അവശ്യസര്‍വീസിലുള്ള സമ്മതിദായകര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് 28, 29, 30 തീയതികളില്‍

 

കേരളാ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസന്‍ഷ്യല്‍ സര്‍വീസ്) പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഈ മാസം 28, 29, 30 തീയതികളില്‍ സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ക്രമീകരിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ ചുവടെ:

കോന്നി നിയോജക മണ്ഡലം:- കോന്നി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. (കോന്നി വില്ലേജ് ഓഫീസിന് സമീപം).

റാന്നി നിയോജക മണ്ഡലം:- റാന്നി എം.എസ് എച്ച്.എസ്.എസ് (ക്ലാസ് റൂം നമ്പര്‍ ഒന്‍പത് എ).

അടൂര്‍ നിയോജക മണ്ഡലം:- അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍.

തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല ആര്‍.ഡി.ഒ ഓഫീസ്.

ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

അതാത് വകുപ്പുകളില്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ 12 ഡി ഫോം സഹിതം മാര്‍ച്ച് 17 ന് വൈകിട്ട് അഞ്ചിനകം അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കിയ ജീവക്കാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഓരോ വകുപ്പിലും നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ അവരവരുടെ വകുപ്പിലെ അവശ്യസേവന വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെല്ലാം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്ന് അഞ്ച് നിയോജക മണ്ഡലങ്ങളിലെയും വരണാധികാരികള്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ സര്‍വീസ് വോട്ടുകള്‍ കൂടുതലുള്ളത് അടൂരില്‍

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകളുള്ള മണ്ഡലം അടൂരാണ്. അഞ്ചു മണ്ഡലങ്ങളിലായി 3938 സര്‍വീസ് വോട്ടുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 3768 പുരുഷന്‍മാരും 170 സ്ത്രീകളുമുണ്ട്.
തിരുവല്ലയില്‍ 415 പുരുഷ വോട്ടര്‍മാരും 38 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പടെ 453 സര്‍വീസ് വോട്ടുകളാണുള്ളത്. റാന്നിയില്‍ 433 പുരുഷന്‍മാരും 19 സ്ത്രീകളും ഉള്‍പ്പെടെ 452 പേര്‍ സര്‍വീസ് വോട്ടര്‍മാരായുണ്ട്. ആറന്മുളയില്‍ 696 പുരുഷന്‍മാരും 30 സ്ത്രീകളുമായി ആകെ 726 പേരും കോന്നിയില്‍ 974 പുരുഷന്‍മാരും 35 സ്ത്രീവോട്ടര്‍മാരുമായി 1009 പേരും അടൂരില്‍ 1250 പുരുഷ വോട്ടര്‍മാരും 48 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1298 സര്‍വീസ് വോട്ടുകളുമാണ് ഉള്ളത്.

ആരാണ് സര്‍വീസ് വോട്ടര്‍മാര്‍?
എത് വിധത്തിലാണ് അവര്‍ വോട്ട് ചെയ്യുന്നത്?

സേനാ വിഭാഗങ്ങളിലുള്ളവരാണ് സര്‍വീസ് വോട്ടര്‍മാര്‍. സര്‍വീസ് വോട്ടര്‍ പോര്‍ട്ടല്‍ വഴിയാണ് വോട്ടേഴ്സ് ലിസ്റ്റില്‍ ഇവര്‍ പേരുചേര്‍ക്കുന്നത്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.ബി.പി.എസ്) പോര്‍ട്ടല്‍ വഴിയാണ് ഇവര്‍ക്കുള്ള വോട്ടര്‍ പട്ടിക അപ്ലോഡ് ചെയ്യുന്നത്. ഇതിനുശേഷം റിട്ടേണിംഗ് ഓഫീസര്‍മാര്‍ വോട്ടര്‍മാര്‍ക്കുള്ള ബാലറ്റ് പേപ്പര്‍ തയാറാക്കി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നു. സര്‍വീസ് വോട്ടര്‍മാര്‍ അവരവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം തിരിച്ച് തപാല്‍ മാര്‍ഗം അതത് റിട്ടേണിംഗ് ഓഫീസര്‍ക്ക് അയക്കും. ക്യു.ആര്‍ കോഡ് ബാലറ്റില്‍ പതിക്കുമെന്നതിനാല്‍ ഇത്തരം വോട്ടുകള്‍ മറ്റാര്‍ക്കും തുറക്കാനാകില്ല എന്ന് മാത്രമല്ല വ്യാജവോട്ട് തടയാനുമാകും. വോട്ടെണ്ണല്‍ ദിനം വരെ വരണാധികാരികളാണ് ബാലറ്റുകള്‍ സൂക്ഷിക്കുക. വോട്ടെണ്ണല്‍ ദിനം രാവിലെ എട്ടിന് മുമ്പ് എത്തുന്ന സര്‍വീസ് വോട്ടുകളാണ് എണ്ണുക.

നിയമസഭാ തെരഞ്ഞെടുപ്പ്: വിവരങ്ങള്‍ അതിവേഗം രേഖപ്പെടുത്താന്‍ പോള്‍ ആപ്പ്

നിയമസഭാ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങള്‍ വേഗത്തിലറിയാനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി പോള്‍ മാനേജര്‍ ആപ്പ്. വോട്ടെടുപ്പ് ദിവസവും തലേന്നുമാണ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുക.
പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാന്‍ അനുമതി. ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ വഴി ആപ്ലിക്കേഷന്‍ ലഭ്യമാക്കും. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കാം.
പത്തനംതിട്ട ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളില്‍നിന്നും വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ പോള്‍ മാനേജരിലൂടെ ജില്ലാ കളക്ടര്‍ക്കും വരണാധികാരികള്‍ക്കും തത്സമയം നിരീക്ഷിക്കാം. വോട്ടിങ് മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നതു മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് കളക്ഷന്‍ സെന്ററില്‍ എത്തിക്കുംവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആപ്പില്‍ തത്സമയമാണ് രേഖപ്പെടുത്തുന്നത്. ഓരോ മണിക്കൂറിലുമുള്ള പോളിങ് ശതമാനമടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും.
വോട്ടിങ് മെഷീന്‍ തകരാറുകളോ ക്രമസമാധാന പ്രശ്നങ്ങളോ കാരണം പോളിങ് തടസപ്പെട്ടാല്‍ എസ്.ഒ.എസ് മുഖേന ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറാനും സാധിക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിങ് മെഷീന്‍ സ്വീകരിക്കുന്നത് മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് മെഷീന്‍ തിരികെ ഏല്‍പ്പിക്കുന്നതു വരെയുള്ള കൃത്യനിര്‍വഹണം സംബന്ധിച്ച വിവരങ്ങളെ കുറിച്ചുള്ള 21 ചോദ്യങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതത് സമയങ്ങളില്‍ തന്നെ ഉദ്യോഗസ്ഥര്‍ മറുപടികള്‍ രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് ഓഫീസര്‍, റിട്ടേണിങ് -അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, പോലീസ് തുടങ്ങിയവരുടെ നമ്പറുകള്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയതുവഴി തെരഞ്ഞെടുപ്പ് വിവരങ്ങള്‍ കൃത്യതയോടെയും അതിവേഗത്തിലും നിരീക്ഷിക്കാന്‍ കഴിയും.

തെരഞ്ഞെടുപ്പ് പരാതികള്‍ ഫോണിലൂടെ അറിയിക്കാം

തെരഞ്ഞെടുപ്പ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഫോണിലൂടെ അറിയിക്കാം. 9400727980 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. കൂടാതെ സി-വിജില്‍ ആപ്പിന്റെ ഭാഗമായ 9400653850 നമ്പരിലും വിവരങ്ങള്‍ കൈമാറാം.

 

Leave a Reply

Your email address will not be published. Required fields are marked *