കോവിഡ് പ്രതിരോധം:സംസ്ഥാനത്ത് 1500 ഹെല്‍പ് ഡെസ്‌കുകള്‍

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനും വാക്‌സിന്‍ എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നുന്നതില്‍ സഹായിക്കുന്നതിനുമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലെ 1500 യൂത്ത് ക്ലബുകളില്‍ ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ് അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യൂത്ത് ക്ലബുകളുടെ പങ്കാളിത്തം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച വെബിനാറിലാണ് ഹെല്‍പ്പ് ഡസ്‌ക്കുകള്‍ തുടങ്ങാനുള്ള തീരുമാനം.

ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ നെഹ്‌റു യുവ കേന്ദ്രകളുടെ മേല്‍നോട്ടത്തിലായിരിക്കും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക. ഓരോ ജില്ലയിലും 100 യൂത്ത് ക്ലബുകളിലാണ് ആദ്യ ഘട്ടത്തില്‍ ഡസ്‌കുകള്‍ തുടങ്ങുന്നത്. പിന്നീട് നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളിലും ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.

സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ചിട്ടുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത അഭ്യര്‍ത്ഥിച്ചു. അഡിഷണല്‍ ഡയറക്ടര്‍, നെഹ്‌റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍, ജില്ലാ യൂത്ത് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *