തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചൂടുപിടിക്കുമ്പോള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മറക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ ഓര്‍മ്മിപ്പിച്ചു. പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ വന്‍തോതില്‍ രോഗവ്യാപനത്തിനു സാധ്യതയുണ്ട്.
ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം
ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി.
പ്രതിദിനം 600 ലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 493 പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ ഉണ്ടായി. ഇതില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുത്ത 95 പേരും 14 സ്ഥാനാര്‍ഥികളും 76 പോളിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ജില്ലയില്‍ 12 ലക്ഷം ജനങ്ങളുളളതില്‍ 58,758 പേര്‍ക്കു മാത്രമേ (10 മുതല്‍ 15 ശതമാനം വരെ) നിലവില്‍ രോഗബാധ ഉണ്ടായിട്ടുളളൂ. ബാക്കിയുളളവര്‍ (80 മുതല്‍ 85 ശതമാനം വരെ) രോഗം ബാധിച്ചിട്ടില്ലാത്തവരും രോഗബാധയുണ്ടാകാന്‍ സാധ്യതയുളളവരുമാണ്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകണം പൊതുസമ്മേളനങ്ങളും റാലികളും നടത്തേണ്ടത്. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കായി മുന്‍കൂട്ടി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. ഭവന സന്ദര്‍ശനത്തില്‍ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമേ പാടുളളൂ.
സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും മൂക്കും വായും മൂടത്തക്കവിധത്തില്‍ മാസ്‌ക് ധരിക്കുകയും പരസ്പരം അകലം പാലിക്കുകയും വേണം. സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തരുത്. കൈകള്‍ ഇടയ്ക്കിടെ സാനിട്ടൈസര്‍ ഉപയോഗിച്ച് അണു വിമുക്തമക്കണം. വയോജനങ്ങള്‍, കുട്ടികള്‍, ഗുരുതര രോഗങ്ങള്‍ക്ക്് മരുന്ന് കഴിക്കുന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരോട് ഇടപഴകാതിരിക്കണം. ജാഗ്രത കൈവിട്ടാല്‍ വലിയ രീതിയില്‍ കോവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിക്കും. ഓരോ വ്യക്തിയും ജാഗ്രത പുലര്‍ത്തണം. വലിയ തോതിലുളള രോഗവ്യാപനം ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പരസ്യം നല്‍കുമ്പോള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍
സമിതിയുടെ അംഗീകാരം ഉറപ്പാക്കണം
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ, പ്രൈവറ്റ് എഫ്എം ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്എംഎസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ്് കമ്മിറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അംഗീകാരം നേടണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ തന്നെ നല്‍കണം.
ബള്‍ക്ക് എസ്എംഎസുകള്‍ക്കും വോയ്‌സ് മെസേജുകള്‍ക്കും പ്രീ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. പരസ്യത്തിന്റെ ഇലക്‌ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സിഡി പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം, സംപ്രേഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്.
ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും.
അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പു ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം നേടേണ്ടതുണ്ട്. മാധ്യമങ്ങളില്‍ വരുന്ന പ്രചാരണ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എംസിഎംസി നിരീക്ഷണ സെല്‍ പരിശോധിക്കുന്നുണ്ട്.
എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനം അറിയിക്കും. മാതൃകാ പെരുമാറ്റച്ചട്ടം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ജില്ലാതല എംസിഎംസി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ അപേക്ഷകര്‍ക്ക് സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. അംഗീകാരമില്ലാത്ത ഒരു പരസ്യവും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന.
തെരഞ്ഞെടുപ്പ് വെബ് കാസ്റ്റിംഗ്:
കണക്ടിവിറ്റി തടസങ്ങള്‍ ഒഴിവാക്കാന്‍ റോഡ് കട്ടിംഗ്,
ട്രഞ്ചിംഗ് ജോലികള്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 50 ശതമാനം പോളിംഗ് സ്റ്റേഷനുകളില്‍ തത്സമയ വെബ് കാസ്റ്റിംഗ് സേവനം സുഗമമാക്കുന്നതിനും കണക്ടിവിറ്റി തടസങ്ങള്‍ ഒഴിവാക്കുന്നതിനുമായി റോഡ് കട്ടിംഗ്, ട്രഞ്ചിംഗ് ജോലികള്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കെ.ഡബ്ല്യു.എ, കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി, കെ.എസ്.ടി.പി തുടങ്ങിയ വിവിധ ഏജന്‍സികളുടെ റോഡ് കട്ടിംഗ്, ട്രഞ്ചിംഗ് തുടങ്ങിയ ജോലികള്‍ കാരണം കണക്റ്റിവിറ്റി കേബിളുകള്‍ പലതും തകരാറിലായതായി ബിഎസ്എന്‍എല്‍ അധികൃതര്‍ പരാതിപ്പെട്ടിരുന്നു. കേബിളുകളുടെ തകരാര്‍ തത്സമയ വെബ്കാസ്റ്റിംഗിന് തടസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാലാണ് കളക്ടറുടെ ഉത്തരവ്. വിവിധ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് കണക്റ്റിവിറ്റി കേബിള്‍ ഉടന്‍ ക്രമീകരിക്കാനും ബിഎസ്എന്‍എല്ലിനന് കളക്ടര്‍ നിര്‍ദേശം നല്‍കി.
അതേസമയം ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ഏതെങ്കിലും പ്രവൃത്തി ഈ കാലയളവില്‍ നിര്‍വഹിക്കേണ്ടതുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി ജില്ലാ കളക്ടറില്‍ നിന്ന് വാങ്ങണം. ഈ പ്രവൃത്തികള്‍ നടക്കുന്നതിലൂടെ ബിഎസ്എന്‍എല്‍ കേബിള്‍ കണക്റ്റിവിറ്റിക്ക് തടസങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ ആര്‍പി ആക്റ്റ് 1951, ഐപിസി സെക്ഷന്‍ 188 വ്യവസ്ഥകള്‍ പ്രകാരം പൊതു സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
തഹസില്‍ദാര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, വെബ് കാസ്റ്റിംഗിനായുള്ള നോഡല്‍ ഓഫീസര്‍, ഐടിസി അപേക്ഷയ്ക്കുള്ള നോഡല്‍ ഓഫീസര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ഇത് സൂക്ഷ്മമായി നിരീക്ഷിക്കാനും ഇത് ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലയിലെ 50 ശതമാനം പോളിംഗ് സ്റ്റേഷനുകളിലേക്ക് തത്സമയ വെബ് കാസ്റ്റിംഗ് സേവനം പ്രാപ്തമാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.
പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി
സ്ഥാനാര്‍ഥികള്‍ക്ക് കളക്ടര്‍ കത്തെഴുതുന്നു
പത്തനംതിട്ട ജില്ലാ കളക്ടര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തെഴുതുകയാണ്… പരിസ്ഥിതി സൗഹൃദ തരെഞ്ഞെടുപ്പിനായി. ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഒരു മാതൃക ജനപ്രതിനിധിയായി മാറുന്നതിനുമുള്ള അഭ്യര്‍ത്ഥനയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി തന്റെ കത്തിലൂടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈമാറുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പോളിങ് ബൂത്ത് ക്രമീകരിക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ അലങ്കരിക്കുമ്പോഴും ഉപയോഗിക്കുന്ന സാമഗ്രികള്‍ എല്ലാം തന്നെ തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് കളക്ടര്‍ കത്ത് നല്‍കുന്നത്.
ഇതൊന്നും വേണ്ട
പി.വി.സി ഫ്‌ളെക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, തുടങ്ങിയ പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക് ആവരണമോ ഉള്ള പുന:ചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളും ഉള്‍പ്പെടെ നിരോധിക്കപ്പെട്ട എല്ലാ വസ്തുക്കളും.
ഇങ്ങനെ മതി
കോട്ടണ്‍ തുണി (100 ശതമാനം), പേപ്പര്‍, പോളിഎഥിലിന്‍ തുടങ്ങിയ പുനരുപയോഗ-പുന:ചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമെ ബോര്‍ഡുകളും ബാനറുകളും തയ്യാറാക്കാവു. മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും പ്രിന്റിംഗ് നമ്പരും ഉണ്ടാവണം. പുന:ചംക്രമണ-പുനരുപയോഗ യോഗ്യമായ പ്രചരണ സാമഗ്രികള്‍ ഉപയോഗശേഷം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ശേഖരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേന മുഖന ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം.
ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം തന്നെ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും തെരഞ്ഞെടുപ്പ് പരിശീലനങ്ങള്‍ ഹരിത ചട്ടം പാലിച്ച് നടപ്പാക്കാനും ശ്രദ്ധിക്കണം.
നോഡല്‍ ഓഫീസര്‍
പരിശീലനങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഹരിത ചട്ടം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ അവബോധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറെയും ജില്ലയില്‍ നിയമിച്ചിട്ടുണ്ട്. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് നോഡല്‍ ഓഫീസര്‍.
ഹരിത തെരഞ്ഞെടുപ്പ് ലോഗോ പ്രകാശനം നടത്തി
2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനോടനുബന്ധിച്ച് ഹരിത തെരഞ്ഞെടുപ്പ് ലോഗോ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനിക്ക് നല്‍കി പ്രകാശനം ചെയ്തു. ഹരിത തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍ കെ.ഇ.വിനോദ് കുമാര്‍, സ്വീപ്പ് നോഡല്‍ ഓഫീസര്‍ എസ്.ശ്രീബാഷ്, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ജില്ലാ ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബി.അനില്‍ കുമാര്‍, പ്രോഗ്രാം ഓഫീസര്‍. കെ.ആര്‍.അജയ് എന്നിവര്‍ പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പ്: ഡ്യൂട്ടിക്ക് നിയോഗിക്കുന്ന
ജീവനക്കാര്‍ക്ക് തപാല്‍ വോട്ട്
നിയമസഭാ തെരഞ്ഞെടുപ്പിന് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ടുള്ള ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓര്‍ഡറിന്റെ കോപ്പി സഹിതം പോസ്റ്റല്‍ ബാലറ്റിനായി അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ 12 ഫോം ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ eci.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. അപേക്ഷ അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നേരിട്ടോ തപാലായോ അയക്കാം.
അപേക്ഷ പരിശോധിച്ച് റിട്ടേണിംഗ് ഓഫീസര്‍ തപാല്‍ വോട്ട് ബാലറ്റ് അനുവദിക്കും. റിട്ടേണിംഗ് ഓഫീസര്‍മാര്‍ അനുവദിക്കുന്ന തപാല്‍ വോട്ട് ബാലറ്റില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി നിശ്ചിത സമയത്തിനുള്ളില്‍ റിട്ടേണിംഗ് ഓഫീസര്‍ക്കോ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കോ നേരിട്ട് കൈമാറുകയോ തപാല്‍ മാര്‍ഗമോ അയക്കാം. വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി അയക്കുന്നതിന് സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടുവരെ തപാല്‍ വോട്ട് രേഖപ്പെടുത്തി കൗണ്ടിംഗ് സെന്ററില്‍ എത്തിക്കാനും സൗകര്യമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ റൂമായി
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം
നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം അഹോരാത്രം തെരഞ്ഞെടുപ്പു ജോലിയിലാണ്.
പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച ഡാറ്റാ എന്‍ട്രി, പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കല്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, തെരഞ്ഞെടുപ്പിനാവശ്യമായ സ്റ്റേഷനറികള്‍, ഫോമുകള്‍ എന്നിവ സംസ്ഥാനത്തുള്ള വിവിധ പ്രസുകളില്‍ നിന്നും ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ സമയബന്ധിതമായി തീര്‍ക്കേണ്ട ജോലികളില്‍ വ്യാപൃതരാണ് ഇലക്ഷന്‍ വിഭാഗം. ഇതിനു പുറമെ പെരുമാറ്റ ചട്ടം സംബന്ധിച്ച പരാതികള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എന്നിവയുടേയും ഏകോപനവും ഈ കാര്യാലയത്തിലാണ് നടക്കുന്നത്.
മിക്ക ദിവസങ്ങളിലും രാത്രി വൈകുവോളം ജോലി ചെയ്താണ് ഓരോ ജീവനക്കാരനും വീടുകളിലേക്ക് മടങ്ങുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ജൂനിയര്‍ സൂപ്രണ്ട് സിറോഷ്, പ്രോഗ്രാമര്‍ സന്തോഷ്, സെക്ഷന്‍ ക്ലര്‍ക്ക് മോഹനകുമാര്‍ എന്നിവരുടെ പൂര്‍ണ പിന്തുണയും ജീവനക്കാര്‍ക്കുണ്ട്. യാതൊരു പരാതികള്‍ക്കും ഇടനല്‍കാതെ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കുകയാണ് ടീമിന്റെ ലക്ഷ്യം.
വോട്ട് ചെയ്യുന്നതിന് സഹായിയുടെ സേവനം തേടാം
കാഴ്ച്ചശക്തി ഇല്ലാത്തവര്‍ക്കും അനാരോഗ്യം നേരിടുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിന് 18 വയസില്‍ കുറയാത്ത ഒരു സഹായിയെ പോളിംഗ് ബൂത്തില്‍ കൊണ്ടുപോകാം.
ബാലറ്റ് യൂണിറ്റിലെ ചിഹ്നങ്ങള്‍ തിരിച്ചറിയാനോ കൃത്യമായ ബട്ടന്‍ അമര്‍ത്തി വോട്ട് ചെയ്യാനോ ശേഷിയില്ലാത്ത വോട്ടര്‍മാര്‍ക്കും വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ സഹായിയെ അനുവദിക്കും. സ്വയം വോട്ട് ചെയ്യാന്‍ ശേഷിയുള്ള വോട്ടര്‍മാര്‍ക്കൊപ്പം എത്തുന്ന സഹായികള്‍ക്ക് വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിനുള്ളില്‍ പ്രവേശനം ഉണ്ടാകില്ല. സാഹചര്യമനുസരിച്ച് പ്രിസൈഡിംഗ് ഓഫീസറാണ് തീരുമാനമെടുക്കുക.
സഹായിക്ക് വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ പ്രവേശനം അനുവദിക്കുമ്പോള്‍ നടപടികള്‍ റെക്കോര്‍ഡ് ചെയ്യും. ഒരേ വ്യക്തിക്ക് ഒന്നിലധികം ആളുകളുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. സഹായിയായി വോട്ട് ചെയ്യുന്നയാളുടെ വലത് ചൂണ്ടുവിരലില്‍ മഷിയടയാളം പുരട്ടും.
ആരാധനാലയങ്ങള്‍ പ്രചാരണ വേദിയാക്കരുത്;
ജാതിയുടെയും മതത്തിന്റെയും പേരില്‍
വോട്ട് ചോദിക്കരുത്
മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായും ഭാഷാപരമായും സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതും നിലവിലുളള ഭിന്നതയ്ക്ക് ആക്കം കൂട്ടുന്നതും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതുമായ ഒരു പ്രവര്‍ത്തനത്തിലും പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും കുറിച്ച് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് നയങ്ങള്‍, നടപടികള്‍, മുന്‍കാല പ്രവര്‍ത്തനങ്ങള്‍, നിലവിലുള്ള പ്രവൃത്തികള്‍ എന്നിവയില്‍ ഒതുക്കി നിര്‍ത്തേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടേയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല. രാഷ്ട്രീയ അഭിപ്രായ ഭിന്നതകളുടെ പേരില്‍ വ്യക്തികളുടെ വീടിന് മുന്‍പില്‍ പ്രകടനം നടത്തുക, പിക്കറ്റ് ചെയ്യുക എന്നിവ അനുവദനീയമല്ല. ശാന്തവും സമാധാനപരവുമായ കുടുംബജീവിതത്തിനുള്ള ഓരോ വ്യക്തിയുടെയും അവകാശം പൂര്‍ണമായും സംരക്ഷിക്കേണ്ടതാണ്.
അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയോ കെട്ടിടമോ ചുറ്റുമതിലോ പ്രചാരണ പ്രവര്‍ത്തനങ്ങളായി ഉപയോഗിക്കാന്‍ പാടില്ല. മറ്റു പാര്‍ട്ടിക്കാരുടെ പരിപാടികളില്‍ കുഴപ്പമുണ്ടാക്കുന്നതും അവിടെ തങ്ങളുടെ ലഘുലേഖകളോ മറ്റോ വിതരണം ചെയ്യുന്നതും കുറ്റകരമാണ്. ഒരു പാര്‍ട്ടിയുടെ പോസ്റ്ററുകളും ബാനറുകളും മറ്റും മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യാന്‍ പാടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൈതാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങള്‍ അനുവദിക്കുമ്പോള്‍ നിഷ്പക്ഷമായി എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ ലഭ്യമാക്കണം. ഔദ്യോഗിക ജോലികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുകയോ വോട്ടര്‍മാര്‍ക്ക് പണവും മറ്റ് പ്രലോഭനങ്ങളും നല്‍കുകയോ ചെയ്യരുത്. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന ഔദ്യോഗികമല്ലാത്ത ഐഡന്റിറ്റി സ്ലിപ്പുകളില്‍ ചിഹ്നം, പാര്‍ട്ടിയുടെ പേര്, സ്ഥാനാര്‍ഥിയുടെ പേര് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിട്ടേണിംഗ് ഓഫീസര്‍, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതൊരു വിഷയത്തിലും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ തുടങ്ങിയവ കൃത്യമായും പാലിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ സി വിജില്‍ വഴിയോ നിരീക്ഷകര്‍, റിട്ടേണിംഗ് ഓഫീസര്‍, സെക്ടര്‍ മജിസ്ട്രേറ്റ്, ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ഇലക്ഷന്‍ കമ്മീഷന്‍ എന്നിവരെ നേരിട്ടോ അറിയിക്കാം.