പത്തനംതിട്ട ജില്ലയിലെ 10,54,100 വോട്ടര്‍മാര്‍നാളെ ( ഏപ്രില്‍ 6)ബൂത്തിലേക്ക്
14,586 കന്നി വോട്ടര്‍മാര്‍
പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ (06) രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴ് വരെ 1530 ബൂത്തുകളില്‍ നടക്കും. മണ്ഡലത്തില്‍ ആകെ 10,54,100 വോട്ടര്‍മാരാണുള്ളത്. 5,53,930 സ്ത്രീ വോട്ടര്‍മാരും 5,00,163 പുരുഷ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. 2332 പ്രവാസി വോട്ടര്‍മാരും 3938 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. ആകെ വോട്ടര്‍മാരില്‍ 14,586 കന്നി വോട്ടര്‍മാരാണുള്ളത്.
തിരുവല്ലയില്‍ 2,12,288 വോട്ടര്‍മാരും റാന്നിയില്‍ 1,93,634 വോട്ടര്‍മാരും ആറന്മുളയില്‍ 2,37,351 വോട്ടര്‍മാരും കോന്നിയില്‍ 2,02,728 വോട്ടര്‍മാരും അടൂരില്‍ 2,08,099 വോട്ടര്‍മാരുമാണുള്ളത്.
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 7420 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രശ്‌നസാധ്യത, പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും സിസിടിവി സംവിധാനവും സജ്ജികരിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ വോട്ടിംഗ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി 147 മൈക്രോ ഒബ്‌സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
1530 ബൂത്തുകളിലേക്ക് 1896 ബാലറ്റ് യൂണിറ്റുകളും 1896 കണ്‍ട്രോള്‍ യൂണിറ്റുകളും 2037 വിവിപാറ്റ് യൂണിറ്റുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 25 മോഡല്‍ സ്റ്റേഷനുകളും അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകളും ക്രമീകരിച്ചിട്ടുണ്ട്.