മന്ത്രി കെ.ടി ജലീൽ രാജിവച്ചു

മന്ത്രി കെ.ടി ജലീൽ രാജിവച്ചു

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധിക്കെതിരായ ഹർജി പരിഗണിക്കവെയാണ് ജലീലിന്റെ രാജി.

അൽപ്പ സമയം മുൻപാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതൻ വഴി ജലീൽ രാജി കത്ത് കൈമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു.

ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയിൽ പറഞ്ഞിരുന്നു. തുടർന്ന് കെ.ടി ജലീലിന് രാജിവയ്ക്കാൻ സമ്മർദമുണ്ടായിരുന്നു.

ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയായി കെ.ടി ജലീൽ. നേരത്തെ മന്ത്രിമാരായ ഇ.പി ജയരാജൻ, മാത്യു ടി തോമസ്, എ.കെ ശശീന്ദ്രൻ എന്നിവർ രാജിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *