നിയമസഭാ തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറി
റാന്‍ഡമൈസേഷന്‍ നടത്തിയ ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയും വരണാധികാരികള്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ അഴൂര്‍ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇലക്ഷന്‍ വെയര്‍ഹൗസിന്റെ പൂട്ട് തുറന്ന് മെഷീനുകള്‍ വിതരണത്തിനായി പുറത്തെടുത്തത്.
ഓരോ മണ്ഡലത്തിലേക്കും 23 ശതമാനം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 33 ശതമാനം വിവിപാറ്റും മെഷീനും അധികമായി വിതരണം ചെയ്തു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ 1530 പോളിംഗ് ബൂത്തുകളിലായി 1896 കണ്‍ട്രോള്‍ യൂണിറ്റും 1896 ബാലറ്റ് യൂണിറ്റും 2037 വിവിപാറ്റുകളുമാണ് വിതരണം ചെയ്തത്.
തിരുവല്ല നിയമസഭാ മണ്ഡലത്തിലെ 331 പോളിംഗ് ബൂത്തുകളിലേക്ക് 386 കണ്‍ട്രോള്‍ യൂണിറ്റും 386 ബാലറ്റ് യൂണിറ്റും 414 വിവിപാറ്റ് യൂണിറ്റുമാണ് വിതരണം നടത്തിയത്.
റാന്നി നിയമസഭാ മണ്ഡലത്തിലെ 282 പോളിംഗ് ബൂത്തുകളിലേക്ക് 350 കണ്‍ട്രോള്‍ യൂണിറ്റും 350 ബാലറ്റ് യൂണിറ്റും 376 വിവിപാറ്റ് യൂണിറ്റുമാണ് വിതരണം ചെയ്തത്.
ആറന്മുള നിയമസഭാ മണ്ഡലത്തിലെ 338 പോളിംഗ് ബൂത്തുകളിലേക്ക് 416 വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 450 വിവിപാറ്റ് യൂണിറ്റുമാണ് വിതരണം നടത്തിയത്.
കോന്നി നിയമസഭാ മണ്ഡലത്തിലെ 293 പോളിംഗ് ബൂത്തുകളിലേക്ക് 364 വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 390 വിവിപാറ്റ് യൂണിറ്റുമാണ് വിതരണം നടത്തിയത്.
അടൂര്‍ നിയമസഭാ മണ്ഡലത്തിലെ 306 പോളിംഗ് ബൂത്തുകളിലേക്ക് 380 വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 407 വിവിപാറ്റ് യൂണിറ്റുമാണ് വിതരണം ചെയ്തത്.
ജിപിഎസ് ഘടിപ്പിച്ച കവചിത വാഹനങ്ങളില്‍ അതത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ പോലീസ് അകമ്പടിയോടെ മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്തു സൂക്ഷിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കും. ഇ.വി.എം മെഷീനുകളുടെ നോഡല്‍ ഓഫീസര്‍ വി.എസ് വിജയകുമാര്‍ വിതരണത്തിന് നേതൃത്വം നല്‍കി.