ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക്
മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചു
കാലം ചെയ്ത മാര്‍ത്തോമ്മ സഭാ മുന്‍ അധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വലിയ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി വച്ച തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ എത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്.
വലിയ അപൂര്‍വതകള്‍ നിറഞ്ഞ ഒരു മഹത് വ്യക്തിത്വം ആയിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്ന് അനുശോചന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എപ്പോഴും നാട്ടിലെ പാവപ്പെട്ടവര്‍, അശരണര്‍ എന്നിവരെ കുറിച്ചായിരുന്നു വലിയ തിരുമേനിയുടെ ചിന്തകള്‍. ആ ചിന്തകളിലൂടെ അവരെ സഹായിക്കാന്‍ ഒട്ടേരെ പരിപാടികള്‍ അദ്ദേഹം ചെയ്തു. അത്തരമൊരു പരിപാടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ കലവറയില്ലാത്ത സ്നേഹവും പിന്തുണയുമായിരുന്നു അദ്ദേഹം നല്‍കിയിരുന്നത്. ലൈഫ് മിഷന്‍ പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ അദ്ദേഹം മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചു. 103 വയസു വരെ ജീവിക്കുകയെന്നതും ഒരു അപൂര്‍വതയാണ്. ജീവിച്ച കാലം മുഴുകെ സമൂഹത്തില്‍ തന്റേതായ വ്യക്തിമുദ്ര സ്ഥപിച്ചു. സ്വതസിദ്ധമായ നര്‍മ്മത്തിനൊപ്പം, സമൂഹത്തിനാകെ സന്ദേശം പകരുന്ന ഒട്ടേറെ കാര്യങ്ങളാണു ജീവിതത്തിലുടനീളം നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷ കാലത്തില്‍ വലിയ പിന്തുണയാണു നല്‍കിയത്. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ത്തോമ്മ സഭാ അധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ അഡ്വ.മാത്യു ടി തോമസ്, വീണാ ജോര്‍ജ്, കെ.എന്‍. ബാലഗോപാല്‍, വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, കെഎസ്ഇഡബ്ല്യു ഡബ്ല്യുഎഫ്ബി ചെയര്‍മാന്‍ കെ. അനന്തഗോപന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അഡ്വ.ആര്‍.സനല്‍കുമാര്‍, മറ്റ് എപ്പിസ്‌ക്കോപ്പമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.