അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് സെന്‍ററുകള്‍ തീരുമാനിച്ചു

 

ജില്ലയില്‍ മാര്‍ച്ച് 28, 29, 30 തീയതികളില്‍
വോട്ട് രേഖപ്പെടുത്താം

നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കായി പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ പത്തനംതിട്ട ജില്ലയില്‍ ഒരുക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് രീതി ഉപയോഗപ്പെടുത്താം.
ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, വനം വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേസ്, പോസ്റ്റല്‍ സര്‍വീസ്, ടെലഗ്രാഫ്, ആംബുലന്‍സ് സര്‍വീസ്, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തയാറാക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. പത്തനംതിട്ട ജില്ലയില്‍ മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം വിനിയോഗിക്കാം. അതാത് വകുപ്പുകളില്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ നല്‍കിയ ജീവക്കാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ ചുവടെ:

കോന്നി നിയോജക മണ്ഡലം:- കോന്നി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. ( കോന്നി വില്ലേജ് ഓഫീസിന് സമീപം).

റാന്നി നിയോജക മണ്ഡലം:- റാന്നി എം.എസ് എച്ച്.എസ്.എസ് (ക്ലാസ് റൂം നമ്പര്‍ ഒന്‍പത് എ).

അടൂര്‍ നിയോജക മണ്ഡലം:- അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍.

തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല ആര്‍.ഡി.ഒ ഓഫീസ്.

ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പോളിംഗ് ടീം ഉണ്ടായിരിക്കും. സ്ഥാനാര്‍ഥികളുടെ ഏജന്റ്മാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ വോട്ടിംഗ് പ്രക്രിയ നിരീക്ഷിക്കാം. വോട്ട് ചെയ്ത ബാലറ്റ് 13 ബി ചെറിയ കവറില്‍ ഇട്ടതിന് ശേഷം 13 സി വലിയ കവറില്‍ ഇടുന്നു. വോട്ട് രേഖപ്പെടുത്തിയ കവറുകള്‍ ബാലറ്റ് ബോക്‌സില്‍ നിക്ഷേപിക്കുന്നു. ഓരോ ദിവസത്തെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് ദിവസം പ്രത്യേക കവറില്‍ പോസ്റ്റല്‍ ബാലറ്റ് ഇന്‍ പി.വി.സി എന്ന് രേഖപ്പെടുത്തി അതത് റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *