കൗണ്ടിംഗ് ഏജന്റ് നിയമനം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ മേല്‍നോട്ടത്തിന് സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായി കൗണ്ടിംഗ് ഏജന്റിന് ആര്‍.ടി.പി.സി.ആര്‍/ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ലഭ്യമാക്കുകയുള്ളൂ.
നിയമിക്കുന്നതിനു നിയമപ്രകാരം പ്രത്യേക യോഗ്യതയൊന്നും നിഷ്‌കര്‍ഷിക്കപ്പെടുന്നില്ല. എന്നാല്‍, സ്ഥാനാര്‍ഥിയുടെ താല്‍പര്യം സംരക്ഷിക്കാനായി 18 വയസിനു മുകളില്‍ പ്രായമുള്ള, പക്വതയുള്ളവരെ ഏജന്റായി നിയമിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ഇല്ലാത്തതിനാല്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരം നിലവിലെ കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി, എം.പി, എം.എല്‍.എ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, കോര്‍പറേഷന്‍ മേയര്‍, നഗരസഭ ചെയര്‍പേഴ്സന്‍, ജില്ല, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ദേശീയ, സംസ്ഥാന, ജില്ലാ സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍പേഴ്സന്‍, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍പേഴ്സനായി നിയോഗിക്കപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചെയര്‍പേഴ്സന്‍, ഗവ. പ്ലീഡര്‍, അഡീഷനല്‍ ഗവ. പ്ലീഡര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ കൗണ്ടിംഗ് ഏജന്റായി നിയമിക്കരുത്. കൂടാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ നല്‍കുന്ന വ്യക്തികളെയും കൗണ്ടിംഗ് ഏജന്റായി നിയമിക്കരുത്. ഇത്തരം വ്യക്തികള്‍ക്കു നല്‍കിയ സുരക്ഷ ഉപേക്ഷിച്ച് കൗണ്ടിംഗ് ഏജന്റാകാന്‍ കഴിയില്ല. സുരക്ഷയുള്ള വ്യക്തിയോടൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ കഴിയില്ല. സുരക്ഷ ഉപേക്ഷിച്ച് കൗണ്ടിംഗ് ഹാളില്‍ കയറുന്നതു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നതിനാലാണിത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൗണ്ടിംഗ് ഏജന്റാകുന്നത് മൂന്നു മാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.