നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് തുടങ്ങും

 

പത്തനംതിട്ട ജില്ലയിലെ നിയമസഭാ വോട്ടെണ്ണല്‍ ( ഏപ്രില്‍ 02) രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെതന്നെ ലീഡ് നില വ്യക്തമാകുമെങ്കിലും കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ബൂത്തുകളുടെ എണ്ണം കൂടിയതും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം കൂടിയതും ഔദ്യോഗിക ഫല പ്രഖ്യാപനം വൈകിയേക്കും.

തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കുറ്റപ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, റാന്നി നിയോജക മണ്ഡലത്തിലെ റാന്നി സെന്റ് തോമസ് കോളേജ്, ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂള്‍, കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ്, അടൂര്‍ നിയോജക മണ്ഡലത്തിലെ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂള്‍ എന്നിവമേയ് 2 ഞായര്‍ ) പുലര്‍ച്ചെ അഞ്ചു മുതല്‍ സജീവമാകും.

രാവിലെ അഞ്ചിനാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട തരംതിരിക്കല്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും ഇതിന് മുന്നേ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തും.
അഞ്ച് നിയസഭാ മണ്ഡലങ്ങളിലെയും പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. പോസ്റ്റല്‍ ബാലറ്റുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്ന ശേഷമേ ഇ.വി.എമ്മുകളുടെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നടത്താവൂ എന്ന മുന്‍ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്.
കൗണ്ടിംഗ് ഹാളിന്റെ മെയിന്‍ ഗേറ്റില്‍ നിന്നും ഇരു വശത്തേക്കും 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെടസ്ട്രിയന്‍ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹനങ്ങള്‍ ഒന്നും കടത്തി വിടില്ല. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളില്‍ ഉണ്ടാകുക. കൂടാതെ ഒരോ സ്ഥാനാര്‍ത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളില്‍ ഉണ്ടാകും.
കോവിഡ് പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍/ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്കോ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കൂ. പൊതു ജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമില്ല

വിവി പാറ്റ് നറുക്കെടുപ്പിലൂടെ

ഇവിംഎം കൗണ്ടിംഗ് കഴിഞ്ഞശേഷമേ വിവിപാറ്റ് രസീതുകള്‍ എണ്ണുകയുള്ളൂ. ഏതൊക്കെ ബൂത്തുകളിലെ വിവി പാറ്റുകളാണ് എണ്ണേണ്ടതെന്ന കാര്യം നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ട അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് ആണ് എണ്ണുക. മെഷീനുകളിലെയും വി.വി.പാറ്റിലെയും കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ വീണ്ടും എണ്ണും.

ഓരോ നിയോജക മണ്ഡലത്തിലേയും വോട്ടെണ്ണല്‍ ഇങ്ങനെ

തിരുവല്ല നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുറ്റമ്പുഴ മര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ്. ഇവിഎം മെഷീനിനായി 20 ടേബിളുകളിലായി 16 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി സെന്റ് തോമസ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.
ആറന്മുള നിയോജക മണ്ഡലത്തില്‍ കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 18 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ഏഴ് ടേബിളുകളുമാണുള്ളത്.
കോന്നി നിയോജക മണ്ഡലത്തില്‍ മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 19 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് ആറ് ടേബിളുകളുമാണുള്ളത്.
അടൂര്‍ നിയോജക മണ്ഡലത്തില്‍ മണക്കാല തപോവന്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. ഇവിഎം മെഷീനിനായി 15 ടേബിളുകളിലായി 21 റൗണ്ടുകളും പോസ്റ്റല്‍ ബാലറ്റിന് അഞ്ച് ടേബിളുകളുമാണുള്ളത്.

കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ഇവര്‍ക്ക് മാത്രം

പത്തനംതിട്ട ജില്ലയിലെ നിയമസഭാ മണ്ഡലത്തിലെ വോട്ട് എണ്ണല്‍ കേന്ദ്രങ്ങളില്‍ (ഏപ്രില്‍ 02) കര്‍മനിരതരാവുക 1700 ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരും.

റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, കൗണ്ടിംഗ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും വാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചുവരും ആയിരിക്കണം.
എല്ലാ നിയോജക മണ്ഡലത്തിലത്തിലും ഓരോ സ്ഥാനാര്‍ഥിക്കും ഒരു ടേബിളില്‍ ഒരു കൗണ്ടിംഗ് ഏജന്റിനെ നിയോഗിക്കാം. കൂടാതെ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന സ്ഥലത്ത് ഒരു ടേബിളില്‍ ഒരാളെയും സര്‍വീസ് വോട്ട് എണ്ണുന്ന ഇടിപിബിഎസ് സ്ഥലത്ത് ഒരാളെയും നിയമിക്കാം. സ്ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും അവരുടെ അസാന്നിധ്യത്തില്‍ ചീഫ് കൗണ്ടിംഗ് ഏജന്റിനും എല്ലാ കൗണ്ടിംഗ് ഹാളിലും പ്രവേശിക്കാം. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരം പ്രത്യേക ഇരിപ്പിടം സജീകരിച്ചിട്ടുണ്ട്. ഈ ഏജന്റുമാരെ അവരവരുടെ ഇരിപ്പിടം വിട്ട് സഞ്ചരിക്കാന്‍ അനുവദിക്കില്ല.

ഹാളിനുള്ളില്‍ പ്രവേശിക്കുന്ന എല്ലാവരും നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കുകയും ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച എല്ലാ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിര്‍ദേശം അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ആരെയും കൗണ്ടിംഗ് ഹാളില്‍നിന്ന് പുറത്താക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണല്‍ കേന്ദ്രത്തിലും പാലിക്കപ്പെടേണ്ടതാണ്.

യൂണിഫോമിലായാലും സിവില്‍ വേഷത്തിലായാലും പോലീസുകാര്‍ക്ക് വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശനമില്ല. അവര്‍ പുറത്തുനില്‍ക്കേണ്ടതും റിട്ടേണിംഗ് ഓഫീസറുടെ ആവശ്യപ്രകാരം മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്.
മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക മുറി

വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്‌സര്‍വര്‍മാര്‍ക്കും വരണാധികാരികള്‍ക്കും മാത്രമേ അനുമതിയുള്ളൂ. ജീവനക്കാരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിനു പ്രത്യേക മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ണമായി പകര്‍ത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ.

ഇടിപിബിഎസ്, എന്‍കോര്‍ ടെക്നിക്കല്‍
ഉദ്യോഗസ്ഥരെ നിയമിച്ചു

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇടിപിബിഎസ്, എന്‍കോര്‍ തുടങ്ങിയവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍, നെറ്റ്വര്‍ക്ക്് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ഫീല്‍ഡ് ലെവല്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ നിയമിച്ചു ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ മണ്ഡലം തിരിച്ച് ചുവടെ:-തിരുവല്ല – ശരത് സുരേന്ദ്രന്‍, അമിത സാറാ ജോയ്, റാന്നി – പി.എല്‍ ലിഷ, കെ.ഐ സഫീന മോള്‍, ആറന്മുള – വിനീത് ഫിലിപ് മാത്യു, കോന്നി – അനുജിത്ത് ലാല്‍, അടൂര്‍ – എസ് ജിഷ്ണു. നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്:-കെ.എ. അരുണ്‍, എന്‍.ആര്‍ രതിഷ്‌കുമാര്‍.

ഫീല്‍ഡ് ലെവല്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ ചുവടെ:- തിരുവല്ല – മനു മോഹന്‍, റാന്നി – ഡെറിന്‍ ഉമ്മന്‍ മാത്യു, ആറന്മുള – നിബു മാത്യു അബ്രഹാം, കോന്നി – ജിതിന്‍ കോശി, അടൂര്‍ – ജോബി കെ ജോണ്‍സണ്‍, ജില്ലാ ആസ്ഥാനം – അമല്‍ കുമാര്‍

ജില്ലാതല ഇടിപിബിഎസ്, എന്‍കോര്‍ എന്നിവയ്ക്കായി വിന്യസിച്ചിരിക്കുന്ന സാങ്കേതിക ഉദ്യോഗസ്ഥര്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ചുവടെ
എന്‍കോര്‍ ജില്ലാതല നോഡല്‍ ഓഫീസര്‍ -നിജു എബ്രഹാം (അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍), ഇടിപിഎസ് ജില്ലാതല നോഡല്‍ ഓഫീസര്‍ – ടി.ആര്‍ ബിജുരാജ് (ജില്ലാ ലേബര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട്), അഞ്ചു മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍, എന്‍ഐസി ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ ജിജി ജോര്‍ജ്, ഐടി സെല്‍ കോര്‍ഡിനേറ്റര്‍ അജിത് ശ്രീനിവാസ്, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലെ ഐടി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *