റാന്നിയില്‍ എം എല്‍ എയുടെ നേതൃതത്തില്‍ ഹെല്‍പ്പ് ഡെസ്ക്ക്

 

റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോവിഡിനോട് അനുബന്ധിച്ച് വാര്‍ റൂമുകള്‍, ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ തീരുമാനമായതായി നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിവിധ പഞ്ചായത്തുകളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനമായത്.

ചികിത്സ അവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യങ്ങള്‍ക്കും അടിയന്തര സേവനം ജനങ്ങള്‍ക്ക് ഹെല്‍പ്പ് ഡസ്‌ക്ക് വഴി എത്തിച്ചു നല്‍കുക എന്നതാണ് മറ്റൊരു ഉദ്ദേശം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും പൊലീസും പ്രത്യേകം ശ്രദ്ധിക്കണം.

വാക്‌സിനേഷനു നല്‍കുന്ന സമയത്തിനു മുമ്പായി ആരും വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്താതിരിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ പള്‍സ് ഓക്‌സിലറേറ്ററുകര്‍ കരുതുന്നതിനും നിര്‍ദ്ദേശം നല്‍കി. കോവിഡ് രോഗികള്‍ക്കു ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും അദ്ദേഹം പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

പഞ്ചായത്തുകള്‍ തോറും കോവിഡ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വോളണ്ടിയര്‍മാരെ സജ്ജമാക്കണം. ഇതിന് വിവിധ യുവജന സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുമെന്നും പ്രമോദ് നാരായണ്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് മോഹനന്‍, മനോജ് ചരളേല്‍, അനിതാ കുറുപ്പ്, ബിനു വര്‍ഗീസ്, ലതാ മോഹന്‍, ശോഭാ ചാര്‍ളി, ശോഭ മാത്യു, വൈസ് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *