ആരോഗ്യമുള്ള ഒരു തലമുറയെ നയിക്കുന്നതിന് വിവിധ കായിക ഇനങ്ങൾക്കുള്ള പങ്കു ചെറുതല്ല

 

കായിക ലോകം
ആരോഗ്യമുള്ള ഒരു തലമുറയെ നയിക്കുന്നതിന് വിവിധ കായിക ഇനങ്ങൾക്കുള്ള പങ്കു ചെറുതല്ല. ഇന്ത്യയ്ക്ക് തന്നെ മാതൃകയായ കേരള കായിക രംഗം അന്താരാഷ്ട്ര തലത്തിൽവരെ പ്രശസ്തി ആർജ്ജിച്ചതാണ്. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, അത്‌ലറ്റിക്‌സ് തുടങ്ങി നിരവധി കായിക ഇനങ്ങളിൽ കേരളം അതിന്റെ വ്യക്തിമുദ്ര ഇതിനോടകം പതിപ്പിച്ചിട്ടുണ്ട്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ജി.വി. രാജ എന്ന ലഫ്. കേണൽ. പി. ആർ. ഗോദവർമ്മ രാജയുടെ ജന്മദിനമായ ഒക്ടോബർ 13, കേരളസർക്കാർ സംസ്ഥാന കായിക ദിനം ആയി ആചരിക്കുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയവും തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയവും പോലുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ ആര് പതിറ്റാണ്ടിനിടെ കേരളത്തിന് സാധിച്ചിട്ടുണ്ട്.

ക്രിക്കറ്റ്

1790ല്‍ തലശേരിയിൽ ബ്രിട്ടീഷ് കേണല്‍ ആര്‍തര്‍ വെല്ലസ്ലിയും സംഘവും ആദ്യമായി മലയാളക്കരയിൽ ക്രിക്കറ്റ് കൊണ്ടുവന്നാണ് പറയപ്പെടുന്നത്. 1860ല്‍ തലശേരിയിൽ ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കുകയും രണ്ടാം ലോക മഹായുദ്ധകാലത്തു തലശേരി ക്രിക്കറ്റ് മൈതാനത്ത് ഫണ്ട് സമാഹരണത്തിനായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നതായും ചരിത്ര രേഖകളിൽ പറയുന്നു. കേരള രൂപീകരണത്തിന് മുൻപ് തന്നെ ക്രിക്കറ്റ് മലയാളക്കരയിൽ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും രഞ്ജി ട്രോഫി ഉൾപ്പടെയുള്ള മത്സരങ്ങളിൽ ശക്തമായ സാന്നിദ്യമാവാൻ കേരളത്തിന് സാധിക്കാറില്ല. ടിനു യോഹന്നാനും എസ്. ശ്രീശാന്തും സഞ്ജു വി. സാംസണും പോലെ അപൂർവം ചിലർ മാത്രമാണ് കേരളത്തെ പ്രതിനിധീകരിച്ചു രാജ്യത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്.

ഫുട്‌ബോള്‍

കേരളത്തിലെ ഏറ്റവും ജനപ്രിയമായ കാലികളിലൊന്നായി ഫുടബോളിനെ വിശേഷിപ്പിക്കാം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് മലയാളികള്‍ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയത്. പ്രതിഭാശാലികളായ ധാരാളം ഫുട്‍ബോൾ താരങ്ങളെ രാജ്യത്തിനു നൽകാൻ കേരളത്തിനായിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ ഉൾപ്പടെ കേരളം തങ്ങളുടെ ഫുട്‍ബോൾ മികവ് പലകുറി പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, തോമസ് വർഗീസ്, ടി.കെ.എസ്. മണി, ടി. അബ്ദുൾ റഹ്‌മാൻ, കോട്ടയം സാലി, ഒ. ചന്ദ്രശേഖരൻ, കെ. അജയൻ, കെ.ടി. ചാക്കോ, അനസ് എടത്തൊടിക, എൻ.പി. പ്രദീപ്, മുഹമ്മദ് റാഫി, സി.വി. പാപ്പച്ചൻ എന്നിവർ അവരിൽ ചിലരാണ്.

വോളിബോള്‍

വോളീബോളിൽ ലോകത്തിലെ 80-കളിലെ പത്ത് മികച്ച അറ്റാക്കർ‍മാരിൽ ഒരാളായി തെരഞ്ഞെടുക്കപെട്ട ജിമ്മി ജോർജ്ജ് ഉൾപ്പടെയുള്ള താരങ്ങളെ സംഭാവന ചെയ്യാൻ കേരളത്തിനായി.

അത്‌ലറ്റിക്‌സ്

അന്താരാഷ്ട്ര നിലവാരമുള്ള ഏറ്റവുമധികം കായിക താരങ്ങളെ കേരളം സമ്മാനിച്ചതു അത്‌ലറ്റിക്‌സിലൂടെയാണ്. 1920 – ലെ പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത, ആദ്യമലയാളി ഒളിമ്പ്യന്‍ സി.കെ. ലക്ഷ്മണന്‍, ഏഷ്യയിലാദ്യമായി എട്ടു മീറ്റര്‍ ചാടിയ ടി. സി. യോഹന്നാന്‍, നാല് ഇനങ്ങളില്‍ വളരെക്കാലം ദേശീയ ചാമ്പ്യനായിരുന്ന സുരേഷ് ബാബു, ഏഷ്യയിലെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ പി. ടി. ഉഷ, നിരവധി ഏഷ്യന്‍ ഗെയിംസ് മെഡലുകള്‍ നേടിയ ഷൈനി എബ്രഹാം, കെ. എം. ബീനാമോള്‍, ലോക അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം അഞ്ജു ബോബി ജോര്‍ജ്ജ്, അർജ്ജുന അവാർഡ് ജേതാവ് സിനിമോൾ തോമസ് തുടങ്ങി നിരവധി താരങ്ങളെയാണ് കേരളം സംഭാവന ചെയ്തിട്ടുള്ളത്. സ്ത്രീ താരങ്ങൾ ഏറ്റവും കൂടുതൽ കേരളത്തെ പ്രതിനിധീകരിച്ചു രാജ്യത്തും അന്താരാഷ്ട്ര തലത്തിലും തിളങ്ങിയതും അത്‍ലറ്റിക്‌സിലൂടെയാണ്.

നീന്തലും ചെസ്സും ഷട്ടിലും ഹോക്കിയും, കബഡിയും ഉൾപ്പടെ നിരവധി കായികമേഖലകളിൽ കേരളം ഇന്ന് സ്വന്തമായ ഇടം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *