കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു : പത്തനംതിട്ട ജില്ലയിലെ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് റാന്‍ഡം പരിശോധന

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് കോവിഡ് റാന്‍ഡം പരിശോധന നടത്താന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് കോവിഡ് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കണക്കിലെടുത്ത് ഷോപ്പിംഗ് മാളും ഓഫീസ് സമുച്ചയങ്ങളും കേന്ദ്രീകരിച്ച് റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് പരിശോധിക്കുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം നിലവില്‍ 36 എന്നത് 100 ആയി ഉയര്‍ത്താന്‍ യോഗം തീരുമാനിച്ചു. സെക്ടറല്‍ മജിട്രേറ്റുമാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോകുന്ന പോലീസുകാരുടെ എണ്ണവും ആനുപാതികമായി ഉയര്‍ത്തും. കോവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും.

കോവിഡ് പ്രോട്ടോക്കോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ സര്‍വകക്ഷിയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരസഭകളിലും 10 ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക ശ്രദ്ധ നല്‍കി ആരോഗ്യ വകുപ്പും പഞ്ചായത്ത് വകുപ്പും മറ്റു വകുപ്പുകളും നടപടികള്‍ സ്വീകരിക്കണം.

കോവിഡ് ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ഡിഡിഎംഎ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വൈസ് ചെയര്‍മാന്‍കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ഐ ജ്യോതിലക്ഷ്മി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *