നിയമസഭാ തെരഞ്ഞെടുപ്പ്:പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി അയക്കാം

 

2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി വിജില്‍ സംവിധാനത്തിന്റെ ജില്ലാ കണ്‍ട്രോള്‍ സെല്‍ ജില്ലാ കളക്ട്റേറ്റില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം നിര്‍വഹിച്ചു.

പൊതുജനങ്ങള്‍ നല്‍കുന്ന പരാതിക്ക് 100 മിനിട്ടിനുള്ളില്‍ സി വിജില്‍ സംവിധാനത്തിലൂടെ പരിഹാരം ഉണ്ടാകും. സി വിജില്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണു പരാതികള്‍ അയക്കാന്‍ കഴിയുക. പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈല്‍ഫോണില്‍ ജി.പി.എസ് ഓപ്ഷന്‍ ഓണ്‍ചെയ്തിട്ടാല്‍ മാത്രമേ പരാതികള്‍ കണ്‍ട്രോള്‍ സെല്ലില്‍ ലഭിക്കുകയുള്ളൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരാതികള്‍ അപ്‌ലോഡ് ചെയ്യാം. ഫോട്ടോ, വീഡിയോ, ശബ്ദരേഖ എന്നിങ്ങനെ മൂന്ന് രീതിയിലാണ് പരാതികള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. പരാതിക്ക് കാരണമായ സ്ഥലത്ത് നിന്നാകണം ഫോട്ടോ, വീഡിയോ, ശബ്ദരേഖ എന്നിവ അപ്ലോഡ് ചെയ്യേണ്ടത്. പരാതിക്കാരന്റെ പേര് വെളിപ്പെടുത്താതെയോ അല്ലാതെയോ പരാതികള്‍ അയക്കാം.

45 ടീമുകളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം (എസ് എസ് ടി), ഫ്ളൈയിംഗ് സ്‌ക്വാഡ് (എഫ്.എസ്), ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് (എ ഡി എസ് ), വീഡിയോ സര്‍വെയ്ലന്‍സ് ടീം (വി എസ് ടി), വീഡിയോ വ്യൂയിംഗ് ടീം (വിവിടി) എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട ടീമുകള്‍. പരാതിയില്‍ കഴമ്പുണ്ടായാല്‍ ഈ ടീമുകളുടെ നേതൃത്വത്തിലാണു പരിഹരിക്കുന്നത്.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍, സി വിജില്‍ നോഡല്‍ ഓഫീസര്‍ ടി.ബിനോയ്, സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.എച്ച്. മുഹമ്മദ് നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. 9400727980 എന്ന നമ്പരിലും പരാതികള്‍ അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *