പത്തനംതിട്ട ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് ആവശ്യമായ ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. പത്തനംതിട്ട ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പന്നിവേലിച്ചിറ ഓഫീസ് സമുച്ചയം, ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍, അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് സെന്റര്‍, ഗിഫ്റ്റ് ഹാച്ചറി, ഫിഷറീസ് കോംപ്ലക്‌സ്, പത്തനംതിട്ട, തിരുവല്ല മത്സ്യഭവനുകള്‍ എന്നിവയുടെ ഉദ്ഘാടനം പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയുടെ വികസനത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലിലൂടെ ഗുണനിലവാരമുള്ള ഗിഫ്റ്റ് തിലോപ്യ ഉള്‍പ്പെടെയുള്ള മത്സ്യകുഞ്ഞുങ്ങളെ ഇനി ലഭ്യമാകും. കേരളത്തിലെ തന്നെ രണ്ടാമത്തെ ഗിഫ്റ്റ് ഹാച്ചറിയാണ് പന്നിവേലിച്ചിറയില്‍ യാഥാര്‍ഥ്യമായതെന്നും മന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗുണനിലവാരമുള്ള മത്സ്യകുഞ്ഞുങ്ങളെ പന്നിവേലിച്ചിറ ഹാച്ചറിയിലൂടെ നേരിട്ട് ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചതില്‍ വീണാജോര്‍ജ് എംഎല്‍എ വഹിച്ച പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.
അഞ്ച് കോടി രൂപ വിനിയോഗിച്ച് ഹാച്ചറി നിര്‍മാണം, ഒന്നര കോടി രൂപയുടെ എക്‌സ്റ്റെന്‍ഷന്‍ കം ട്രെയിനിംഗ് സെന്ററിന്റെ നിര്‍മാണം എന്നിവയാണ് പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ പൂര്‍ത്തിയായത്. 50 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ ഇവിടെ ഉത്പാദിപ്പിക്കാനാകും. ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹനം, വിപണനം, വിതരണം എന്നിവയൊക്കെ പന്നിവേലിച്ചിറയില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ് മുതല്‍കൂട്ടാകും.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ജിജി വര്‍ഗീസ്, മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് അംഗം മിനി ജോസഫ്, ആര്‍.ജി.സി.എ പ്രോജക്ട് ഡയറക്ടര്‍
എസ്. സ്‌കന്ദന്‍, സൗത്ത് സോണ്‍ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം. മണികണ്ഠന്‍, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ചീഫ് എന്‍ജിനിയര്‍ ബി.റ്റി.വി. കൃഷ്ണന്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, കെ.എസ്.സി.എ.ഡി.സി പത്തനംതിട്ട മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷേക്ക് പരീത്, ജില്ല ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. ശ്രീകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി മനോജ് മാധവശേരില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.