നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ റിസര്‍വ് ഉള്‍പ്പടെ 8272 പോളിംഗ് ഉദ്യോഗസ്ഥര്‍

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. അഞ്ച് നിയോജകമണ്ഡലങ്ങളിലായി റിസര്‍വ് ഉള്‍പ്പടെ 8272 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 2068 പ്രിസൈഡിംഗ് ഓഫീസര്‍മാരും 2068 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍മാരും തേഡ് പോളിംഗ് ഓഫിസര്‍മാരും റിസര്‍വ് ഉള്‍പ്പെടെ 4136 ഉദ്യോഗസ്ഥരെയും പോളിംഗ് നടപടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളില്‍ നിയമിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ മാര്‍ച്ച് 17 മുതല്‍ 20 വരെ നടത്തും. രാവിലെ 9.30 മുതല്‍ ഉച്ചവരെയാണ് ആദ്യ നാലു ബാച്ചിന്റെയും പരിശീലനം. ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ടുവരെ അടുത്ത നാലു ബാച്ചിന്റെയും പരിശീലനം നടക്കും. മണ്ഡല അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളിലായാണ് പരിശീലനം.

ആറന്മുള നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 20 വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും.

തിരുവല്ല നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 19 വരെ തിരുവല്ല ഡയറ്റ് ഹാളില്‍ നടക്കും.

റാന്നി നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 18 വരെ റാന്നി സിറ്റാഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും.

കോന്നി നിയോജക മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 18 വരെ മരങ്ങാട് എസ്എന്‍ പബ്ലിക്ക് സ്‌കൂളില്‍ നടക്കും.

അടൂര്‍ മണ്ഡലത്തിലെ പരിശീലനം മാര്‍ച്ച് 17 മുതല്‍ 19 വരെ അടൂര്‍ ഓള്‍ സെയിന്റ് പബ്ലിക്ക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജില്‍ നടക്കും.

വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടത്തി

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍ നടത്തിയത്.
റാന്‍ഡമൈസേഷന്‍ നടത്തിയ വോട്ടിംഗ് മെഷീനുകള്‍ (16) രാവിലെ ഒന്‍പതിന് സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ അഴൂര്‍ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇലക്ഷന്‍ വെയര്‍ഹൗസില്‍ നിന്നും ബന്ധപ്പെട്ട അഞ്ച് മണ്ഡലങ്ങളിലെയും വരണാധികാരികള്‍ക്ക് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 23 ശതമാനം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 33 ശതമാനം ഇവിഎം മെഷീനും അധികമായി നല്‍കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന യോഗം സംബന്ധിച്ച വിവരങ്ങള്‍ അതത് വരണാധികാരികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ജിപിഎസ് ഘടിപ്പിച്ച കവചിത വാഹനങ്ങളില്‍ അതത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ പോലീസ് അകമ്പടിയോടെ മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോംഗ് റൂമില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്തു സൂക്ഷിക്കും.
ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, വരണാധികാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വസ്തുതാപരമായ മാധ്യമ പ്രവര്‍ത്തനം
ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കും: ജില്ലാ കളക്ടര്‍

പക്ഷപാതപരമല്ലാത്തതും വസ്തുതാപരവുമായ മാധ്യമ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളില്‍ മാധ്യമങ്ങളോടുള്ള വിശ്വാസം വര്‍ധിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലാ തെരഞ്ഞെടുപ്പു വിഭാഗവും പത്തനംതിട്ട പ്രസ് ക്ലബും ചേര്‍ന്നു പ്രസ് ക്ലബ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍.

പക്ഷപാതപരമല്ലാത്ത റിപ്പോര്‍ട്ടിംഗ് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു. ഇത്തരം രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ സാധിക്കുവെന്നും കളക്ടര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ശക്തമായ നാലാം തൂണാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ജനങ്ങളെ ഏറ്റവും എളുപ്പം സ്വാധീനിക്കുന്ന വിഭാഗവും മാധ്യമങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കാന്‍ പ്രത്യേക ടീമിനേയും നിയോഗിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉടന്‍ ഒരു യോഗം വിളിക്കും. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു. തുടര്‍ന്നു നടത്തിയ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായ പങ്കാണുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഡിഎം ഇ. മുഹമ്മദ് സഫീര്‍ പറഞ്ഞു. വോട്ടര്‍ ബോധവത്ക്കരണത്തിലും പ്രകടന പത്രികകള്‍ ജനങ്ങള്‍ക്കു മുന്‍പാകെ അവതരിപ്പിക്കുന്നതിലും ശരിയായ തീരുമാനം എടുക്കുന്നതിന് ദിശാബോധം പകര്‍ന്നു നല്‍കുന്നതിലും മാധ്യമങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബോധവത്ക്കരിക്കൂന്ന തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ എന്നിവര്‍ പങ്കെടുത്തു. എംസിഎംസി, സോഷ്യല്‍ മീഡിയാ, പെയ്ഡ് ന്യൂസ് സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ സ്മൃതി മുരളീധര്‍ തെരഞ്ഞെടുപ്പും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *