പത്തനംതിട്ട ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും

 

പത്തനംതിട്ട ജില്ലയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി.എല്‍.റെഡ്ഡി അറിയിച്ചു. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിലായി ദൈനംദിന രോഗബാധിതരുടെ എണ്ണം നൂറിന് മുകളില്‍ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുളള എല്ലാവരും അടുത്തുളള ആരോഗ്യ സ്ഥാപനങ്ങളുായി ബന്ധപ്പെട്ട് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് തയാറാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍, ബൂത്ത് ഏജന്റുമാര്‍, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവരില്‍ രോഗലക്ഷണങ്ങള്‍ സംശയിക്കുന്നവര്‍ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകുകയും ക്വാറന്റൈനില്‍ പോകുകയും വേണം. വീട്ടിലുളള പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ ഉളളവര്‍, കുട്ടികള്‍ തുടങ്ങിയവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായി ഏഴ് ദിവസം ക്വാറന്റൈനിലിരിക്കുകയും തുടര്‍ന്ന് പരിശോധനയക്ക് വിധേയമാകുകയും ചെയ്യണമെന്നും കളക്ടര്‍ അറിയിച്ചു.

കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി താലൂക്ക് ആശുപത്രികള്‍, റാന്നി മേനാംതോട്ടം, പന്തളം അര്‍ച്ചന, അടൂര്‍ വൈ.എം.സി.എ, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നീ സി.എഫ്.എല്‍.ടി.സി കള്‍, വല്ലന സി.എച്ച്.സി, ഓതറ എഫ്.എച്ച്.സി എന്നിവിടങ്ങളിലാണു സര്‍ക്കാര്‍തലത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ ഉളളത്. കൂടാതെ അംഗീകൃത സ്വകാര്യ ലാബുകളിലും പരിശോധന സൗകര്യം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *