കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഫീസുകളിലെത്തുന്ന ജീവനക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ കോവിഡ് കേസുകളും പോസിറ്റിവിറ്റി നിരക്കും വര്‍ധിച്ചു വരുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്.
ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ ഒരാഴ്ചയായി വന്‍ വര്‍ധനയാണുള്ളത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ജോലിക്കെത്തുന്നവര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം.
* എല്ലാ ജീവനക്കാരും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തുകയോ, ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി ഉപേക്ഷിക്കുകയോ ചെയ്യരുത്.
* ഓഫീസുകളില്‍ സീറ്റുകള്‍ അകലം പാലിച്ചുകൊണ്ട് ക്രമീകരിക്കണം.
* ഓഫീസ് മുറികളും ജനാലകളും വാതിലുകളും തുറന്നു വായുസഞ്ചാരം ഉറപ്പുവരുത്തണം.
* ജീവനക്കാര്‍ കൂട്ടം കൂടരുത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഭക്ഷണം പങ്കുവയ്ക്കുന്നതും ഒഴിവാക്കണം.
* സ്വകാര്യവസ്തുക്കള്‍ (പേന, മൊബൈല്‍ ഫോണ്‍, കുപ്പിവെള്ളം തുടങ്ങിയവ) കൈമാറുന്നത് ഒഴിവാക്കുക.
* എല്ലാ ഓഫീസുകളിലും ഒരു ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കുകയും സന്ദര്‍ശകരുടെ പേരും ഫോണ്‍ നമ്പരും എഴുതാന്‍ ഒരു ജീവനക്കാരനെ നിയോഗിക്കേണ്ടതുമാണ്.
* ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യത്തിനുള്ള സാനിറ്റൈസര്‍ കരുതേണ്ടതാണ്.
* ബാങ്കുകളില്‍ ഉപഭോക്താക്കളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സീകരിക്കേണ്ടതാണ്.
* രോഗലക്ഷണങ്ങള്‍ ഉള്ളവരോ, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരോ ഉണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും റിസള്‍ട്ട് വരുന്നതുവരെ സ്വയം നിരീക്ഷണത്തില്‍ തുടരേണ്ടതുമാണ്.
രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പ്രവര്‍ത്തിക്കാനെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.