കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാ മുന്നണി പോരാളികളും കോവിഡ് വാക്‌സിന്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ക്കൊപ്പം ഭാര്യ ഡോ. ഇന്ദ്രജയും വാക്‌സിന്‍ സ്വീകരിച്ചു.
എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, വാക്‌സിനേഷന്‍ ഓഫീസര്‍ ഗീതാകുമാരി എന്നിവര്‍ പങ്കെടുത്തു.
രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷനാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വിവിധ അസുഖങ്ങള്‍ ബാധിച്ചിട്ടുള്ള 60 വയസിന് താഴെയുള്ളവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. മറ്റുള്ളവര്‍ക്കായി ഇതിനു ശേഷം വാക്‌സിനേഷന്‍ നടത്തും. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
ആദ്യഘട്ടത്തില്‍ ജില്ലയില്‍ 17817 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ ബൂസ്റ്റര്‍ ഡോസ് 16ന് തുടങ്ങും. രണ്ടാംഘട്ടത്തില്‍ റവന്യു, പഞ്ചായത്ത്, പോലീസ്, പ്രിസണ്‍, ഹോംഗാര്‍ഡ് തുടങ്ങിയ വിഭാഗങ്ങളിലെ ആറായിരത്തോളം പേര്‍ക്കാണ് വാക്‌സിനേഷന്‍. ഇതില്‍ പത്തനംതിട്ട ഹോം ജില്ലയായ 3700 ഓളം പേര്‍ക്കുള്ള വാക്‌സിനേഷന്‍ ഫെബ്രുവരി 12ന് ആരംഭിച്ചു. മറ്റു ജില്ലകള്‍ ഹോം ജില്ലയായിട്ടുള്ളവര്‍ അതതു സ്ഥലങ്ങളില്‍ നിന്നും വാക്‌സിനേഷന്‍ സ്വീകരിക്കും.
ജനുവരി 16ന് ആണ് ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യം ഒന്‍പത് സ്ഥലങ്ങളിലായിരുന്നു വാക്‌സിനേഷന്‍. ഇപ്പോള്‍ 24 സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഒരു സെഷനില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ഒരു ഡോക്ടര്‍, വാക്‌സിന്‍ എടുക്കുന്നതിന് ഒരു നഴ്‌സ്, വാക്‌സിന്‍ എടുക്കുന്നയാളെ നിരീക്ഷിക്കാന്‍ ഒരു സ്റ്റാഫ് നഴ്‌സ്, ആശ പ്രവര്‍ത്തക, സെക്യൂരിറ്റി എന്നിങ്ങനെ അഞ്ചു പേര്‍ അടങ്ങിയതാണ് ഓരോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെയും ടീം. വാക്‌സിന്‍ എടുത്ത ശേഷം 30 മിനിറ്റ് നിരീക്ഷണ്തതിന് വിധേയമാക്കി കഴിഞ്ഞാണ് വാക്‌സിന്‍ സ്വീകരിക്കുന്നവരെ പുറത്ത് വിടുന്നത്. ആദ്യം വാക്‌സിന്‍ എടുത്തവര്‍ക്ക് 28 ാം ദിവസം ബൂസ്റ്റര്‍ ഡോസ് നല്‍കും. ബൂസ്റ്റര്‍ ഡോസ് കഴിഞ്ഞ് 14 ദിവസത്തിനു ശേഷമേ ശരീരത്തില്‍ ആന്റി ബോഡി ഉണ്ടാവുകയുള്ളു. അതുവരെ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, ചടങ്ങുകളില്‍ പങ്കെടുക്കരുത് തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആര്‍സിഎച്ച് ഓഫീസറും വാക്‌സിനേഷന്റെ നോഡല്‍ ഓഫീസറുമായ ഡോ. ആര്‍. സന്തോഷ് കുമാര്‍ പറഞ്ഞു.