അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും ഈ സമയത്ത് തുറന്നുപ്രവർത്തിക്കാം. പൊതുഗതാഗതം പൂർണമായും നിർത്തിവെക്കും. അന്തർജില്ലാ യാത്രകൾക്കും വിലക്കുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും.

പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ല. അവശ്യ സർവീസിലുള്ള ഓഫീസുകൾക്ക് മാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകൂ. റേഷൻ കടകളടക്കം ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി വിൽക്കുന്ന കടകൾ, പാൽ, ഇറച്ചി, മീൻ തുടങ്ങിയവ വിൽക്കുന്ന കടകൾ, കാലിത്തീറ്റ വിൽക്കുന്ന കടകൾ എന്നിവയെയൊക്കെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകൾ, മറ്റ് ധനാകാര്യ സ്ഥാപനങ്ങൾ എന്നിവ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയേ പ്രവർത്തിക്കാവൂ. ഏറ്റവും കുറഞ്ഞ സ്റ്റാഫുമായി രണ്ട് മണി വരെയും പ്രവർത്തിക്കാം.

അച്ചടി, ദൃശ്യമാധ്യമങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി. കേബിൾ, ടെലികമ്മ്യൂണിക്കേഷൻസ്, ഔഷധ മേഖല, പെട്രോൾ പമ്പുകൾ, എൽപിജി, വൈദ്യുതോത്പാദന, വിതരണ മേഖലകൾ എന്നിവകൾക്ക് പ്രവർത്തിക്കാം. അവശ്യ സാധനങ്ങൾ ഉത്പാദിപ്പിക്കുന്ന വ്യാവസായ മേഖലകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളും ഹോം സ്റ്റേയും അനുവദിക്കില്ല.

നിർമ്മാണ മേഖലയും മെയിൻ്റനൻസും ആവാം. പരമാവധി അഞ്ച് പേരെ ഉൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയും ആവാം.

Leave a Reply

Your email address will not be published. Required fields are marked *