അനുമതി ഇല്ലാതെ ഉച്ചഭാഷിണികളോ വാഹനങ്ങളോ ഉപയോഗിക്കുകയോ പൊതുയോഗങ്ങള്‍ നടത്തുകയോ ചെയ്താല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ രാഷ്ട്രീയ/ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉച്ചഭാഷിണികള്‍ വാഹനങ്ങള്‍ എന്നിവയ്ക്കും പൊതുയോഗങ്ങള്‍ നടത്തുന്നതിനും റിട്ടേണിംഗ് ഓഫീസറുടെയോ പൊലീസിന്റെയോ നിയമാനുസൃത അനുമതി വാങ്ങിയിരിക്കണം. അനുമതികള്‍ക്ക് suvidha.eci.gov.in എന്ന വെബ് വിലാസത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷിച്ചാല്‍ ഓണ്‍ലൈനായി തുടര്‍നടപടികള്‍ സ്വീകരിക്കുകയും നടപടി വിവരങ്ങള്‍ എസ്.എം.എസ് ആയി ലഭിക്കുകയും ചെയ്യും.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സര്‍ക്കാര്‍ വസ്തുവകകള്‍, അവയുടെ പരിസരങ്ങള്‍, പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകള്‍ എന്നിവിടങ്ങളില്‍ രാഷ്ടീയപാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള എല്ലാത്തരം പരസ്യ, പ്രചാരണ സാമഗഗ്രികളും ഉടന്‍ നീക്കം ചെയ്യേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു. അല്ലാത്തപക്ഷം അവ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നീക്കംചെയ്യുന്നതും ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതുമാണ്.
തെരഞ്ഞെടുപ്പ് സംബന്ധമായ ഉത്തരവാദിത്വങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ പരിപാലിക്കുന്നത് ഉറപ്പുവരുത്തതിലേക്ക് ജില്ലയില്‍ 45 സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടറേറ്റില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. മാതൃകാ പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ 9400727980 എന്ന നമ്പരില്‍ വിളിച്ച് അറിയിക്കാം.
വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും തെരഞ്ഞെടുപ്പ് സംബന്ധമായുള്ള മറ്റ് സംശയങ്ങളും ദൂരീകരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് 1950 എന്ന നമ്പരില്‍ വിളിക്കാം. ജില്ലയ്ക്ക് പുറത്തുനിന്ന് വിളിക്കുമ്പോള്‍ 04682 എന്ന കോഡ് കൂടി ചേര്‍ക്കണം.