സമ്പൂര്‍ണ ലോക്ക് ഡൗണിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, പ്രതിരോധത്തിന്റെ ഭാഗമെന്നോണം ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ തങ്ങണമെന്നും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വീട്ടിലെ ഒരംഗം പുറത്തുപോയി വരണമെന്നും കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആര്‍ക്കും തടസമില്ല. അതേസമയം ജില്ലയില്‍ ബാരിക്കേഡുകള്‍ വച്ചുള്ള പരിശോധന പോലീസ് ശക്തമാക്കി. ഒരു തരത്തിലുമുള്ള ലംഘനങ്ങളും അനുവദിക്കില്ല. ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2005 ലെ ദുരന്ത നിവാരണ നിയമം, 2020 ലെ പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ പീനല്‍ കോഡ് എന്നീ നിയമങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് തുടരും.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട ഉത്തരവിലെ നിബന്ധനകളില്‍ പറയും പ്രകാരമുള്ള അവശ്യസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളും ഓഫീസുകളും തടസമില്ലാതെ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മറ്റും രാത്രി 7.30 ന് അടക്കുന്നത് ഉറപ്പാക്കും. വിവിധ വകുപ്പ് ജീവനക്കാര്‍, അവശ്യസേവനങ്ങള്‍ നല്‍കുന്ന സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് യാത്ര ചെയ്യാം. കോവിഡ് വാക്‌സിനേഷന് പോകുന്നവര്‍ രജിസ്റ്റര്‍ ചെയ്ത രേഖ കാണിക്കണം, മറ്റ് സംസ്ഥാനങ്ങളിലേക്കും, രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ കാണിക്കേണ്ടതാണ്. അന്തര്‍ സംസ്ഥാന ചരക്കു ഗതാഗതത്തിനും തടസമില്ല. ഇവരും, വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയില്‍ പങ്കെടുക്കുന്നവരും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
ടാക്‌സികളും ഓട്ടോകളും അടിയന്തര ആശുപത്രി യാത്രയ്ക്കും, വിമാന, ട്രെയിന്‍ യാത്രികരെ കൊണ്ടുപോകാനും ഉപയോഗിക്കാം. ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരുത്തരത്തിലുമുള്ള കൂട്ടായ്മകളും അനുവദിക്കില്ല, അനാവശ്യമായി വീടുകള്‍ക്ക് പുറത്തിറങ്ങുന്നവര്‍ക്കെതിരെയും ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമ നടപടികള്‍ തുടരും. എല്ലാവരും ഇരട്ട മാസ്‌ക് ധരിക്കേണ്ടതാണ്. സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്താത്തതോ സാമൂഹിക അകലം പാലിക്കാത്തതോ സന്ദര്‍ശകരുടെ ലിസ്റ്റ് പ്രദര്‍ശിപ്പിക്കാത്തതോ ആയ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടര്‍ന്നുമുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്കായി
പോലീസ് കണ്‍ട്രോള്‍ റൂം
കോവിഡ് വ്യാപനവും ലോക്ക് ഡൗണുമെല്ലാം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും അരക്ഷിതാവസ്ഥയിലായതും അതിഥി തൊഴിലാളികളാണെന്നും അതിനാല്‍ തന്നെ അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. ഇതിനായി ജില്ലാ പോലീസ് ഓഫീസിനോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനും കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താം.
9497908090 എന്ന നമ്പറില്‍ വിളിച്ച് പ്രശ്‌നങ്ങള്‍ അറിയിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ മുഖാന്തിരം പോലീസ് അതിന് പരിഹാരം കണ്ടെത്തുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.