വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ സുരക്ഷിതം

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍. മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്‌ട്രോംഗ് റൂമുകളുടെ മേല്‍നോട്ടത്തിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യവുമുണ്ട്. ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സ്‌ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല 20 പേരടങ്ങിയ സായുധരായ കേന്ദ്ര പോലീസിനാണ്. ഈ സുരക്ഷാ കവചത്തിനു പുറത്തെ രണ്ടു തലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ സംസ്ഥാന പോലീസിനാണ്.

നിയമസഭ നിയോജക മണ്ഡലം, സ്‌ട്രോംഗ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്ന സ്ഥങ്ങള്‍ എന്ന ക്രമത്തില്‍: തിരുവല്ല – കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. റാന്നി- റാന്നി സെന്റ് തോമസ് കോളജ്. ആറന്മുള- കുമ്പഴ മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂള്‍ ( സി.ബി.എസ്.സി). കോന്നി – മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി. അടൂര്‍- അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍.

പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യണം: ജില്ലാ കളക്ടര്‍

വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രചാരണത്തിനായി സ്ഥാപിച്ച ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്ത് തുടങ്ങിയവ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *