ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്
ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി
ആറന്മുള നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.
ആറന്മുള മണ്ഡലത്തിലെ ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈലപ്ര മൗണ്ട് ബഥനി പബ്ലിക് സ്‌കൂള്‍, ആനപ്പാറ ഗവ. ഗേള്‍സ് എല്‍പിഎസ്, വെട്ടിപ്രം ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലെ ക്രമീകരണങ്ങളും കളക്ടര്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം.
ആറന്മുളയില്‍ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്. നിലവിലുള്ള 246 ബൂത്തുകള്‍ക്ക് പുറമെ 92 ഓക്‌സിലറി ബൂത്തുകള്‍ അടക്കം 338 ബൂത്തുകളാണ് ആറന്മുള നിയോജകമണ്ഡലത്തില്‍ നിലവിലുള്ളത്.
ആറന്മുള റിട്ടേണിംഗ് ഓഫീസര്‍ ജെസിക്കുട്ടി മാത്യു, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍, തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ കെ. മധുസൂദനന്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ്:
24 മണിക്കൂറും കണ്‍ട്രോള്‍ റൂം
ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പത്തനംതിട്ട കളക്ടറേറ്റില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളും കണ്‍ട്രോള്‍ റൂമിലും സി വിജിലിലും അറിയിക്കാം. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം നമ്പര്‍: 9400727980, സി- വിജില്‍ 9400653850.
പോസ്റ്റല്‍ വോട്ടിനായുളള അപേക്ഷാ ഫോമുകളുടെ
വിതരണം ആരംഭിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുതായി എര്‍പ്പെടുത്തിയ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യത്തിനായുള്ള അപേക്ഷകളുടെ (12 (ഡി) ഫോമുകള്‍) വിതരണം ജില്ലയില്‍ ആരംഭിച്ചു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ പുതുതായി പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
പോസ്റ്റല്‍ വോട്ടിനായുളള അപേക്ഷയായ 12 (ഡി) ഫോമുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയാണ് അര്‍ഹരായ സമ്മതിദായകരുടെ വീടുകളില്‍ എത്തിക്കുന്നത്. ഫോമുകള്‍ പൂരിപ്പിച്ച് ഈ മാസം 17നകം തിരിച്ചേല്‍പ്പിക്കണം. പോസ്റ്റല്‍ വോട്ടിന് താല്‍പര്യമില്ലാത്തവര്‍ക്ക് 12 (ഡി) ഫോറം നിരസിച്ച് സാധാരണ പോലെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാം. ഫോറം പൂരിപ്പിച്ച് നല്‍കിയവര്‍ക്ക് പോസ്റ്റല്‍ വോട്ടിന് മാത്രമാണ് അനുമതി.
ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 80 വയസിന് മുകളില്‍ പ്രായമായ 38,696 വോട്ടര്‍മാര്‍, 14,671 ഭിന്നശേഷിക്കാര്‍ എന്നിവരാണുള്ളത്. 80 വയസിന് മുകളില്‍ പ്രായമുള്ള വോട്ടര്‍മാര്‍ 12 (ഡി) ഫോറം മാത്രം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. ഇതിന് ബിഎല്‍ഒമാരുടെ സഹായം ലഭ്യമാണ്. ഭിന്നശേഷിക്കാരും, കോവിഡ് ബാധിതരും ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. അപേക്ഷകള്‍ അപ്പോള്‍ തന്നെ പൂരിപ്പിച്ച് നല്‍കുകയോ 17നകം ബിഎല്‍ഒ മാര്‍ മുഖാന്തരം കൈമാറുകയോ ചെയ്യാം.
നിയമസഭാ തെരഞ്ഞെടുപ്പ്:
ജില്ലയില്‍ 5 റിട്ടേണിങ് ഓഫിസര്‍മാര്‍
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തില്‍ അഞ്ചുറിട്ടേണിങ് ഓഫിസര്‍മാരെയാണു ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നിയമിച്ചിരിക്കുന്നത്.
റിട്ടേണിങ് ഓഫിസര്‍മാര്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ : തിരുവല്ല – പി.സുരേഷ് (തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍- 94471 14902, 0469 2601202 ).റാന്നി- ആര്‍.ബീനാ റാണി (എല്‍.എ ഡെപ്യൂട്ടി കളക്ടര്‍- 85476 10035, 0468 2222515). ആറന്മുള- ജെസിക്കുട്ടി മാത്യു (ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍- 85476 10036, 0468 2222515). കോന്നി – സന്തോഷ്‌കുമാര്‍ (എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍-85476 10038, 0468 2222515). അടൂര്‍ – എസ്.ഹരികുമാര്‍ (ആര്‍ഡിഒ അടൂര്‍-94477 99827, 04734 224827)
ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ മണ്ഡല അടിസ്ഥാനത്തില്‍: തിരുവല്ല- ജി.എസ് ആശിഷ് (പുളിക്കീഴ് ബിഡിഒ-9497662229, 0469 2610708). റാന്നി- ബി.ഉത്തമന്‍ (റാന്നി ബിഡിഒ-9446758929, 04735 227478).ആറന്മുള- സി.പി രാജേഷ്‌കുമാര്‍ (ഇലന്തൂര്‍ ബിഡിഒ- 8281040524, 0468 2362036. കോന്നി- പി.വിജയകുമാര്‍(കോന്നി ബിഡിഒ-8281040526). അടൂര്‍-കെ.ആര്‍ രാജശേഖരന്‍ നായര്‍ (പറക്കോട് ബിഡിഒ-82910 40529, 04734-217150).
കോവിഡ് സാഹചര്യത്തില്‍ പൊതുയോഗങ്ങള്‍ക്കായി
12 സ്ഥലങ്ങള്‍ നിശ്ചയിച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങളും ചടങ്ങുകളും നടത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ 12 സ്ഥലങ്ങള്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ജില്ലാ ഭരണകേന്ദ്രം നിശ്ചയിച്ചു. നേരത്തെ നിശ്ചയിച്ച അഞ്ച് നിയോജക മണ്ഡലങ്ങളിലെ 10 സ്ഥലങ്ങള്‍ മതിയാവില്ലെന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് തിരുവല്ല, റാന്നി മണ്ഡലങ്ങളില്‍ ഓരോ സ്ഥലങ്ങള്‍കൂടി പൊതുയോഗങ്ങള്‍ നടത്തുവാനായി അനുവദിച്ചത്.
പൊതുയോഗങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ച് ഈ സ്ഥലങ്ങളില്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നും ജില്ലാഭരണകേന്ദ്രം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിച്ചു.
നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പൊതുയോഗങ്ങള്‍ നടത്തേണ്ട സ്ഥലങ്ങള്‍ ചുവടെ:
തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം, തിരുവല്ല മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജ്, മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്.
റാന്നി നിയോജക മണ്ഡലം:- റാന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്ന സ്ഥലം (നാളത് ടാക്‌സി സ്റ്റാന്‍ഡ്).
ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ എയര്‍ സ്റ്റേഡിയം, പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയം.
കോന്നി നിയോജക മണ്ഡലം:- കോന്നി മാര്‍ക്കറ്റ് ഗ്രൗണ്ട്, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം.
അടൂര്‍ നിയോജക മണ്ഡലം:-അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം, പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്.
ഈ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണു യോഗങ്ങള്‍ നടക്കുന്നതെന്ന് അതാത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കും. കോവിഡ് പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തും.
സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണം; വിദ്യാര്‍ഥികള്‍
വോട്ട് പ്രതിജ്ഞയെടുത്തു
സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ വോട്ട് പ്രതിജ്ഞ ചൊല്ലി. സ്വീപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വിവിധങ്ങളായ ബോധവത്ക്കരണ പ്രചാരണപരിപാടികളാണ് നടത്തുന്നത്.
മോഡല്‍ പരീക്ഷകള്‍ക്കിടയിലാണ് കുട്ടികള്‍ സ്വീപിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലിയത്. വോട്ടിംഗില്‍ പ്രധാന പങ്കാളികള്‍ ആകേണ്ട യുവജനങ്ങള്‍ക്ക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഓമല്ലൂര്‍ ജി.എച്ച്.എസ്.എസ്, പന്തളം എന്‍.എസ്.എസ് ബി.എച്ച്.എസ്.എസ്, വടശേരിക്കര ജിഎംആര്‍എച്ച്എസ്എസ്, പത്തനംതിട്ട അമൃത വിദ്യാലയം എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക്
മുന്‍കൂര്‍ അനുമതി വാങ്ങണം
നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് സമിതിയുടെ(എംസിഎംസി) അംഗീകാരം നേടണം. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഇതു ബാധകമാണ്.
ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ ശാലകള്‍, പൊതുസ്ഥലങ്ങളിലെയും സാമൂഹ മാധ്യമങ്ങളിലെയും ഓഡിയോ വിഷ്വല്‍ ഡിസ്‌പ്ലേകള്‍, ബള്‍ക്ക് എസ്എംഎസുകള്‍, വോയ്‌സ് മെസേജുകള്‍, ഇ-പേപ്പറുകള്‍ എന്നിവയിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടതുണ്ട്.
പരസ്യം നല്‍കുന്നത് സ്ഥാനാര്‍ഥികളോ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോ ആണെങ്കില്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് കുറഞ്ഞതു മൂന്നു ദിവസം മുന്‍പെങ്കിലും പരസ്യം കളക്ടറേറ്റിലെ എംസിഎംസി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ടെലികാസ്റ്റിന് ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം.
പരസ്യത്തിന്റെ ഇലക്‌ട്രോണിക് പതിപ്പിന്റെ രണ്ടു പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പു ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കും എംസിഎംസിയുടെ മുന്‍കൂര്‍ അംഗീകാരം നേടേണ്ടതുണ്ട്.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി നിരീക്ഷണ സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ്എംഎസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും ബാധകമായിരിക്കും.
അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം.