നിയമസഭാ തെരഞ്ഞെടുപ്പ്: കോവിഡ് പ്രതിരോധം പത്തനംതിട്ട ജില്ലയില്‍ ശക്തമാക്കി

 

കോവിഡ് പ്രതിരോധം തെരഞ്ഞെടുപ്പ് ദിനത്തിലും ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകേന്ദ്രം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും നോഡല്‍ ഓഫീസര്‍മാരടങ്ങിയ ഹെല്‍ത്ത് കോ-ഓഡിനേഷന്‍ ടീമിനേയും നിയമിച്ചു. ജില്ലാതല നോഡല്‍ ഓഫീസറായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷനെ നിയമിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ദിനം പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരെ തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് പരിശോധിക്കും. തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിക്കുന്നതിനും സാനിറ്റൈസര്‍ വിതരണത്തിനുമായി ഒരു പോളിങ് ബൂത്തിലേക്ക് രണ്ടുപേരെ വീതം നിയോഗിച്ചിട്ടുണ്ട്.

ആശ വര്‍ക്കര്‍മാര്‍, അങ്കന്‍വാടി ജീവനക്കാര്‍, ഓഫീസ് അസിസ്റ്റന്റ്മാര്‍ തുടങ്ങിയവര്‍ക്കാണ് ഇതിന്റെ ചുമതല. വോട്ട് ചെയ്യാനെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുക, ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതിനുള്ള സഹായം ചെയ്യുക, മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന മാസ്‌ക് നല്‍കുക തുടങ്ങിയവയും ഈ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. മാര്‍ച്ച് 30 ന് രാവിലെ 10 മുതല്‍ നാലു സെക്ഷനുകളിലായി അതത് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *