നിയമസഭാ തെരഞ്ഞെടുപ്പ്: സെക്ടറല്‍ ഓഫീസര്‍മാരെ ജില്ലയില്‍ നിയോഗിച്ചു
2021 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.
ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി 110 ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 19, റാന്നി നിയോജക മണ്ഡലത്തില്‍ 23, ആറന്മുള നിയോജക മണ്ഡലത്തില്‍ 25, കോന്നി നിയോജക മണ്ഡലത്തില്‍ 25, അടൂര്‍ നിയോജക മണ്ഡലത്തില്‍ 18 പേരേയുമാണ് സെക്ടറല്‍ ഓഫീസര്‍മാരായി നിയോഗിച്ച് ഉത്തരവായത്.
സെക്ടറല്‍ ഓഫീസര്‍മാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും
സെക്ടറല്‍ ഓഫീസര്‍മാര്‍ സ്വീപ്പ് നോഡല്‍ ഓഫീസറുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിന്റെ(ഇവിഎം) പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, വോട്ടെടുപ്പ് സമയത്ത് ഇവിഎം, വിവിവാറ്റ് ശരിയായി പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് പരിശീലനം നേടുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയ്‌ലന്‍സ് ടീം, വീഡിയോ സര്‍വയ്‌ലന്‍സ് ടീം, ആന്റി ഡിഫേസ്‌മെന്റ് ടീം എന്നിവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക, ഇവിഎമ്മുകളില്‍ സ്ഥാനാര്‍ത്ഥി ക്രമീകരണങ്ങള്‍ നടത്തുമ്പോള്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരെ സഹായിക്കുക, വോട്ടെടുപ്പിന് തലേദിവസവും വോട്ടെടുപ്പ് തീയതിയിലും അവരുടെ അധികാരപരിധിയിലുള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും സന്ദര്‍ശിക്കുക, മുഴുവന്‍ പോളിംഗ് സാമഗ്രികളും ഓഫീസര്‍മാരും അതത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, അല്ലെങ്കില്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക.
വോട്ടെടുപ്പ് ദിവസം, ടെലിഫോണ്‍ സൗകര്യമുള്ള ഒരു കേന്ദ്രീകൃത സ്ഥലത്ത് ഉദ്യോഗസ്ഥര്‍ താമസിക്കുകയും, അതുവഴി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ഏത് സന്ദേശവും നല്‍കാന്‍ റിട്ടേണിംഗ് ഓഫീസറെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെയും സഹായിക്കുകയും വേണം.
വോട്ടെടുപ്പ് ദിവസം, പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് മോക്ക് പോള്‍ നടത്തുന്നുവെന്ന് ഉറപ്പാക്കുക, വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് പ്രിസൈഡിംഗ് ഓഫീസര്‍ മോക്ക് പോള്‍ നടത്തിയെന്നും വോട്ടെടുപ്പ് കൃത്യസമയത്ത് ആരംഭിച്ചുവെന്നും ഉറപ്പുവരുത്തുക, വോട്ടെടുപ്പിനിടെ ഉണ്ടാകുന്ന ഇവിഎം, വിവിപിടി തകരാറുകള്‍ പരിഹരിക്കുക, ഓരോ മണിക്കൂറിലെ പോളിംഗ് ഡാറ്റയും (പുരുഷന്മാര്‍, സ്ത്രീകള്‍, മൂന്നാം ലിംഗഭേദം, വൈകല്യമുള്ളവര്‍), പോളിംഗ് ശരാശരി ശതമാനം എന്നിവ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക, തകരാര്‍ വന്നാല്‍ റിട്ടേണിംഗ് ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടെ ഇവിഎം, വിവിപാറ്റ് എന്നിവ മാറ്റിസ്ഥാപിക്കുക. അത്തരം സാഹചര്യങ്ങളില്‍ സെക്ടര്‍ ഓഫീസര്‍ സി.യു / ബി.യു / വിവിപാറ്റ് എന്നിവയുടെ സീരിയല്‍ നമ്പറും പുതിയ സി.യു / ബി.യു / വിവിപാറ്റ് സീരിയല്‍ നമ്പറും ഉള്‍പ്പെടെ ഒരു പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കണം. മെഷീന്‍ മാറ്റാനുള്ള കാരണം, എത്ര വോട്ടുകള്‍ മെഷീന്‍ മാറ്റുന്ന സമയത്ത് പോള്‍ ചെയ്തുവെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കണം.
വോട്ടെടുപ്പ് ദിവസം ഓരോ തവണയും പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സെക്ടര്‍ മജിസ്ട്രേറ്റ് വിസിറ്റ് ഷീറ്റ് ശരിയായി പൂരിപ്പിക്കണം. വോട്ടെടുപ്പിന് ശേഷം വോട്ടെടുപ്പിന്റെ ഡാറ്റ (പുരുഷന്മാര്‍, സ്ത്രീകള്‍, ആകെ) പോളിംഗ് സ്‌റ്റേഷനില്‍ നിന്ന് ശേഖരിച്ച് വിശദാംശങ്ങള്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കുക. രേഖകള്‍ ശരിയായി തയ്യാറാക്കുന്നതിനും സ്വീകരണ കേന്ദ്രത്തില്‍ യന്ത്രങ്ങളും വസ്തുക്കളും കൃത്യമായി കൈമാറുന്നതിനും പ്രിസൈഡിംഗ് ഓഫീസര്‍മാരെ സഹായിക്കണം.
വോട്ടെടുപ്പിന് മുമ്പ് ഇവിഎം സ്ഥാപിക്കുന്നതിനും വിതരണ ദിനത്തില്‍ അതത് പോളിംഗ് സ്റ്റേഷനുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ഇവിഎം വിതരണം ചെയ്യുന്നതിനും സെക്ടര്‍ ഓഫീസര്‍മാരുടെ സേവനം ലഭിക്കുന്നതിന് റിട്ടേണിംഗ് ഓഫീസര്‍ / അസിസ്റ്റന്റ് റിട്ടയറിംഗ് ഓഫീസര്‍മാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. എല്ലാ അസിസ്റ്റന്റ് സെക്ടര്‍ ഓഫീസര്‍മാരും സെക്ടര്‍ ഓഫീസറുടെ നിര്‍ദേശപ്രകാശം പ്രവര്‍ത്തിക്കണം.