ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍
കോന്നി ആന മ്യൂസിയം ഇടംപിടിച്ചു: മന്ത്രി കെ.രാജു
നവീകരിച്ച കോന്നി ആന മ്യൂസിയത്തിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് ഇടംപിടിക്കാനായതായി വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇക്കോ ടൂറിസം സെന്ററില്‍ വീഡിയോ കോണ്‍ഫറസിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആന മ്യൂസിയത്തിലൂടെ ആനയെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പഠിക്കുന്നതിനും മനസിലാക്കുന്നതിനുമുള്ള ഒരു ഇടമാണ് ഒരുക്കിയിരിക്കുന്നത്. ആനയുടെ വംശത്തെക്കുറിച്ചും പരിപാലനത്തെകുറിച്ചും കോന്നിയുടെ ആനയുമായി ബന്ധപ്പെട്ട ചരിത്രവും ഉള്‍പ്പെടെ വിവിധങ്ങളായ ആനയുമായി ബന്ധപ്പെട്ട വിഞ്ജാനപ്രദമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആന മ്യൂസിയമെന്ന് മന്ത്രി പറഞ്ഞു. ആന മ്യൂസിയത്തിനായി തുക അനുവദിച്ച ടൂറിസം വകുപ്പിന് മന്ത്രി കെ.രാജു നന്ദി പറഞ്ഞു. അടവി ടൂറിസം പദ്ധതിയിലെ താല്‍ക്കാലിക ജീവനക്കാരുടെ വേതനം കൂട്ടുന്നതു പരിഗണിക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു.
കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ആന മ്യൂസിയം
മുതല്‍കൂട്ടാകും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കോന്നി ആന മ്യൂസിയം മുതല്‍കൂട്ടാകുമെന്നു ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് കേരള ടൂറിസം മേഖല നിലവില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. നാല് മാസത്തിനുള്ളില്‍ നവീകരിച്ച കോന്നി ആന മ്യൂസിയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അഭിനന്ദിച്ചു. മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പില്‍ നിരവധി ദീര്‍ഘ വീക്ഷണമുള്ള പദ്ധതികള്‍ കോന്നി മണ്ഡലത്തില്‍ ഉള്‍പ്പെടെ ആവിഷ്‌കരിച്ചു പ്രാവര്‍ത്തികമാക്കിയതായി കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.
ആന മ്യൂസിയത്തിന്റെ ഭദ്രദീപ പ്രകാശനവും ശിലാഫലക അനാച്ഛാദനവും കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ വര്‍മ്മ, പുനലൂര്‍ ഡി.എഫ്.ഒ ടി.സി ത്യാഗരാജ്, റാന്നി ഡി.എഫ്.ഒ പി.കെ ജയകുമാര്‍ ശര്‍മ്മ, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി സജി, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, കോന്നി ഡി.എഫ്.ഒ കെ.എന്‍ ശ്യാം മോഹന്‍ലാല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എ.പി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കോന്നി വനം ഡിവിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ഇക്കോ ടൂറിസം സെന്ററിലെ നവീകരിച്ച എലിഫന്റ് മ്യൂസിയം നാടിന് സമര്‍പ്പിച്ചത്.