പത്തനംതിട്ട ജില്ലയില്‍ 716 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്

 

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ 716 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടത്തി.

സുഗമവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വോട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിച്ച് വോട്ട് ചെയ്യാന്‍ വരുന്നവരുടെ മുഖം ഉള്‍പ്പെടെ വീഡിയോയില്‍ പകര്‍ത്തുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ഈ ബൂത്തുകളില്‍ ഒരു ഉദ്യോഗസ്ഥന്‍ സന്നിഹിതനായിരിക്കും. വെബ് കാസ്റ്റിംഗിന്റെ മുഴുവനായുള്ള നിരീക്ഷണം ജില്ലാ തലത്തില്‍ സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമില്‍ മുഴുവന്‍ സമയവും വീക്ഷിക്കും. ഇതിനായി 60 ഉദ്യോഗസ്ഥരെ നിയോഗിക്കും.

വെബ് കാസ്റ്റിംഗ് നടത്തുന്ന ബൂത്തുകളില്‍ കെ.എസ്.ഇ.ബി വൈദ്യുതിയും ബി.എസ്.എന്‍.എല്‍ നെറ്റ് കണക്ഷനും ഉറപ്പാക്കും. വെബ്കാസ്റ്റിംഗ് നടപ്പാക്കുന്നത് കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ്. വെബ്കാസ്റ്റിംഗ് നടത്തുന്ന ബൂത്തുകളില്‍ ഏപ്രില്‍ അഞ്ചിന് മുമ്പായി ടെസ്റ്റ് റണ്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, റിട്ടേണിംഗ് ഓഫീസര്‍മാരായ അടൂര്‍ ആര്‍.ഡി.ഒ എസ്.ഹരികുമാര്‍, തിരുവല്ല ആര്‍.ഡി.ഒ സുരേഷ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.സന്തോഷ്, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ബീനറാണി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *