പത്തനംതിട്ട ജില്ലയിലെ സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ക്ക് തുടക്കമായി

 

സര്‍ക്കാര്‍ സ്വീകരിച്ചത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള
നിലപാടുകള്‍: മന്ത്രി എ.സി മൊയ്തീന്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണു ഈ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ സാന്ത്വന സ്പര്‍ശം അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സംസ്ഥാന സര്‍ക്കാര്‍ ജനകീയമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തി. പ്രതിസന്ധിഘട്ടങ്ങളില്‍പോലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രശ്‌ന പരിഹാരം കാണാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. പല വകുപ്പുകളിലായി സ്വാഭാവികമായും വരുന്ന പരാതികള്‍ പരിഹരിക്കാന്‍ പലതരത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടാകാം. നിയമവും ചട്ടവും നോക്കി വരുമ്പോഴേക്കും കാലതാമസം ഉണ്ടാക്കും. ആ താമസം ഒഴിവാക്കി പരമാവധി വേഗത്തില്‍ കാര്യങ്ങള്‍ സാധ്യമാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലും പരാതി പരിഹാര അദാലത്തുകള്‍ നടക്കാറുണ്ട്. എങ്കിലും തീരാത്ത പരാതികള്‍ അവശേഷിക്കുന്നു എന്നു കണ്ടാണ് സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ അഞ്ചു ലക്ഷത്തോളം അപേക്ഷകളാണ് വന്നത്. ഇതില്‍ 80 ശതമാനത്തോളം അപേക്ഷകളും പരിഹരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനകീയമായ ഇടപെടലുകള്‍ ശക്തിപ്പെടുത്തി. പ്രതിസന്ധിഘട്ടങ്ങളില്‍ പോലും കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ് പ്രവര്‍ത്തിച്ച് പ്രശ്‌ന പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പരമാവധി പ്രശ്‌നങ്ങള്‍ അദാലത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലകളില്‍ അദാലത്തുകള്‍ നടത്തുന്നത് സാധാരണക്കാരുടെ
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണു മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ അദാലത്തുകള്‍ നടത്തുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷക്കാലവും ഓരോ മാസത്തിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടത്തി വന്നിട്ടുണ്ട്. എങ്കിലും പരിഹരിക്കാന്‍ സാധിക്കാതിരുന്ന ചില പരാതികള്‍ ഉണ്ടായിട്ടുണ്ട്. അവയ്ക്ക് അദാലത്തില്‍ പരിഹാരം കാണും. വളരെ വര്‍ഷം കഴിഞ്ഞും പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദാലത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ സാന്ത്വന സ്പര്‍ശം അദാലത്ത് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അദാലത്തില്‍ ആദ്യ പരാതി ചടങ്ങില്‍ അധ്യക്ഷയായ വീണാ ജോര്‍ജ് എംഎല്‍എ കൈമാറി. ആറന്മുള നിയോജക മണ്ഡലത്തില്‍ ആറന്മുള, കിടങ്ങന്നൂര്‍, വില്ലേജുകളിലെ നിരവധി ജനങ്ങളുടെ കരമടച്ച രസീതുകളില്‍ പുരയിടത്തിന് പകരമായി തോട്ടം എന്ന് രേഖപ്പെടുത്തിപ്പോകുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് എംഎല്‍എ നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി വി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, എഡിഎം ഇ മുഹമ്മദ് സഫീര്‍, അസിസ്റ്റന്റ് കളക്ടര്‍ വി. ചെല്‍സാസിനി, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫെബ്രുവരി 16, 18 തീയതികളിലും (ചൊവ്വ, വ്യാഴം) ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ ദിനം രാവിലെ കോഴഞ്ചേരി താലൂക്കിലെയും ഉച്ചയ്ക്ക് ശേഷം അടൂര്‍ താലൂക്കിലെയും അപേക്ഷകരുടെ പരാതികളാണ് സ്വീകരിച്ചത്.

അനില്‍കുമാറിനും അമ്മയ്ക്കും സാന്ത്വനമായി
സാന്ത്വന സ്പര്‍ശം അദാലത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25,000 രൂപ അനുവദിച്ചു

ഏറെ പ്രതീക്ഷയുമായാണ് പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അനില്‍കുമാര്‍ തന്റെ വൈകല്യങ്ങളേയും അവശതകളേയും വകവയ്ക്കാതെ സാന്ത്വന സ്പര്‍ശം അദാലത്തിനെത്തിയത്. പ്രതീക്ഷ തെറ്റിയില്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് അനില്‍കുമാറിന് സഹായഹസ്തമായി.
അംഗ പരിമിതനും കിടപ്പു രോഗിയുമായ അനില്‍കുമാര്‍(48) തന്റെ ചികിത്സയ്ക്കും ഭവന നവീകരണത്തിനു സഹായത്തിനുമായാണ് അപേക്ഷ നല്‍കിയിരുന്നത്. 80 വയസുള്ള അമ്മയാണ് അനില്‍കുമാറിനെ നോക്കുന്നത്. അനില്‍ കുമാറിന്റെ പെന്‍ഷന്‍ മാത്രമാണ് ആശ്രയം. പരാതി നല്‍കുവാനായെത്തിയ അനില്‍കുമാറിന്റെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ മന്ത്രി എ.സി. മൊയ്തീനും വീണാ ജോര്‍ജ് എം.എല്‍.എ യും അനില്‍കുമാറിന്റെ അടുക്കലേക്കെത്തി. പരാതി കേട്ട മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25000 രൂപ അനുവദിച്ചു നല്‍കി. തുക അനുവദിച്ചു നല്‍കിയെന്ന വിവരം കേട്ട് സന്തോഷത്തോടെ മനസു നിറഞ്ഞാണ് അനില്‍കുമാറും അമ്മയും യാത്രയായത്.

 

സാന്ത്വന സ്പര്‍ശം:
ആദ്യ പരാതി വീണാ ജോര്‍ജിന്റേത്;
മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് മന്ത്രി

പത്തനംതിട്ട ജില്ലയിലെ ആദ്യ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലെ ആദ്യ പരാതി വീണാ ജോര്‍ജ് എം.എല്‍.എയുടേത്. എം.എല്‍.എയുടെ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
ആറന്മുള നിയോജക മണ്ഡലത്തിലെ ആറന്മുള, കിടങ്ങന്നൂര്‍ എന്നീ വില്ലേജുകളിലെ രേഖകളില്‍ അപാകത ഉള്ളതിനാല്‍ ധാരാളം ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും എം.എല്‍.എ പരാതിയില്‍ പറയുന്നു. ഈ അപാകത മൂലം ഇവിടുത്തെ സ്ഥല ഉടമകള്‍ക്ക് വീട് വയ്ക്കുന്നതിനോ വസ്തു സംബന്ധമായ ആവശ്യങ്ങള്‍ സാധിക്കുന്നതിനോ പോലും കഴിയാത്ത അവസ്ഥയാണ്.
കരമടച്ച രസീതുകളില്‍ 2018 മുതല്‍ പുരയിടത്തിനു പകരമായി തോട്ടം എന്ന് രേഖപ്പെടുത്തിപ്പോകുന്നതായും വ്യാപകമായി ഉണ്ടായ ഈ പിഴവുമൂലം ധാരാളം ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായും അപേക്ഷയില്‍ പറയുന്നു. ഈ പരാതിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കൈമാറിയത്.ഫിഷറീസ് വകുപ്പ്മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ഒപ്പമുണ്ടായിരുന്നു. പരാതിയില്‍ പറഞ്ഞിരിക്കുന്ന വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സാന്ത്വന സ്പര്‍ശം അദാലത്ത്:
പൊതുജനങ്ങളില്‍ നിന്നുള്ള ആദ്യ പരാതി
പി പി ബാബുവിന്റേത്

പത്തനംതിട്ട ജില്ലയിലെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ആദ്യ പരാതി നല്‍കിയത് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പി ബി ബാബു. പരാതി പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കു നിര്‍ദേശംനല്‍കി.
പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കോഴഞ്ചേരി താലൂക്കിന്റെ അദാലത്തില്‍ ആദ്യമായി പരിഗണിച്ച പരാതിയാണു പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയത്. പി പി ബാബുവിന്റെ കെട്ടിടം പഞ്ചായത്തിനായി വാടകയ്ക്ക് നല്‍കിയിരുന്നു. നാല് നിലകളിലായി 25 മുറികളായിരുന്നു കോവിഡിന്റെ ചികിത്സാ സൗകര്യത്തിനായി വാടകയ്ക്ക് നല്‍കിയത്. ഇതിന് 10 മാസമായി വാടക ലഭിക്കുന്നില്ല എന്നതായിരുന്നു പി.ടി ബാബുവിന്റെ പരാതി. പരാതി അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

സാന്ത്വന സ്പര്‍ശം അദാലത്ത്; 11 ബി.പി.എല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

സാന്ത്വന സ്പര്‍ശം അദാലത്തില്‍ പൊതുവിതരണ വകുപ്പിന്റെ ഭാഗമായി കോഴഞ്ചേരി താലൂക്കുകളില്‍ നിന്നും 141 പരാതികളും അടൂര്‍ താലൂക്കില്‍ നിന്നും 227 പരാതികളും ലഭിച്ചിരുന്നു. ഇതില്‍ രണ്ട് താലൂക്കുകളില്‍ നിന്നും ലഭിച്ച പരാതികളില്‍ അഞ്ചു വീതം എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്തു. കോഴഞ്ചേരി താലൂക്കിലെ പിഎച്ച്എച്ച് കാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന 36 എണ്ണവും അടൂര്‍ താലൂക്കിലെ 109 എണ്ണവും ഇരിനോടകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ 155 റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ലില്ലി രാജന്‍, രാധ ശശി, ഓമന അമ്മ എന്നിവര്‍ക്ക് എഎവൈ കാര്‍ഡുകളും തങ്കമ്മ, സരസമ്മ, ലീലാമ്മ സാം, ശശിമണി, ശ്രീലത, ഭാസുരാമണി, സി.കെ ഓമനയമ്മ, മറിയാമ്മ തോമസ് എന്നിവര്‍ക്ക് പിഎച്ച്എച്ച് കാര്‍ഡുകളും അദാലത്തില്‍ മന്ത്രിമാരായ എ.സി മൊയ്തീന്‍, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. 102 കാര്‍ഡുകള്‍ ബിപിഎല്‍ ആക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *