നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ല

 

കോവിഡ് സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഓണ്‍ലൈനായി ചേര്‍ന്നു.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഏപ്രില്‍ 30ന് രാവിലെ ഏഴിന് ശേഷമുള്ള കോവിഡ് നെഗറ്റീവായിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ ആന്റിജന്‍ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിംഗ് ഏജന്റുമാര്‍ ഹാജരാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കൗണ്ടിംഗ് ഏജന്റുമാരുടെ ലിസ്റ്റ് ജില്ലാ പോലീസ് മേധാവിക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമാറണം.

കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കും. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ കൗണ്ടിംഗ് ഏജന്റുമാര്‍ക്കായി കോവിഡ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ വിവിധ സ്ഥലങ്ങളിലായി ഉണ്ടാകും. ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കപ്പെടുന്ന കൗണ്ടിംഗ് ഏജന്റുമാരുടെ നിശ്ചിത എണ്ണംപേരെ കോവിഡ് പരിശോധനയ്ക്ക് റിസര്‍വായി രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാക്കണം. ഓരോ നിയോജക മണ്ഡലത്തിലും നിയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ കൗണ്ടിംഗ് ഏജന്റുമാരില്‍ പകുതി പേര്‍ പി.പി.ഇ കിറ്റ് ധരിച്ചിരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

വോട്ടെണ്ണലിനു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിംഗ് ഏജന്റുമാരും എന്‍-95 മാസ്‌ക്ക് തന്നെ ധരിച്ചിരിക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തെര്‍മ്മല്‍ സ്‌കാനര്‍, സാനിടൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. വിജയിയായ സ്ഥാനാര്‍ഥിക്ക് ഒപ്പം പരമാവധി രണ്ടു പേര്‍ക്കേ റിട്ടേണിംഗ് ഓഫീസറുടെ ചേമ്പറിലേക്കു പ്രവേശിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാകുവെന്നും കളക്ടര്‍ വ്യക്തമാക്കി.

പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിജയാഘോഷങ്ങള്‍ അനുവദിക്കില്ല എന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ആളുകള്‍ കൂട്ടം കൂടിയുള്ള ആഹ്ലാദ പ്രകടനങ്ങളും റോഡ് ഷോയും അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടം കൂടിയുള്ള ആഹ്ലാദ, ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണം. കൗണ്ടിംഗിന് നിയോഗിക്കുന്നവര്‍ ഫെയ്‌സ് ഷീല്‍ഡ് ധരിക്കുന്നതു നല്ലതായിരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ശാരീരിക അകലം പാലിക്കുന്നതിനു റിട്ടേണിംഗ് ഓഫീസര്‍മാര്‍ പ്രത്യേക ശ്രദ്ധ നല്‍കണം. കൗണ്ടിംഗ് ഏജറ്റുമാര്‍ക്കു കോവിഡ് പരിശോധന സൗജന്യമായി ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൗണ്ടിംഗ് ഏജറ്റുമാരുടെ കോവിഡ് പരിശോധനാ ഫലം വൈകാനുള്ള ഇടയുണ്ടാകരുതെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.കെ.അനന്തഗോപന്‍, ബാബു ജോര്‍ജ്, വി.ആര്‍ സോജി, വിജയകുമാര്‍ മണിപ്പുഴ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *