ഉത്സവങ്ങള്‍ സുരക്ഷിതമായി നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
കോന്നി വാര്‍ത്ത : ഉത്സവങ്ങള്‍ അതോടനുബന്ധിച്ച് നടത്തപ്പെടുന്ന മേളകള്‍, റാലികള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ഘോഷയാത്രകള്‍, നാടകങ്ങള്‍, കച്ചേരികള്‍ തുടങ്ങിയവയെല്ലാം വലിയ ജനപങ്കാളിത്തമുള്ള പരിപാടികളാണ്. വളരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇത്തരം ഉത്സവങ്ങള്‍ വലിയ രീതിയില്‍ത്തന്നെ കോവിഡിന്റെ അതിവ്യാപന കേന്ദ്രങ്ങളായി മാറാനുള്ള സാധ്യത ഏറെയാണ് എന്ന് കണക്കിലെടുത്ത് ജില്ലാ ദുരന്ത നിവാരണ വകുപ്പ് ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
കോവിഡിന്റെ വ്യാപനം പ്രധാനമായും മൂന്നു പ്രഭവകേന്ദ്രങ്ങളുമായി ബന്ധപ്പട്ടാണെന്ന് ഉത്തരവില്‍ പറയുന്നു. വളരെ കുറഞ്ഞ വായു സഞ്ചാരമുള്ള അടഞ്ഞ ഇടങ്ങള്‍, ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലങ്ങള്‍, ജനങ്ങള്‍ തമ്മില്‍ മുഖാമുഖം ഇടപഴകേണ്ടി വരുന്ന തരത്തിലുള്ള ഇടങ്ങള്‍ എന്നിവയാണ് അവ.
കോവിഡ് 19 ന്റെ വ്യാപനത്തിന് നേരിട്ട് നിദാനങ്ങളായ മേല്‍പ്പറഞ്ഞ മൂന്നു പ്രഭവ കേന്ദ്രങ്ങള്‍ ഉത്സവകാലയളവില്‍ പ്രത്യേകിച്ചും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന്, മുന്‍കരുതല്‍ നടപടികള്‍ യഥാവിധം സജ്ജമാണോ എന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവില്‍ വിശദീകരിക്കുന്നു.
കോവിഡ് 19 പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ സാധാരണ പ്രവര്‍ത്തന പ്രകിയ (എസ് ഒ പി ) ഉത്സവവേളയില്‍ നടപ്പില്‍ വരുത്തുന്നു എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഉത്സവ തീയതിയും പ്രതീക്ഷിക്കുന്ന ജനപങ്കാളിത്തം ഇവ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സ്വീകരിച്ച നടപടികള്‍, വിശേഷ മുഹൂര്‍ത്തങ്ങളില്‍ നടത്തുന്ന പ്രത്യേക ചടങ്ങുകള്‍ തുടങ്ങിയ ഉത്സവസംബന്ധിയായ വിവരങ്ങള്‍ എല്ലാം തന്നെ അധികാരികളുമായി പങ്കുവെയ്ക്കണ്ടതാണ്. ഈ പ്രക്രിയയ്ക്കുള്ള അനുമതി പ്രാദേശിക ആരോഗ്യകാര്യ അധികാരികളില്‍ നിന്ന് ലഭ്യമാക്കേണ്ടതാണ്. ഉത്തരവിലെ നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ഉത്സവവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും കണ്ടെയിന്‍മെന്റ് സോണില്‍ നടത്തുവാന്‍ പാടുള്ളതല്ല.
2. 65 വയസ്സിനു മുകളിലുള്ളവര്‍, രോഗാതുരര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
3. സാര്‍വത്രിക മുഖാവരണം, ഭക്തജനങ്ങള്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിച്ചുകൊണ്ടുള്ള ശാരീരിക അകലം, കൈ ശുചിത്വം എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.
4, ഉത്സവം അരങ്ങേറുന്ന മൈതാനങ്ങളിലോ, ആരാധനാലയങ്ങള്‍ക്കുള്ളിലോ ജനക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ ഉത്സവ സംഘാടകര്‍ എല്ലാ ശ്രമങ്ങളും നടത്തിയിരിക്കണം. മതിയായ വായുസഞ്ചാരമില്ലാത്ത ശ്രീകോവിലുകളീല്‍ ഏറ്റവും ചുരുങ്ങിയ ഭക്തരെ മാത്രമേ ഒരു സമയത്ത് അനുവദിക്കാന്‍ പാടുള്ളൂ.
5. ഉത്സവകാലയളവില്‍ ഒരുമിച്ചുള്ള ഭക്ഷണം (സമൂഹസദ്യ അന്നദാനം) ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകാത്ത ആചാരത്തിന്റെ ഭാഗമാണെങ്കില്‍, മതിയായ ശാരീരിക അകലം പാലിച്ചായിരിക്കണം. ഇടവിട്ട സമയവും, ഇടവിട്ട് ഇരിപ്പിടവും ഇതിനായി സജ്ജമാക്കണം.
6, പ്രവേശന കവാടങ്ങളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിംഗ് നിര്‍ബന്ധമായും നടത്തിയിരിക്കണം. രോഗലക്ഷം ഉള്ളവര്‍ ഉത്സവചടങ്ങില്‍ പങ്കെടുപ്പിക്കരുത്. പുരോഹിതര്‍ അടക്കം സ്‌ക്രീനിംഗിന് വിധേയരാകണം.
7. വ്യക്തികള്‍ തമ്മില്‍ ചുരുങ്ങിയത് 6 അടി അകലം പാലിക്കേണ്ടതാണ്. നിലത്ത് അടയാളപ്പെടുത്തിയും വേലി കെട്ടിയും ശാരീരിക അകലം പാലിക്കുന്നതിനുള്ള സജീകരണം അധികൃതര്‍ ഒരുക്കേണ്ടതാണ്.
8. വ്യക്തികളെയോ പ്രതലങ്ങളിലോ സ്പര്‍ശിച്ചാല്‍ ഉടനെ തന്നെ സോപ്പോ, സാനിട്ടൈസറോ ഉപയോഗിച്ചു കൈ ശുചിത്വം വരുത്തുന്ന് ശീലം അനുവര്‍ത്തിക്കേണ്ടതാണ്. മറ്റുള്ളവര്‍ നിരന്തരം സ്പര്‍ശിച്ച ഇടങ്ങളില്‍ കഴിയുന്നതും തൊടാതിരിക്കുന്നത് അഭികാമ്യമാണ്.
9. രണ്ടു മണിക്കൂറില്‍ ഒരു തവണ എങ്കിലും ഒരു ശതമാനം ഹിപ്പോക്ലോറൈറ്റ് ലായനി കൊണ്ട് പൊതുവായി സ്പര്‍ശിക്കുന്ന ഇടങ്ങള്‍ അണുവിമുക്തമാക്കണം.
10. ഉത്സവത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയും അടുത്ത 14 ദിവസം വരെ രോഗലക്ഷണം ഉണ്ടോ എന്നറിയാന്‍ സ്വയം നിരീക്ഷണം നടത്തേതും എന്തെങ്കിലും രോഗലക്ഷണം കണ്ടെത്തിയാല്‍ ഉടനടി ദിശ 1056 ല്‍ അറിയിക്കണം.
11. ഉത്സവത്തില്‍ പങ്കെടുക്കുന്നവരുടെ പേരും മൊബൈല്‍ നമ്പരും രേഖപ്പെടുത്തണം.
12. ഉത്സവചടങ്ങ് നടത്തുന്നതിന് ചില ഭരണപരമായ ആവശ്യങ്ങള്‍ അത്യാവശ്യമാണ്. ഉത്സവ സംഘാടകരും അധികൃതരും വേദികളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കേണ്ടതും സ്‌ക്രീനിംഗ്, ശാരീരിക അകലം, കൈശുചിത്വം എന്നിവ പാലിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള വിശദമായ രൂപരേഖ മുന്‍കൂട്ടി തയ്യാറാക്കണം. ഇതിനായി ഉത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍, കച്ചവടക്കാര്‍, വ്യാപാര സംഘടനകള്‍ എന്നിവരുമായി ആലോചിച്ച് ഉത്സവവുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങള്‍( മതപരമായ സ്ഥലങ്ങള്‍, റാലികള്‍, ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍, ഉത്സവത്തോടനുബന്ധിച്ചുള്ള മേളകള്‍) മുന്‍കൂട്ടി തീരുമാനിക്കണം.
13. ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങളെങ്കില്‍ ആള്‍ക്കൂട്ടത്തിന്റെ സാന്ദ്രത ഉടനീളം നിരുപോലെ ആയിരിക്കണമെന്നില്ല. സാധാരണയായി ചില മണിക്കൂറുകളിലും മുന്‍കൂട്ടി അറിയാവുന്ന ശുഭമുഹൂര്‍ത്തങ്ങളിലും ജനക്കൂട്ടം കൂടി വരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നതിനും ഇടയ്ക്കിടെ ശുചിത്വം ഉറപ്പു വരുത്തുന്നതിനും ആവശ്യമായ സജികരണം ഉറപ്പുവരുത്തുന്നതിനാവശ്യമായ വിധത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഒരുക്കുന്നതിനും മുന്‍കൂട്ടിയുളള ആസൂത്രണം നടത്തേണ്ടതാണ്.
14. റാലികളുടെയും ഘോഷയാത്രയുടെയും കാര്യത്തില്‍, ഘോഷയാത്ര കടന്നുപോകുന്ന വീഥികളുടെ വിശദാംശം തയ്യാറാക്കല്‍, നിമജ്ഞന വേദി തിരഞ്ഞെടുക്കല്‍, പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തുക, ശാരീരിക അകലം പാലിക്കുക എന്നിവ മുന്‍കൂട്ടി ആസൂത്രണം ചെയ്തു അവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
15. പ്രദര്‍ശനങ്ങള്‍, മേളകള്‍, പര്‍ണ്ണശാലകള്‍, കച്ചേരികള്‍, നാടകങ്ങള്‍ തുടങ്ങി ആഴ്ചകളോളം നടത്താനായി ആസൂത്രണം ചെയ്തിരിക്കുന്ന പരിപാടികളില്‍ ജനപങ്കാളിത്തം നിയന്ത്രിക്കുന്നതിനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇടവിട്ട സമയങ്ങളില്‍ പരിപാടികള്‍ നടത്തിക്കൊണ്ടും പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടും ഇതു ഉറപ്പാക്കാവുന്നതും സന്നദ്ധപ്രവര്‍ത്തരെ അനുയോജ്യമാം വിധം സ്‌ക്രീനിംഗ് നടത്തുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും മാസ്‌ക് ധരിക്കുന്നതിനുള്ള ഉറപ്പു വരുത്തുന്നതിനും നിയോഗിക്കണം.
16. സന്ദര്‍ശകര്‍ക്ക് അകത്തേയ്ക്ക് പ്രവേശിക്കുവാനും വെളിയില്‍ ഇറങ്ങുന്നതിനുമായി (പുറത്തേയ്ക്ക് പോകുന്നതിനുമായി ) പ്രത്യേക ആവശ്യത്തിന് വാതിലുകള്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ ഉത്സവം നടത്തുന്ന കെട്ടിടം /സ്ഥലം ആവശ്യത്തിന് വായു സഞ്ചാരമുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
17. വാതിലുകളില്‍ കൈകള്‍ അണു വിമുക്തമാക്കുന്നതിനും രോഗലക്ഷണങ്ങള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ജീവനക്കാരെയും സന്ദര്‍ശകരേയും മാത്രമേ ഉത്സവ സ്ഥലത്തേയ്ക്ക് പ്രവേശിപ്പിക്കാവു. പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തുന്നവരുടെ പ്രവേശനം മാന്യമായി ഒഴിവാക്കേണ്ടതും അടിയന്തര വൈദ്യസഹായം തേടാന്‍ നിര്‍ദ്ദേശിക്കേണ്ടതുമാണ്.
18 പന്തലുകളിലും ഭക്ഷണശാലകളിലും പരിപാടികളിലുമുള്ള ഇരിപ്പിട സജീകരണം മതിയായ സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ളതായിരിക്കണം. ഉത്സവ സ്ഥലത്തിന്റെ ചുറ്റുപാടുമുള്ള എല്ലാ കടകളും സ്റ്റാളുകളും ചായക്കടകളും എല്ലായ്‌പ്പോഴും സാമൂഹ്യ അകലം ഉറപ്പുവരുത്തേണ്ടതാണ്. ഉത്സവ സമയത്ത് ആവശ്യമെങ്കില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തേണ്ടതാണ്. ആയതിന് ഡിസ്‌പോസിബിള്‍ കപ്പ് ഗ്ലാസ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.
19. മതപരമായ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പ്രതിമകള്‍/ വിഗ്രഹങ്ങള്‍/വിശുദ്ധ ഗ്രന്ഥങ്ങള്‍ എന്നിവയെ സ്പര്‍ശിക്കുന്നത് അനുവദനീയമല്ല. അണുബാധ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിക്കോര്‍ഡ് ചെയ്ത് ഭക്തിഗാനങ്ങള്‍ ആലപിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടതും, കച്ചേരികളും ഗായകസംഘങ്ങളും ഒഴിവാക്കേണ്ടതുമാണ്.
20. റാലികളും പ്രദക്ഷിണങ്ങളും ഘോഷയാത്രകളും നടത്തുന്ന സാഹചര്യത്തില്‍ അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിശ്ചിത പരിധിക്കുള്ളില്‍ പരിമിതപ്പെടുത്തേണ്ടതും പങ്കെടുക്കുന്നവര്‍ ആവശ്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌കുകള്‍ ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതുമാണ് . ഏതു സാഹചര്യത്തിലും, ഇപ്രകാരം നടത്തുന്ന പ്രദക്ഷിണങ്ങളുടെ എണ്ണവും അതു പോകുന്ന ദൂരവും കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ പരിമിതപ്പെടുത്തേണ്ടതാണ്.