സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം ഒന്നിലേയ്ക്ക് നീട്ടിയത്.
മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് ഈ മാസം 31 ന് മുൻപ് കിറ്റ് വിതരണം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന് ശേഷം അടുത്ത മാസം ആദ്യ ആഴ്ചയോടെ നീല, വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ഉണ്ടായതോടെ കിറ്റ് വിതരണം നീട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ അരി എത്തുന്നതിൽ കാലതാമസം ഉണ്ടായി. ഇതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചെങ്കിലും വിതരണത്തിന് വിലക്കേർപ്പെടുത്തുകയായിരുന്നു.