
ഫെബ്രുവരി 16ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ കോന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം റാന്നി താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം.
ഫെബ്രുവരി 18ന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ തിരുവല്ല താലൂക്കില്‍ നിന്നുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം മല്ലപ്പള്ളി താലൂക്കിലുള്ളവര്‍ക്കും പങ്കെടുക്കാം.
ഇതുവരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി 4558 അപേക്ഷകളും കളക്ടറേറ്റ് സേവന കേന്ദ്രം വഴി 274 അപേക്ഷകളും ഉള്‍പ്പടെ 4832 അപേക്ഷകളാണ് ആകെ ലഭിച്ചത്. ഇതില്‍ 3689 അപേക്ഷകളില്‍ നടപടി സ്വീകരിക്കുകയും 144 അപേക്ഷകര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല. ഇവരുടെ അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവര്‍ക്ക് ധനസഹായം അനുവദിച്ച് വിവരങ്ങള്‍ അപേക്ഷകരെ അറിയിക്കും.
അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കിയിട്ടില്ലാത്ത, അദാലത്ത് വേദിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവര്‍ ആറു മാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
എഡിഎം ഇ. മുഹമ്മദ് സഫീര്‍, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ജ്യോതിലക്ഷ്മി, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫ്, വിവിധ വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലയില്‍ ഫെബ്രുവരി 15, 16, 18 തീയതികളില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിലാണ് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് നടക്കുന്നത്.