നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്ത (12/03/2021 )

 

പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ വില നിലവാരം പ്രസിദ്ധീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (സോളോ )11,000 രൂപ, ഓഡിയോ സോങ്ങ് റെക്കോര്‍ഡിങിന് (ഡ്യൂറ്റ്) 15,000 രൂപ, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഓഡിറ്റോറിയം (500 പേര്‍ക്ക് ഇരിക്കാവുന്നത്) എസി ഇല്ലാത്തത് 20,000 രൂപ, എസി 40,000 രൂപ (500 പേര്‍ക്ക് ഇരിക്കാവുന്നത്.), ബാന്‍ഡ് സെറ്റ് ഒരാള്‍ക്ക് 1000 രൂപ, ബാരിക്കേഡുകള്‍ മീറ്ററിന് 700 രൂപയുമാണ് നിരക്ക്. കാര്‍പെറ്റ് സ്‌ക്വയര്‍ ഫീറ്റിന് എട്ട് രൂപ, കസേര ഒന്നിന് എട്ട് രൂപ, തുണി ബാനര്‍ സ്‌ക്വയര്‍ ഫീറ്റിന് 27 രൂപ,

 

തുണി കൊണ്ടുള്ള കൊടി ഒന്നിന് 22 രൂപ, വാഹന വാടക -50 കിലോമീറ്ററിന് ഏഴ് സീറ്റിന് 2500 രൂപ,
16 സീറ്റിന് 4400 രൂപ, 17-30 സീറ്റിന് 5500 രൂപ, പ്രധാന ക്യാംപയിന്‍ ഓഫീസിന്റെ നിര്‍മാണത്തിന് 6600 രൂപ, കട്ട് ഔട്ട് (തുണി) സ്‌ക്വയര്‍ ഫീറ്റിന് 25 രൂപ, കട്ട് ഔട്ട് (തടി) സ്‌ക്വയര്‍ ഫീറ്റിന് 125 രൂപ.
ഡ്രോണ്‍ ക്യാമറ മണിക്കൂറിന് 3000 രൂപ, അല്ലെങ്കില്‍ ഒരു ദിവസത്തേക്ക് 8000 രൂപ, ഇലക്ഷന്‍ കമ്മിറ്റി ബൂത്തിന് 3000 രൂപ, കിയോസ്‌ക് സ്ഥാപിക്കുന്നതിന് 4000 രൂപ, പെഡസ്ട്രല്‍ ഫാന്‍ ഒരു ദിവസത്തേക്ക് 144.67 രൂപ, ജി.ഐ.ബി. ക്യാമറ ഒരു ദിവസത്തേക്ക് 10,000 രൂപ, തോരണം ഒരടിക്ക് അഞ്ച് രൂപ,

പന്തലിന് ഒരു സ്‌ക്വയര്‍ ഫീറ്റിന് പത്ത് രൂപ (അലങ്കാരമില്ലാതെ),അലങ്കരിച്ച പന്തലിന് സ്‌ക്വയര്‍ഫീറ്റിന് 12 രൂപ, ലൗഡ്‌സ്പീക്കര്‍ ആംപ്ലിഫയര്‍ മൈക്രോഫോണ്‍ എന്നിവയ്ക്ക് ഒരു ദിവസത്തേക്ക് 2750 രൂപ, എല്‍.ഇ.ഡി. / എല്‍ സി.സി ടി. വി. ഡിസ്‌പ്ലേ – സ്‌ക്വയര്‍ ഫീറ്റിന് 200 രൂപ, മൊബൈല്‍ എസ്.എം.എസ് ഒരു സന്ദേശത്തിന് ഒരു രൂപ, സ്റ്റിക്കറുള്ള കുട ഒന്നിന് 120 രൂപ, നെറ്റിപ്പട്ടത്തിന് 1000 രൂപ, നോട്ടീസ്- 1000 എണ്ണത്തിന് 750 രൂപ,

പോസ്റ്റര്‍ (1000 എണ്ണത്തിന് ) ഡെമ്മി 2750 രൂപ, ഡബിള്‍ ഡമ്മി 6600 രൂപ, പ്ലക്കാര്‍ഡിന് 30 രൂപ, എഴ് പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേജിന് 5800 രൂപ, 15 പേര്‍ക്കുള്ളതിന് 8000 രൂപ, 20 പേര്‍ക്കുള്ളതിന് 10000 രൂപ, സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ മാസ്‌കിന് 30 രൂപ, മുച്ചക്രവാഹനത്തിന് ബാറ്റ ഉള്‍പ്പടെ 50 കിലോമീറ്ററിന് 1400 രൂപ, വാഹന പ്രചാരണം സ്റ്റേജില്‍ സജ്ജീകരിക്കുന്നതിന് ഒരു ദിവസത്തേക്ക് സ്‌ക്വയര്‍ ഫീറ്റിന് 5600 രൂപ, മുത്തുക്കുട ഒരു ദിവസത്തേക്ക് ഒന്നിന് 60 രൂപ,

ഹോര്‍ഡിങ്സ് സ്‌ക്വയര്‍ഫീറ്റിന് 80 രൂപ, കൊടി സ്‌ക്വയര്‍ ഫീറ്റിന് 27 രൂപ, സോഫ ഒരു ദിവസം 600 രൂപ, മേശ ഒന്നിന് 25 രൂപ, പോഡിയം ഒരു ദിവസം 300 രൂപ, ഹാള്‍ റെന്റ് 3300 രൂപ, തുണിത്തൊപ്പി ക്വാളിറ്റി കുറഞ്ഞതിന് 50 രൂപ, ക്വാളിറ്റി കൂടിയതിന് 100 രൂപ, പേപ്പര്‍ തൊപ്പി അഞ്ച് രൂപ, 1000 ലഘുലേഖയ്ക്ക് 750 രൂപ.

നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് വിലയിരുത്തുന്നതിന് ഈ നിരക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുക.

നിയമസഭ തെരഞ്ഞെടുപ്പ്:ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയമിച്ച ജീവനക്കാരുടെ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍/സ്‌കൂളുകള്‍/ബാങ്കുകള്‍ എന്നിവ (മാര്‍ച്ച് 13, 14) തുറന്നു പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ട ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

ലൈസന്‍സുളള ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലൈസന്‍സുളള ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യുന്നതിന് ആയുധ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി മെഡിക്കല്‍ ബോര്‍ഡ് ചേരുന്നു

2021 ലെ നിയമസഭാ ഇലക്ഷനില്‍ ഭിന്നശേഷിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഈ വിഭാഗക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം അടൂര്‍ ജനറല്‍ ആശുപത്രിയിലും, റാന്നി താലൂക്ക് ആശുപത്രിയില്‍ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും, തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചകളിലും മെഡിക്കല്‍ ബോര്‍ഡ് കൂടുന്നുണ്ടെന്ന വിവരവും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള എല്ലാ അപേക്ഷകളും പ്രത്യേകം ക്യാമ്പ് നടത്തി ഈ മാസം 16 ന് മുന്‍പായി തീര്‍പ്പാക്കുന്നതിന് ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഭിന്നശേഷിക്കാര്‍ ആശുപത്രികളില്‍ ഹാജരായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍-0468 2325168.

തപാല്‍ ബാലറ്റ് സംവിധാനം സുഗമമാക്കാന്‍
ഉത്തരവ് പുറപ്പെടുവിച്ചു

ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം, എവിഎസ്‌സി (ആബ്‌സന്റീ വോട്ടര്‍ സീനിയര്‍ സിറ്റിസണ്‍), എവിപിഡി (വൈകല്യമുള്ള വോട്ടര്‍ വ്യക്തി), എവിസിഒ (ആബ്‌സെന്റി വോട്ടര്‍ കോവിഡ്) എന്നിങ്ങനെയുള്ള മൂന്ന് കാറ്റഗറികളിലെ ആബ്‌സെന്റി വോട്ടര്‍മാരുടെ വോട്ടുകള്‍ ഉറപ്പാക്കാന്‍ തപാല്‍ ബാലറ്റ് സംവിധാനം സുഗമമാക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു. ആബ്‌സെന്റി വോട്ടര്‍മാരില്‍ നിന്ന് ഫോറം 12 ഡി വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും ബിഎല്‍ഒമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഉത്തരവിലെ നിര്‍ദേശങ്ങളില്‍ പറയുന്നു.

ഈ നിര്‍ദേശങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിനായി നിലവില്‍ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറായി (ബിഎല്‍ഒ) ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 17 വരെ പ്രവര്‍ത്തന ക്രമീകരണ അടിസ്ഥാനത്തില്‍ ഫോറം നമ്പര്‍ 12 ഡി, രസീത് എന്നിവ തിരികെ നല്‍കാനും സ്വീകരിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നു. എല്ലാ ബിഎല്‍ഒമാരും ബന്ധപ്പെട്ട ഇആര്‍ഒയുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇആര്‍ഒമാരുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം. ബന്ധപ്പെട്ട ഇആര്‍ഒമാര്‍ക്ക് ബിഎല്‍ഒമാര്‍ മതിയായതും ഉചിതമായതുമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉത്തരവില്‍ പറയുന്നു.

ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരും ചിലവ് നിരീക്ഷകരായി ഐ.ആര്‍.എസ് ഉദ്യോഗസ്ഥരുമാണ് സേവനമനുഷ്ഠിക്കുക. ജില്ലയ്ക്ക് പൊതുവായി ഐ.പി.എസ് കാരനായ ഒരു പോലീസ് നിരീക്ഷകനും ഒരു ചിലവ് നിരീക്ഷകനുമാണുള്ളത്.

നിരീക്ഷകരുടെ പേരുവിവരം ചുവടെ

പൊതു നിരീക്ഷകര്‍: സുരേഷ് കുമാര്‍ വഷിഷ്ട്:-തിരുവല്ല, ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍. 1998 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

ഡോ.എം.എസ്.രേണു എസ് ഫുല്ല:- റാന്നി, കോന്നി നിയോജക മണ്ഡലങ്ങളുടെ പൊതു നിരീക്ഷക. 2003 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

പോലീസ് നിരീക്ഷകന്‍- അശുതോഷ് കുമാര്‍. ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

ചിലവ് നിരീക്ഷകന്‍- സ്വരൂപ് മന്നവ. ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാണ്.

നിയമസഭാ തെരഞ്ഞെടുപ്പ്:
ചെലവ് നിരീക്ഷണ സ്‌ക്വാഡുകള്‍ സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണ സ്‌ക്വാഡുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയല്‍, സി വിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതിയില്‍ നടപടി സ്വീകരിക്കല്‍, സോഷ്യല്‍ മീഡിയയില്‍ വരുന്ന പെയ്ഡ് ന്യൂസ് ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.

മണ്ഡലങ്ങളിലെ ഫ്ളൈയിങ് സ്‌കാഡുകള്‍, സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമുകള്‍, വീഡിയോ സര്‍വെയ്‌ലന്‍സ് ടീമുകള്‍ എന്നിവര്‍ക്കാണു പരിശീലനം നല്‍കിയത്. ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പണം കൊണ്ട് പോകുന്ന വാഹനങ്ങളില്‍ മതിയായ രേഖകള്‍ ഇല്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍, ഏതൊക്കെ കാര്യങ്ങള്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.

തെരഞ്ഞെടുപ്പ് പ്രചാരണം;
ആകെ ചെലവാക്കാവുന്നത് 30.80 ലക്ഷം രൂപ

നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും ഉപയോഗിക്കേണ്ടിവരുന്ന സാധന സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു. ഇതനുസരിച്ചുള്ള തുക ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകള്‍ തയ്യാറാക്കേണ്ടത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്‌ക്വാഡുകളുടെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന്റെ ചെലവ് നിരീക്ഷണ വിഭാഗം ഓരോ സ്ഥാനാര്‍ഥിയുടെയും ചെലവുകളുടെ കണക്ക് തയ്യാറാക്കുന്നുണ്ട്. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്ക് ഇതുമായി ഒത്തുനോക്കിയശേഷമാണ് അംഗീകരിക്കുക.

സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവാക്കാവുന്ന പരമാവധി തുക 30,80,000 രൂപയാണ്. 10,000 രൂപ വരെയുള്ള സാമ്പത്തിക ഇടപാട് നേരിട്ട് നടത്താം. അതിന് മുകളിലുള്ള ഇടപാടുകള്‍ ചെക്ക് മുഖേന മാത്രമേ പാടുള്ളൂ. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കു മാത്രമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുക ചെലവഴിക്കുന്നത് ഈ അക്കൗണ്ട് വഴിയാകണം. നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാന്‍ പാടില്ല. ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്.

സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുകയുടെ വൗച്ചറുകള്‍ നിര്‍ബന്ധമായും സൂക്ഷിക്കുകയും വേണം. മറ്റ് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥികള്‍ സ്വീകരിക്കുന്ന പണത്തിന് രജിസ്റ്റര്‍ സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തുകയില്‍ അധികം പ്രചാരണത്തിനായി ചെലവഴിക്കാന്‍ പാടില്ല.

50,000 രൂപയില്‍ കൂടുതല്‍ പണവുമായി
യാത്ര ചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ടീം, രണ്ട് ആന്റി- ഡിഫേയ്‌സ്‌മെന്റ് ടീം, മൂന്ന് സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീം, ഒരു വീഡിയോ ടീം എന്നിങ്ങനെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 45 ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
എല്ലാ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടാകും. സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാലും പിടിച്ചെടുത്തു ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചിലവുകള്‍ പരിശോധിക്കുന്നതിനു പുറമേ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധം കൈവശം വയ്ക്കുക, മദ്യം വിതരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡ് നിരീക്ഷിക്കും. അനധികൃതവും ചട്ടവിരുദ്ധവുമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ രൂപത്തിലോ, ശബ്ദ സന്ദേശങ്ങളിലൂടെയോ, വീഡിയോ രൂപത്തിലോ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ മുഖേന പരാതികള്‍ സമര്‍പ്പിക്കാം.

പരാതികള്‍ പരിശോധിച്ച് നടപടി എടുക്കുന്നതിന് കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 91 94007 27980 എന്നീ ഫോണ്‍നമ്പറുകളിലൂടെയും mccpta21@gmail.com എന്ന മെയില്‍ ഐഡിയിലൂടെയും പരാതികള്‍ അറിയിക്കാം.

 

തെരഞ്ഞെടുപ്പ്: നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ജാഥകള്‍ സംഘടിപ്പിക്കണം
കോലം കത്തിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും, പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് അനുവാദം വാങ്ങണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ട നിബന്ധന.
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ മാറ്റം വരുത്താന്‍ പാടുള്ളതല്ല. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാകണം രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഥകളും യോഗങ്ങളും നടത്തേണ്ടത്. സാമൂഹ്യ അകലം പാലിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും മാസ്‌ക് ധരിച്ചും പരിപാടികള്‍ സംഘടിപ്പിക്കണം. പരിപാടിയെപ്പറ്റി പൊലീസ് അധികാരികളെ സംഘാടകര്‍ മുന്‍കൂട്ടി വിവരം അറിയിക്കണം. ജാഥ പോകേണ്ട പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിരോധന ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടോയെന്ന് സംഘാടകര്‍ അന്വേഷിച്ച് നിരോധനങ്ങള്‍ ഉണ്ടെങ്കില്‍ അവ പാലിക്കണം.
ഗതാഗത തടസം ഉണ്ടാകാത്തവിധം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണം. ജാഥ കടന്ന് പോകുന്ന റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും ഗതാഗത തടസമുണ്ടാക്കാന്‍ പാടുള്ളതല്ല. ജാഥകള്‍ കഴിയുന്നിടത്തോളം റോഡിന്റെ വലതു വശത്ത് ക്രമപ്പെടുത്തേണ്ടതും പോലീസിന്റെ നിര്‍ദേശവും ഉപദേശവും കര്‍ശനമായി പാലിക്കേണ്ടതുമാണ്.

മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളെയോ അവരുടെ നേതാക്കളെയോ പ്രതിനിധാനം ചെയ്യുന്ന കോലങ്ങള്‍ കൊണ്ടുപോകുന്നതിനും പരസ്യമായി അവ കത്തിക്കുന്നതും അനുവാദമില്ല. ഇങ്ങനെയുള്ള പ്രകടനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ സ്ഥാനാര്‍ഥിയോ നടത്തിയാല്‍ അത് പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും.
രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏകദേശം ഒരേ സമയത്തുതന്നെ ഒരേ വഴിയിലൂടെയോ അതിന്റെ ഭാഗങ്ങളിലൂടെയോ ജാഥ നടത്തുന്നുണ്ടെങ്കില്‍ സംഘാടകര്‍ മുന്‍കൂട്ടി പരസ്പരം ബന്ധപ്പെടേണ്ടതാണ്. ജാഥകള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനും ഗതാഗത തടസം സൃഷ്ടിക്കാതിരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. ഇതിനായി നേരത്തെ തന്നെ പാര്‍ട്ടികള്‍ പോലീസുമായി ബന്ധപ്പെടണം. സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാകുന്ന സാധന സാമഗ്രികള്‍ ഒന്നുംതന്നെ ജാഥയില്‍ പങ്കെടുക്കുന്നവര്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *