നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാഭരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) കാമ്പയിന്റെ ഭാഗമായി വോട്ട് വണ്ടി റാന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി .
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും തഹസില്‍ദാറുമായ രമ്യ എസ് നമ്പൂതിരി വോട്ട് വണ്ടിയുടെ മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു. സ്വീപ് റാന്നി നിയോജക മണ്ഡലം നോഡല്‍ ഓഫീസര്‍ എന്‍.വി സന്തോഷ് ടീമംഗങ്ങളായ കെ.ശശി, വിജയകമാര്‍ എന്നിവര്‍ വോട്ട് വണ്ടിയുമായി ഇലക്‌ട്രോണിക്‌സ് വോട്ടിംഗ് മെഷീന്‍ സഹിതം മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി.
അവശ്യസര്‍വീസിലുള്ള സമ്മതിദായകര്‍ക്ക്
പത്തനംതിട്ട ജില്ലയില്‍ തപാല്‍ വോട്ട് (28)മുതല്‍
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യസേവന വിഭാഗത്തില്‍പ്പെട്ട അസന്നിഹിതരായ സമ്മതിദായകര്‍ക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസന്‍ഷ്യല്‍ സര്‍വീസ്) (മാര്‍ച്ച് 28 ഞായര്‍) 30 വരെ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഈ മൂന്നുദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെ പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെ പോസ്റ്റല്‍ വോട്ടിങ് സെന്ററുകള്‍ ചുവടെ:
കോന്നി നിയോജക മണ്ഡലം:- കോന്നി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍. (കോന്നി വില്ലേജ് ഓഫീസിന് സമീപം), റാന്നി നിയോജക മണ്ഡലം:- റാന്നി എം.എസ് എച്ച്.എസ്.എസ് (ക്ലാസ് റൂം നമ്പര്‍ ഒന്‍പത് എ), അടൂര്‍ നിയോജക മണ്ഡലം:- അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍, തിരുവല്ല നിയോജക മണ്ഡലം:- തിരുവല്ല ആര്‍.ഡി.ഒ ഓഫീസ്, ആറന്മുള നിയോജക മണ്ഡലം:- പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
അതാത് വകുപ്പുകളില്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ 12 ഡി ഫോം സഹിതം മാര്‍ച്ച് 17 ന് വൈകിട്ട് അഞ്ചിനകം അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കിയ ജീവക്കാര്‍ക്കാണ് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിലുള്ള 16 അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്കാണ് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സര്‍വീസ്, വനം വകുപ്പ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേസ്, പോസ്റ്റല്‍ സര്‍വീസ്, ടെലഗ്രാഫ്, ആംബുലന്‍സ് സര്‍വീസ്, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, ഏവിയേഷന്‍, ഷിപ്പിംഗ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അവസരം.
പെരുമാറ്റച്ചട്ട ലംഘനം: 52,748 തെരഞ്ഞെടുപ്പ്
സാമഗ്രികള്‍ നീക്കം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുന്നു. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്ളക്സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നുണ്ട്.
ജില്ലയില്‍ ഇതുവരെ 52,748 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ ഒന്‍പത് ചുമരെഴുത്ത്, 36,621 പോസ്റ്ററുകള്‍, 8066 ബാനറുകള്‍, 8052 കൊടികള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നും 367 പോസ്റ്ററുകളും 60 കൊടികളും നാല് ഫ്‌ളെക്‌സുകളും ഉള്‍പ്പടെ 431 സാമഗ്രികളും നീക്കം ചെയ്തു.
തിരുവല്ല മണ്ഡലത്തില്‍ 7180 പ്രചാരണ സാമഗ്രികളും റാന്നി 18,229, ആറന്മുള 8001, കോന്നി 8729, അടൂര്‍ 10,609 സാമഗ്രികളുമാണ് നീക്കം ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും സമയബന്ധിതമായി നടപടിയെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലും ഓരോ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച ഫ്ളൈയിങ് സ്‌ക്വാഡ്, ആന്റി ഡിഫെയ്സ്മെന്റ്, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ്, വീഡിയോ സര്‍വെയ്ലന്‍സ് തുടങ്ങിയ വിവിധ സ്‌ക്വാഡുകള്‍ വഴി സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലേയും പൊതുഇടങ്ങളിലെയും പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനൊപ്പം, സ്വകാര്യ വസ്തുകളിലെയും ഇത്തരം സാമഗ്രഹികള്‍, വ്യക്തികളുടെ പരാതിയെ തുടര്‍ന്നോ അല്ലാതായോ നീക്കം ചെയ്യുന്നുണ്ട്. തങ്ങളുടെ അധികാര പരിധിയിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണുന്ന മുറയ്ക്ക് വരണാധികാരികള്‍ സ്വമേധയ നടപടി സ്വീകരിക്കും.