രോഗ ലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

 

രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ കോവിഡ് ബോധവത്കരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 21 തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി തിരുവല്ല ഗവ.എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്യണം. ഇവര്‍ ക്വാറന്റൈനിലാണെന്ന് വാര്‍ഡുതല കമ്മറ്റികള്‍ ഉറപ്പു വരുത്തണം.

വാക്‌സിനേഷന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമല്ല മറ്റു സെന്ററുകളിലും നടത്താം. ഇങ്ങനെ നടത്തിയാല്‍ കൂടുതല്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ വാക്‌സിന്‍ നല്‍കുവാന്‍ സാധിക്കും.
രോഗലക്ഷണമുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും കോവിഡ് ടെസ്റ്റ് ചെയ്യുന്നെന്ന് അതത് മെഡിക്കല്‍ ഓഫീസര്‍മാരും വാര്‍ഡ്തല സമിതിയും ഉറപ്പുവരുത്തണം. ജില്ലയില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. ഒന്നില്‍ കൂടുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ വാക്‌സിനേഷന്‍ വ്യാപകമാക്കാന്‍ സാധിക്കും.

45 വയസിനു മുകളില്‍ പ്രായമുള്ള അഞ്ചു ലക്ഷത്തോളം ആളുകള്‍ ജില്ലയില്‍ ഉണ്ട്. രണ്ടു ലക്ഷത്തില്‍ അധികം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ കൊടുക്കുവാന്‍ സാധിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ സഹായം ഉറപ്പുവരുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെക്ടറല്‍ ഓഫീസര്‍മാരുടെ നിരീക്ഷണം ശക്തമാക്കും. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍.ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി,
ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ഐ. ജ്യോതിലക്ഷ്മി, 21 പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *