കോലിഞ്ചി കര്‍ഷകരുടെ സ്വപ്‌നം സഫലമായി; സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണത്തിന് തുടക്കമായി
@ ഭൗമസൂചിക രജിസ്‌ട്രേഷന്‍ നടപടികള്‍ക്കും ആരംഭിച്ചു
കോന്നി വാര്‍ത്ത : സംസ്ഥാനത്ത് ആദ്യമായി കോലിഞ്ചി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിന്റെയും ഭൗമ സൂചിക പദവി രജിസ്‌ട്രേഷന്റെയും ഉദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പുവരുത്തുകയെന്നത് ഈ സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ ശക്തമായ ഇടപെടല്‍ മൂലമാണ് കോലിഞ്ചിയെ കാര്‍ഷിക വിളയായി സര്‍ക്കാര്‍ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ മറ്റുകര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മലയോര മേഖലയിലെ കോലിഞ്ചി കര്‍ഷകര്‍ക്കും ലഭ്യമായി തുടങ്ങി.
കോലിഞ്ചിക്ക് ഭൗമ സൂചിക രജിസ്‌ട്രേഷന്‍ ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചിറ്റാര്‍ വയ്യാറ്റുപുഴ സെന്റ് ജയിംസ് കത്തോലിക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
കോലിഞ്ചി കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാന്‍ സര്‍ക്കാരില്‍ നടത്തിയ ഇടപെടലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഒരു ഹെക്ടറിന് 21500 രൂപയാണ് സബ്‌സിഡി ഇനിത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കുക. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഷകരുടെ കണ്‍സോര്‍ഷ്യം ഈ രംഗത്ത് രൂപീകരിച്ചത്.ചരിത്രത്തില്‍ ആദ്യമായാണ് കോലിഞ്ചി കര്‍ഷകര്‍ക്കായി കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത്. ഇനി മുതല്‍ ഈ കണ്‍സോര്‍ഷ്യമാകും വിവിധ ഏജന്‍സികളുമായി ബന്ധപ്പെട്ട് വില നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുകയെന്നും എംഎല്‍എ പറഞ്ഞു.
നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ കോലിഞ്ചി സംഭരണ വിതരണ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.
യോഗത്തില്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തിങ്കല്‍, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നബീസത്ത് ബീവി, ഷിജി മോഹന്‍,അമ്പിളി ഷാജി, നിശ, കണ്‍സോര്‍ഷ്യം ഭാരവാഹികളായ എസ്. ഹരിദാസ്, കെ.ജി മുരളീധരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ.എസ് ഷീബ.കൃഷി ഓഫീസര്‍ മാത്യു എബ്രഹാം, ടി.എ രാജു തുടങ്ങിയവര്‍ സംസാരിച്ചു.