പത്തനംതിട്ട ജില്ലയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു;
കുടുംബാംഗങ്ങളിലേക്ക് രോഗവ്യാപനം
ഉണ്ടാകാതെ സൂക്ഷിക്കണം: ഡിഎംഒ
പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, പ്രതിദിന കേസുകളിലും വര്‍ധനയുണ്ടാകുന്ന പശ്ചാത്തലത്തില്‍ കുടുംബാംഗങ്ങളിലേക്കു രോഗവ്യാപനം ഉണ്ടാകാതെ എല്ലാവരും സൂക്ഷിക്കണമെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ നിര്‍ദേശിച്ചു. ദിവസവും ആയിരത്തിലധികം കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ദിവസേനയുള്ള മരണങ്ങളും കൂടുന്നു. ദിവസവും 10 മരണങ്ങള്‍ വരെ ഇപ്പോഴുണ്ട്.
കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ രോഗപ്പകര്‍ച്ചയും മരണങ്ങളും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനവും രോഗ തീവ്രതയും വളരെ കൂടുതലാണ്. ഇപ്പോഴത്തെ രോഗപ്പകര്‍ച്ചയില്‍ 50 ശതമാനത്തില്‍ അധികവും വീടുകളില്‍ നിന്നു തന്നെയാണ്. വീട്ടില്‍ ഒരാള്‍ രോഗബാധിതനായാല്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങളിലേക്കും രോഗവ്യാപനം ഉണ്ടാകുന്നു. ഇതു തടയാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:
1. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയരാകണം. രോഗം ഗുരുതരമാകുന്നതുവരെ പരിശോധനയ്ക്കായി കാത്തിരിക്കുന്നതും ഈ സമയത്ത് കുടുംബാഗങ്ങളുമായി ഇടപഴകുന്നതും അപകടകരമാണ്.
2. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരും പരിശോധന നടത്തി റിസള്‍ട്ടിനായി കാത്തിരിക്കുന്നവരും റൂം ക്വാറന്റൈനില്‍ ഇരിക്കണം.
3. ഈ കാലയളവില്‍ വീട്ടിലുള്ള എല്ലാവരും മാസ്‌ക് ഉപയോഗിക്കണം.
4. പരിശോധനയില്‍ കോവിഡ് ബാധിതനെന്നു തെളിഞ്ഞാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ടോയ്ലറ്റ് സൗകര്യമുള്ള ഒരു മുറിയില്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതെ കഴിയണം. ജനാലകള്‍ തുറന്നിട്ട് മുറിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. രോഗിക്ക് ഭക്ഷണം നല്‍കുന്ന വ്യക്തിയും മാസ്‌ക് ഉപയോഗിക്കുകയും, ശാരീരിക അകലം പാലിക്കുകയും വേണം.
5. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണികള്‍, മറ്റ് സാമഗ്രികള്‍ തുടങ്ങിയവ സ്വയം വൃത്തിയാക്കേണ്ടതാണ്. രോഗി ഉപയോഗിച്ച സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വയ്ക്കരുത്.
ആദ്യഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി കോവിഡ് രണ്ടാം ഘട്ടത്തില്‍ ചെറുപ്പക്കാരില്‍ രോഗബാധ വളരെ കൂടുതലായാണ് കാണപ്പെടുന്നത്. ആദ്യ നാളുകളില്‍ തന്നെ കിതപ്പും ശ്വാസം മുട്ടലും പോലെയുള്ള ഗുരുതരാവസ്ഥയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്നു. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്രദ്ധിക്കാതിരിക്കുന്നതും രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതും ഇത്തരക്കാരില്‍ ശരീരത്തില്‍ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞ് രോഗം ഗുരുതരമാകുന്നതിനു കാരണമാകും. ഇങ്ങനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന ചെറുപ്പകാരുടെ എണ്ണവും മരണവും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ജില്ലയിലെ ഗ്രാമീണ മേഖലകളിലും രോഗവ്യാപനം ഇപ്പോള്‍ കൂടുതലാണ്.
അനാവശ്യമായി പുറത്തിറങ്ങുന്നതും അയല്‍ വീടുകള്‍ സന്ദര്‍ശിക്കുന്നതും, ഇടവഴികളിലും മറ്റും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും ഒഴിവാക്കണം. എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഒരു സര്‍ജിക്കല്‍ മാസ്‌കും അതിന് മുകളില്‍ തുണി മാസ്‌കും ധരിക്കുന്നതു നല്ലതാണ്. ശാരീരിക അകലവും സാമൂഹിക അകലവും പാലിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. വീടുകളിലുള്ള പ്രായമായവരെയും കുട്ടികളെയും കൂടുതല്‍ ശ്രദ്ധിക്കണം. കുട്ടികളെ പുറത്തുകൊണ്ടുപോകുന്നതും മറ്റു വീടുകളില്‍ കളിക്കാന്‍ വിടുന്നതും ഒഴിവാക്കണം. കുട്ടികളില്‍ നിന്നും വീട്ടിലെ പ്രായമായവരിലേക്കു രോഗം ബാധിക്കുന്നതും ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയും, കരുതലും ഇനിയുള്ള ദിവസങ്ങളില്‍ അനിവാര്യമാണ്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുനിസിപ്പാലിറ്റി / പഞ്ചായത്തുകള്‍, പോസിറ്റീവ് കേസുകള്‍ എന്ന ക്രമത്തില്‍:
തിരുവല്ല മുനിസിപ്പാലിറ്റി – 636, പത്തനംതിട്ട മുനിസിപ്പാലിറ്റി -521, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് – 390, പന്തളം മുനിസിപ്പാലിറ്റി – 362, പ്രമാടം ഗ്രാമപഞ്ചാത്ത് – 330, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് – 321, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് – 303, കുന്നന്താനം ഗ്രാമ പഞ്ചായത്ത് – 287, അടൂര്‍ മുനിസിപ്പാലിറ്റി – 276, കോയിപ്രം ഗ്രാമ പഞ്ചായത്ത് – 276, ആനിക്കാട് ഗ്രാമപഞ്ചായത്ത് – 271, ആറന്മുള ഗ്രാമപഞ്ചായത്ത് – 260.
രോഗവ്യാപനം രൂക്ഷമായി തുടരുകയാണെങ്കില്‍ ജില്ലയില്‍ ഓക്സിജന്‍ സപ്പോര്‍ട്ട് ആവശ്യമുള്ള രോഗികളുടെയും ഐസിയു സംവിധാനങ്ങളെ ആശ്രയിക്കേണ്ട രോഗികളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാം. ഈ സാഹചര്യം ഒഴിവാക്കാന്‍ എല്ലാവരുടെയും സഹകരണം ഡിഎംഒ അഭ്യര്‍ഥിച്ചു.