കോവിഡ് പ്രതിരോധം: സമൂഹ വ്യാപനം തടയുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

 

കോവിഡ് 19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെയും ഉത്തരവുകള്‍ക്കു വിധേയമായി ദുരന്ത നിവാരണ നിയമം 2005 ലെ സെക്ഷന്‍ 26(2), 30, 33, 34 പ്രകാരം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ വരവ് പോക്ക് നിരീക്ഷിക്കാനായി അവരുടെ പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാന്‍ രജിസ്റ്റര്‍ സൂക്ഷിക്കണം. കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരമുളള ശുചീകരണ സാമഗ്രികള്‍ (സാനിറ്റൈസര്‍, സോപ്പ്, വെള്ളം) ഉപഭോക്താക്കള്‍ക്കായി പ്രവേശനകവാടത്തില്‍ തന്നെ സജ്ജമാക്കണം. മാസ്‌ക് ധരിക്കാതെ എത്തുന്ന ആളുകള്‍ക്ക് സ്ഥാപനത്തില്‍ പ്രവേശനം അനുവദിക്കരുത്. സാമൂഹിക അകലം പാലിക്കണം. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമ ഉറപ്പു വരുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തിര നടപടി സ്വീകരിക്കണം.

പൊതു ചടങ്ങുകള്‍ക്ക് (വിവാഹം, ഉത്സവം, സ്‌പോര്‍ട്‌സ്, കലാ-സാംസ്‌കാരിക പരിപാടികള്‍, ശവസംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയവ) ഔട്ട് ഡോര്‍ ചടങ്ങുകള്‍ക്ക് പരമാവധി 150 പേരും, ഇന്‍ഡോര്‍ ചടങ്ങുകള്‍ക്ക് പരമാവധി 75 പേരും മാത്രമേ പാടുള്ളൂ. വിവാഹം, ഉത്സവം, സ്പോര്‍ട്സ്, കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ പൊതു ചടങ്ങുകള്‍ മുന്‍കൂട്ടി കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു പരിപാടികളും രണ്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ല. വ്യാപാരസ്ഥാപനങ്ങള്‍, തീയേറ്ററുകള്‍, ബാറുകള്‍ എന്നിവ എല്ലാ ദിവസവും രാത്രി ഒന്‍പതിന് അടയ്ക്കണം. മീറ്റിംഗുകള്‍ കഴിവതും ഓണ്‍ലൈന്‍ വഴി നടത്തണം. ഹോട്ടലുകളും, റസ്റ്റോറന്റുകളും കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ഷോപ്പിംഗ് ഫെസ്റ്റിവല്‍ / മെഗാ സെയില്‍ എന്നിവ കോവിഡ് -19 രോഗ വ്യാപനം കുറയുന്നതുവരെയോ / അടുത്ത രണ്ടാഴ്ചത്തേയ്‌ക്കോ മാറ്റി വയ്ക്കണം. ബസുകളില്‍ യാതൊരു കാരണവശാലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിപ്പിക്കരുത്. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഇ-സജ്ജീവനി (ടെലി മെഡിസിന്‍) സംവിധാനത്തെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) കൂടുതല്‍ പ്രചരണം നടത്തണം. പുന:സംഘടിപ്പിച്ച വാര്‍ഡ്തല മോണിറ്ററിംഗ് കമ്മിറ്റികള്‍ ഏറ്റെടുത്ത് നടത്തേണ്ട കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടിമാര്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിന് നടപടി സ്വീകരിക്കണം.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി രജിസ്റ്റര്‍ ചെയ്ത കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ദുര്‍ബല വിഭാഗങ്ങളെയും ( 45 വയസിനു മുകളിലുള്ളവര്‍) കണ്ടെത്തി കോവിഡ് വാക്‌സിന്‍ ആദ്യമേ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, വാര്‍ഡ്തല കമ്മിറ്റികളും ഉറപ്പു വരുത്തണം. കൂടുതല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യം ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ ഏര്‍പ്പെടുത്തണം. വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അടിയന്തിര നടപടി സ്വീകരിക്കണം.

കണ്ടെയ്ന്റ്‌മെന്റ് സോണുകളിലെ നിയന്ത്രണങ്ങളും വ്യവസ്ഥകളും
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പല്‍ സെക്രട്ടിമാര്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനും ബാനര്‍ പ്രദര്‍ശിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണം.

1) യാത്രയുമായി ബന്ധപ്പെട്ട്
10 വയസിന് താഴെയുള്ളവര്‍, 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. അവശ്യ വസ്തുക്കള്‍ വാങ്ങാനും, ജോലി സംബന്ധമായും മാത്രം പൊതുജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ അനുവാദം ഉണ്ട്.

2) സ്ഥാപനവുമായി ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഓഫീസുകള്‍, അവശ്യസേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അക്ഷയ തുടങ്ങിയ എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ള സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സാമൂഹിക അകലം/ വിശ്രമിക്കാനുള്ള സൗകര്യം/ ടോക്കണ്‍ സൗകര്യം/ കൈകഴുകുന്നതിനുള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തി പൊതു ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.

3) അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട്
വ്യാപാരസ്ഥാപനങ്ങള്‍ക്ക് അകത്ത് ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തണം. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്ക് ഇടയാക്കും.
സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹിക അകലം പാലിക്കുന്നതിനായി ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങള്‍ (45 സെമി ഡയമീറ്റര്‍ സര്‍ക്കിള്‍) രേഖപ്പെടുത്തണം. ഈ അടയാളങ്ങള്‍ തമ്മില്‍ 150 സെമി അകലം ഉണ്ടായിരിക്കണം. കൂടാതെ സാനിറ്റൈസര്‍ / സോപ്പ് ഉപയോഗിച്ച് കൈ കഴുകാനുള്ള സൗകര്യം ക്രമീകരിക്കണം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കും. ഹോട്ടലുകളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ പാഴ്‌സല്‍ സര്‍വീസ് മാത്രമേ അനുവദിക്കു.

4) മറ്റ് നിബന്ധനകള്‍
വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരാമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. അല്ലാതെ ജനങ്ങള്‍ ഒത്തു കൂടാന്‍ പാടില്ല.
യാതൊരുവിധ രാഷ്ട്രീയമോ സാംസ്‌കാരികമോ, മതപരമായതോ ആയ പ്രകടനങ്ങളോ വിവാഹം, മരണാനന്തര ചടങ്ങുകള്‍ ഒഴികെയുള്ള കൂടിച്ചേരലുകളോ പാടില്ല.
കായിക കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, എന്നിവ നിരോധിച്ചിരിക്കുന്നു.

കോവിഡ് രോഗ ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതില്‍ 80 ശതമാനം ആളുകളെ 72 മണിക്കൂറിനകം കണ്ടെത്തുന്നതിനും 14 ദിവസം ക്വാറന്റൈനില്‍ ആക്കുന്നതിനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) നടപടിയെടുക്കണം. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ കൂടുതല്‍ ടെസ്റ്റിംഗ് ഏര്‍പ്പെടുത്തണം. കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സിആര്‍പിസി 144 പ്രഖ്യാപിക്കുന്നതിനും നടപടിയെടുക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ച വ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐപിസി സെക്ഷന്‍ 188 എന്നിവ പ്രകാരം ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കും. ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി, അതത് ഇന്‍സിഡന്റ് കമാന്റര്‍മാര്‍, സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *