രണ്ടാം തരംഗത്തില്‍ തുണയായി ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

 

 

 

പത്തനംതിട്ട ജില്ലയില്‍ 64 സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകളിലൂടെ ഗുരുതര ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് ഔഷധങ്ങള്‍ നല്‍കി വരുന്നു. ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് ഉള്ള അമൃതം പദ്ധതി, കോവിഡ് അനന്തര രോഗങ്ങള്‍ക്കുള്ള പുനര്‍ജ്ജനി പദ്ധതി എന്നിവ കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കാറ്റഗറി എ വിഭാഗത്തിലുള്ള കോവിഡ് രോഗികള്‍ക്ക് ഭേഷജം പദ്ധതിയും കഴിഞ്ഞ നവംബര്‍ മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ജില്ലയില്‍ അന്‍പതിനായിരത്തിലധികം രോഗികള്‍ നിലവില്‍ ഈ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആയിട്ടുണ്ട്.

കോവിഡ് മുക്തരായിട്ടുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുനര്‍ജ്ജനി പദ്ധതി എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാണ്. ഇതിനു പുറമേ 60 വയസിനു താഴെയുള്ളവര്‍ക്കായി സ്വാസ്ഥ്യം, 60 വയസിനു മുകളിലുള്ളവര്‍ക്കായി സുഖായുഷ്യം എന്നി പദ്ധതികളും ഉണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആയുര്‍വേദ വകുപ്പിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചിട്ടുമുണ്ട്.

ജീവാമൃതം – മാനസിക ആരോഗ്യ പദ്ധതി

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ര്‍ക്കും രോഗം മാറിയവര്‍ക്കും മാനസിക സമ്മര്‍ദ്ദം ഏറിവരുന്ന ഈ സാഹചര്യത്തില്‍ ഡോക്ടറുടെ സഹായം ലഭ്യമാക്കാന്‍ ഭാരതീയ ചികിത്സാ വകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ടെലി കൗണ്‍സിലിംങ് സംവിധാനം ഏര്‍പ്പെടുത്തി കഴിഞ്ഞു. 9447768336, 9446445872 എന്നീ നമ്പരുകളില്‍ ഈ സേവനം ലഭ്യമാണ്.

ആയുര്‍ ഹെല്‍പ്പ് ലൈന്‍ കോള്‍ സെന്റര്‍ നമ്പരുകള്‍

കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി നടത്തുന്ന ‘സേവ്’ കാമ്പയിനിന്റെ ഭാഗമായി ആയുര്‍ ഹെല്‍പ്പ് ലൈന്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചു വരുന്നു.
04735 -231900, 8921503564 എന്നീ നമ്പരുകളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാണ്. രോഗ പ്രതിരോധം, ചികിത്സ, കോവിഡാനന്തര ആരോഗ്യ പുനഃസ്ഥാപനം എന്നിവയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ലഭ്യമായ ആയുര്‍വേദ സേവനങ്ങള്‍, കോവിഡ് പ്രതിരോധത്തിലെ പൊതുനിര്‍ദ്ദേശം, വാക്‌സിന്‍ സംബന്ധിച്ച സംശയങ്ങള്‍ തുടങ്ങിയവയ്ക്കുള്ള വിദഗ്ധ ഉപദേശം എന്നിവ ലഭ്യമാണ്. ഭാരതീയ ചികിത്സാ വകുപ്പ് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്. ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിട്ടുള്ള ഹെല്‍പ്പ് ലൈന്‍ വഴി പ്രതിരോധ ഔഷധങ്ങളുടെ ലഭ്യത, ചികിത്സാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, ആഹാരം, വ്യായാമം തുടങ്ങിയവയെപ്പറ്റിയുള്ള അവബോധം, മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ടെലി കൗണ്‍സലിംങ് തുടങ്ങിയ സേവനങ്ങളും ലഭിക്കും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ – 7034940000

ആയുര്‍രക്ഷാ ക്ലിനിക്കുകള്‍

ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങള്‍ വഴിയും ഈ പദ്ധതി ലഭ്യമാണ്. ലക്ഷണങ്ങള്‍ കുറവായ രോഗികളെ ഗുരുതരമായ അടുത്ത ഘട്ടങ്ങളിലേക്കു കടക്കാതെ രക്ഷിക്കാന്‍ ഈ പദ്ധതി വഴി സാധിക്കും. കഴിഞ്ഞ എതാനും ദിവസങ്ങളായി രണ്ടായിരത്തോളം കോവിഡ് രോഗികള്‍ ചികിത്സ തേടി. ഇതിനു പുറമേ രോഗം മാറിയവരും ക്വാറന്റൈനില്‍ കഴിയുന്നവരും ധാരാളമായി ചികിത്സയ്ക്കായി സമീപിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ്.ശ്രീകുമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *