കോവിഡ് വ്യാപനം; പോലീസ് കര്‍ശന പരിശോധന ഉറപ്പാക്കി

 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഉടനീളം കര്‍ശന പരിശോധന ഉറപ്പാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. കണ്ടെയ്‌മെന്റ് സോണുകളില്‍ ഉള്‍പെടെ ജില്ലയില്‍ 40 ഇടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് കര്‍ശന പരിശോധന ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിച്ചു. പോലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിയന്ത്രിക്കും. കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും നിരീക്ഷിക്കാനും സഹായിക്കാനും പ്രത്യേക സംവിധാനം ഒരുക്കും. നിലവില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പുറമെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം എന്നിവയും ചേര്‍ത്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.
ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കൂടുതല്‍ ജാഗ്രത കാട്ടണം. നിയമലംഘകരെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തും. അഥിതി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്തി അവര്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനായി ഡിവൈഎസ്പി മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. അഥിതി തൊഴിലാളികളുടെ ആശങ്കയകറ്റും. അവര്‍ക്ക് സുരക്ഷിതത്വബോധം സൃഷ്ടിക്കാന്‍ ശ്രമിക്കും. നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഇന്നലെ വൈകുന്നേരം മുതല്‍ ഇന്ന് (28.04.2021 ബുധന്‍) വൈകിട്ട് നാലുവരെ ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് ആകെ 112 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 114 പേരെ അറസ്റ്റ് ചെയ്തു. ഒരു കടയുടമയ്‌ക്കെതിരെ നടപടിയെടുത്തു, ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരാള്‍ക്കെതിരെ കേസ് എടുത്തു. മാസ്‌ക് വയ്ക്കാത്തതിന് 1411 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 1322 പേര്‍ക്കെതിരെയും പെറ്റി കേസ് ചാര്‍ജ് ചെയ്തതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *