33 രാജ്യങ്ങളിൽ നിന്നുള്ള 328 ഉപഗ്രഹങ്ങൾ ഇന്ത്യ ഇതുവരെ വിക്ഷേപിച്ചു

 

ഉപഗ്രഹ വിക്ഷേപണ ശേഷി വികസിപ്പിക്കുക ലക്ഷ്യമിട്ട്, 2020-21 സാമ്പത്തിക വർഷത്തിൽ 900 കോടി രൂപ ഇസ്‌റോയ്ക്ക് (ISRO) അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണൽ, പൊതു ആവലാതികൾ, പെൻഷൻ, ആണവോർജ്ജ – ബഹിരാകാശ കാര്യങ്ങൾ എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.

വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ വളരെക്കാലമായി ഇന്ത്യൻ ബഹിരാകാശ വകുപ്പ് സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ലോക്സഭയിലെ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ അദ്ദേഹം പറഞ്ഞു. 33 രാജ്യങ്ങളിൽ നിന്നുള്ള 328 ഉപഗ്രഹങ്ങൾ ഇതുവരെ ഇന്ത്യ വിക്ഷേപിച്ചു.25 മില്യൺ അമേരിക്കൻ ഡോളറും 189 മില്യൺ യൂറോയുമാണ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഇതുവരെ ലഭിച്ച വരുമാനം. ഉപഗ്രഹങ്ങളുടെ വാണിജ്യ വിക്ഷേപണവും സാമ്പത്തിക സ്വാശ്രയത്വവും ലക്ഷ്യമിട്ട് ബഹിരാകാശ വകുപ്പിന് കീഴിൽ പൊതുമേഖലാ സ്ഥാപനമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ.‌എസ്.‌ഐ.‌എൽ.) കേന്ദ്രസർക്കാർ സ്ഥാപിച്ചു.

ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള ശേഷിയുടെ വികസനത്തിലൂടെ ഈ രംഗത്ത് ആത്മ നിർഭരത കൈവരിക്കാൻ ഇസ്‌റോ ശ്രമിക്കുന്നു.അതിനാൽ, ഈ മേഖലയിൽ വിദേശ സഹകരണം തേടുന്നതിനുള്ള ഒരു നയവും പരിഗണയിലില്ല.

ഇന്ത്യൻ വ്യവസായങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവരുടെ ബഹിരാകാശ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിന് ഇസ്‌റോയുടെ സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് അനുബന്ധ ചോദ്യത്തിന് മറുപടിയായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.സ്‌പേസ് കിഡ്‌സ് ഇന്ത്യ, സിസിജി സ്പേസ് ടെക്നോളജീസ് എന്നീ സ്വകാര്യ സ്ഥാപനങ്ങളുടെ ഉപഗ്രഹങ്ങൾ ഇസ്രോയിലെ യ.ആർ.റാവു സാറ്റലൈറ്റ് സെന്ററിൽ ഇതിനോടകം പരിശോധനയ്ക്ക് വിധേയമായി.

ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം, നവ സാങ്കേതിക രംഗത്ത് പുതിയ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ കമ്പനികളെ ബഹിരാകാശ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുമ്പോൾ ദേശീയ സുരക്ഷ സംബന്ധിച്ച ഉയരാവുന്ന പ്രശ്നങ്ങളും ആശങ്കകളും സർക്കാർ വിശകലനം ചെയ്തിട്ടുണ്ടെന്നും,രാജ്യത്ത് ബഹിരാകാശ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സ്ഥാപിതമായ സ്വതന്ത്ര നോഡൽ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ സെന്ററിലൂടെ (IN-SPACe) ഉചിതമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *