വാക്‌സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം
പ്രയാസമില്ലാതെ ആളുകൾക്ക് വാക്‌സിൻ എടുത്തു പോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തും. ഓൺലൈനിൽ ബുക്ക് ചെയ്തു അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിൽ എത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ നിർദേശങ്ങൾ നൽകി.
കോവിഡ് ബോധവൽക്കരണം ശക്തിപ്പെടുത്തണം. അതിനായി ക്യാമ്പയിൻ നടത്തണം. എസ്എംഎസ് ക്യാമ്പയിനുകൾ ശക്തിപ്പെടുത്തും. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്. പുതിയ ഭരണസമിതികൾ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ വന്നു. ഒന്നാം ഘട്ടത്തിൽ നേതൃത്വപരമായ പങ്ക് നിർവഹിച്ചവരല്ല ഇപ്പോഴുള്ള പലരും. ജനപ്രതിനിധികൾക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ ഘട്ടം മറികടക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പങ്കാളിത്തം ഉണ്ടാകണം.
ജനങ്ങൾക്ക് ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പുനൽകൽ, ആവശ്യമായ നോട്ടീസ്, പോസ്റ്ററുകൾ ഒട്ടിക്കൽ എന്നിവ തദ്ദേശ സ്ഥാപന പരിധിയിൽ സംഘടിപ്പിക്കണം. വായനശാല, ക്ലബ്ബുകൾ തുടങ്ങി ആളുകൾ എത്തിച്ചേരുന്ന പൊതുഇടങ്ങളിൽ ആ പ്രദേശത്തെ കോവിഡ് അവസ്ഥ പ്രദർശിപ്പിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകണം. വീടുകളിൽ കഴിയുന്ന രോഗികൾക്ക് ഭക്ഷണം ലഭിക്കാൻ പ്രയാസം നേരിടും. അവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈ ഉണ്ടാകും.
വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡ്തല സമിതികൾ പുനരുജ്ജീവിപ്പിക്കണം. ആശാവർക്കർ, ആരോഗ്യ പ്രവർത്തകൻ, പോലീസ് പ്രതിനിധി, റവന്യു ജീവനക്കാരൻ, വോളണ്ടിയർ എന്നിവർ സമിതിയിൽ ഉണ്ടാവണം.
നേരത്തെ നിലവിലുണ്ടായിരുന്ന വളണ്ടിയർ പദ്ധതി ഫലപ്രദമാക്കണം. ചിലരെങ്കിലും ഒഴിവായി പോയിട്ടുണ്ടാകും. പുതിയ വളണ്ടിയർമാരെ ആവശ്യമെങ്കിൽ കണ്ടെത്തി സജ്ജമാക്കണം. അത് കൂടുതൽ ആവശ്യമുള്ള ഘട്ടമാണിത്.
സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിനേഷൻ പോളിസി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. അതു പ്രകാരം വാക്‌സിൻ ഉത്പാദകർ 50 ശതമാനം വാക്‌സിൻ മാത്രം കേന്ദ്ര സർക്കാരിനു നൽകിയാൽ മതി. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റിവയ്ക്കുന്നത്. നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ വലിയ സാമ്പത്തികബാധ്യത നേരിടുകയാണ്. സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ചുമതലയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് ലഭിക്കുന്ന കോവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കായിരിക്കും നൽകുക എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് 600 രൂപയും ഈടാക്കും. ഇത്തരത്തിൽ വാക്‌സിന്റെ വില കുതിച്ചുയർന്നാൽ കോവിഡ് പ്രതിസന്ധി തീർത്ത സാമ്പത്തിക വിഷമതകളിൽ ഉഴലുന്ന സംസ്ഥാനങ്ങളെ അതു വലിയ പ്രതിസന്ധിയിലാക്കും.
45 വയസ്സിനു മുകളിലുള്ള 1.13 കോടി ആളുകൾക്ക് മെയ് 20നുള്ളിൽ വാക്‌സിൻ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നിത്യേന 2.5 ലക്ഷം പേർക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, വാക്‌സിൻ ദൗർലഭ്യം കാരണം അതു തടസ്സപ്പെടുകയുണ്ടായി. ദിവസേന 3.7 ലക്ഷം പേർക്ക് ഇനി വിതരണം ചെയ്താൽ മാത്രമേ ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട്, സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതിനു പകരം, സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണം. വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിക്കാനാവശ്യമായ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ട്. സാധാരണ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകരുത്.
വാക്‌സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസ്സുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുത്. വാക്‌സിൻ ലഭിക്കാൻ കേന്ദ്ര സർക്കാർ ചാനൽ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സർക്കാരുകളും അടങ്ങുന്ന സർക്കാർ ചാനലാണ് വേണ്ടത്.